ADVERTISEMENT

പുതിയ മണിമുഴക്കത്തിനു കാതോർക്കുകയാണ് ബിഎസ്എൻഎൽ. നാളെ മുതൽ മാറ്റത്തിനുള്ള ചുവടുവയ്പിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യയുടെ ഔദ്യോഗിക ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ.  ഒന്നര ലക്ഷത്തിലധികം ജീവനക്കാരിൽ പകുതിയിലേറെപ്പേർ ഇന്നു സ്വയം വിരമിക്കുകയാണ്. തൊഴിലിൽനിന്നു സ്വയം വിടുതൽ തേടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിരമിക്കലിനാണ് ഇന്നു രാജ്യം സാക്ഷ്യം വഹിക്കുക. 

ജോലിയും സേവനങ്ങളും പുനഃക്രമീകരിച്ചും ചിലത് പുറംകരാർ നൽകിയും പുനരുജ്ജീവനത്തിനുള്ള മാർഗങ്ങൾ തേടുകയാണ് ബിഎസ്എൻഎൽ. വരുമാനത്തിലേറെ ചെലവും ജീവനക്കാരുടെ ആധിക്യവും സർക്കാർ നയങ്ങളിലെ പോരായ്മയും മൂലം 10 വർഷത്തോളമായി നഷ്ടത്തിന്റെ കണക്കു പുസ്തകമാണ് ബിഎസ്എൻഎല്ലിനുള്ളത്.  അടച്ചുപൂട്ടലിന്റെ വക്കിൽനിന്ന്, ഏറെ ആലോചനകൾക്കൊടുവിലാണ് ജീവനക്കാർക്ക് സ്വയം വിരമിക്കൽ പ്രഖ്യാപിച്ച് കമ്പനിയെ രക്ഷപ്പെടുത്താനുള്ള പരീക്ഷണത്തിന് കേന്ദ്രസർക്കാർ തയാറായത്. ഇതിനായി 70,000 കോടി രൂപയുടെ പാക്കേജും അനുവദിച്ചു. 

മൊബൈൽ സേവനങ്ങൾ മെച്ചപ്പെടുത്തിയും അടിസ്ഥാന മേഖലയായ ലാൻഡ്ഫോൺ, ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കുള്ള സേവനങ്ങളിൽ  മാറ്റങ്ങൾ വരുത്തിയുമാണ് പുനരുജ്ജീവന പദ്ധതി നടപ്പാക്കുക.  കൈവശമുള്ള അധിക നിഷ്ക്രിയ ആസ്തികൾ വരുമാനമാക്കിയും  പുനരുപയോഗിച്ചും വരുമാനം കണ്ടെത്താനും നീക്കമുണ്ട്. മുംബൈ, ന്യൂഡൽഹി നഗരങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനിയായ മഹാനഗർ ടെലികോം ലിമിറ്റഡിനെയും (എംടിഎൻഎൽ) ഉൾപ്പെടുത്തിയാണ് വിആർഎസ് പദ്ധതി.

എവിടെ പാക്കേജ്?

രക്ഷാപാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച സാമ്പത്തിക പരിഹാര നടപടികൾ ഇനിയും ഫലപ്രദമായി നടപ്പാക്കാത്തതിൽ ജീവനക്കാർക്ക് ആശങ്കയുണ്ട്. 3000 കോടിയുടെ വായ്പ കിട്ടാത്തതും 14000 കോടിയുടെ കടപ്പത്രം വൈകുന്നതും ആശങ്കയ്ക്കു കാരണമാവുന്നു. ഡിസംബർ മാസത്തെ ശമ്പളം  ഇതുവരെ നൽകാൻ സാധിക്കാത്തതു  ജീവനക്കാരെ വലയ്ക്കുന്നുണ്ട്. ശമ്പളം ഇന്നു നൽകുമെന്നാണു ബിഎസ്എൻഎൽ  ചെയർമാനും  മാനേജിങ്  ഡയറക്ടറുമായ  പി.കെ. പർവർ അറിയിച്ചിരുന്നതെങ്കിലും  ബാങ്ക് വായ്പ വൈകുന്നതാണു  തടസ്സമെന്നാണ് അറിയുന്നത്. 

ഇതര വരുമാനം  ഉറപ്പാക്കും 

രാജ്യത്താകെ  ചെറുതും വലുതുമായ 35000 ൽ പരം ടെലിഫോൺ എക്സ്ചേഞ്ചുകളാണ് ബിഎസ് എൻഎല്ലിനുള്ളത്. ഇവയിൽ ഏറെയും  സ്വന്തം ഭൂമിയും കെട്ടിടവുമാണ്. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തോടെ പഴയ കൂറ്റൻ എക്സ്ചേഞ്ച് എന്ന സങ്കൽപം ഇല്ലാതായി. നേരത്തെ ആവശ്യമായിരുന്ന സ്ഥലത്തിന്റെ പകുതി പോലും സ്ഥലം ആവശ്യമില്ലാതായതോടെ ഈ സ്ഥലങ്ങൾ വെറുതെ കിടക്കുകയാണ്. ഈ നിഷ്ക്രിയ ആസ്തി  വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്തുക എന്നാണ് നീക്കം.

കെട്ടിടങ്ങളിലെ അധിക സ്ഥലം വാടകയ്ക്കു നൽകുക എന്നതാണ് ഇപ്പോൾ പ്രധാനമായും പരിഗണനയിലുള്ളത്. ഇതിനുള്ള കണക്കെടുപ്പുകളും ആളെ കണ്ടെത്തുന്ന ജോലിയും പുരോഗമിക്കുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ അധിക സ്ഥലം വിൽക്കാനും ശ്രമം ഉണ്ട്. ഇങ്ങനെ 38000 കോടി കണ്ടെത്താമെന്നാണ് വിആർഎസ് മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തൽ. കേരളത്തിൽ മാത്രം 2,45,000 ചതുരശ്രമീറ്റർ കെട്ടിടം വാടകയ്ക്കു നൽകാൻ കണ്ടെത്തിയിട്ടുണ്ട്.  കൈവശമുള്ള സ്ഥലം വിറ്റഴിച്ച് 300 കോടി രൂപ ഈ സാമ്പത്തിക വർഷം തന്നെ കണ്ടെത്താനും നടപടിയാരംഭിച്ചിട്ടുണ്ട്. സിബിഎസ്ഇ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായാണു ചർച്ച. 

വിആർഎസ് എടുത്തവരെ  ഉപയോഗിക്കുമോ

കരാർ ജോലിക്കാരായി ഇവരെ വീണ്ടും എടുക്കാനുള്ള സാധ്യതകൾ തേടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. എന്നാൽ പുതിയ കണക്ഷൻ, സിം വിതരണം, റീചാർജിങ് സൗകര്യം എന്നിവയ്ക്കുള്ള കോമൺ സർവീസ് സെന്ററുകൾ(സിഎസ്‌സി) ഇവർക്കു കൈമാറാൻ തീരുമാനമായിട്ടുണ്ട്. പ്രത്യേക ചട്ടങ്ങളും നിയന്ത്രണങ്ങളുമില്ലാതെ ഇവർക്ക് ഇതു കൈമാറും. ബിഎസ്എൻഎൽ റിട്ടേർഡ് എംപ്ലോയീ അസോസിയേറ്റ് ഡിസ്‌ട്രിബ്യൂട്ടർ സെയിൽസ്(ബ്രഡ്സ്) എന്ന ചട്ടം ഇതിനായി പരിഷ്കരിച്ചു. 

മൊബൈൽ വരിക്കാർ 11.7 കോടി

ഏറ്റവും ഒടുവിൽ ലാഭം നേടിയ 2008–09 ൽ 2.8 കോടി ലാൻഡ് ലൈൻ ഉപയോക്താക്കളാണ് ബിഎസ്എൻഎല്ലിനു രാജ്യത്തുണ്ടായിരുന്നത്. 5.72 കോടി മൊബൈൽ വരിക്കാരും 47.3 ലക്ഷം ബ്രോഡ്ബാൻഡ് കണക്‌ഷനും. 10 വർഷം പിന്നിട്ട് 2019 സെപ്റ്റംബറിൽ ട്രായ് പുറത്തുവിട്ട കണക്കനുസരിച്ച് മൊബൈൽ വരിക്കാരുടെ എണ്ണം 11,69,72,029 ആയി കൂടി. എന്നാൽ ഈ കാലത്തിനിടെ സ്വകാര്യ കമ്പനികൾ മൊത്തം മൊബൈൽ കണക്ഷന്റെ 85 ശതമാനത്തിലധികം സ്വന്തമാക്കി. റിലയൻസ് ജിയോയുടെ വരവ് സ്വകാര്യ കമ്പനികൾ തമ്മിലുള്ള മത്സരം രൂക്ഷമാക്കിയപ്പോഴും തനതു വരിക്കാരെ ബിഎസ്എൻഎല്ലിനു നഷ്ടമായില്ല.     

ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ ഏതാനും മാസമായി മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ നേട്ടം  ജിയോക്കും ബിഎസ്എൻഎല്ലിനും മാത്രമാണ്. സെപ്റ്റംബറിൽ 7.35  ലക്ഷം വരിക്കാരെയാണ് ബിഎസ്എൻഎല്ലിനു പുതുതായി കിട്ടിയത്.  ലാൻഡ് ഫോൺ വരിക്കാരുടെ എണ്ണം വൻതോതിൽ കുറഞ്ഞ് 10,129,492 ആയി. മറ്റു കമ്പനികൾ ലാൻഡ്‌ലൈൻ രംഗത്ത് എത്തിയെങ്കിലും ആധിപത്യം ബിഎസ്എൻഎല്ലിനു തന്നെ.

English Summary: Mass VRS from BSNL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com