ADVERTISEMENT

കൊച്ചി ∙ സമുദ്രോൽപന്നങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങൾക്കായിരിക്കും സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) അടുത്ത ഊന്നൽ നൽകുകയെന്ന് ചെയർമാൻ കെ.എസ്. ശ്രീനിവാസ് പറഞ്ഞു. എംപിഇഡിഎ ലക്ഷ്യമിടുന്ന ‘വിഷൻ 2030’ പദ്ധതിയിൽ മൂല്യവർധിത ഉൽപന്നങ്ങൾക്കായിരിക്കും പ്രത്യേക പ്രാധാന്യമെന്നും മനോരമയോട് അദ്ദേഹം പറഞ്ഞു.

സംസ്കരിച്ച സമുദ്രോൽപന്നങ്ങൾ സംരംഭകനു നൽകുന്നതിന്റെ ഇരട്ടി ലാഭം മൂല്യവർധിത ഉൽപന്നങ്ങൾ നൽകും. ഇന്ത്യയുടെ കയറ്റുമതി അതിന്റെ പരാമവധി ഉയരത്തിലെത്തിക്കഴിഞ്ഞു. ഇനിയും കൂടുതൽ കയറ്റുമതി സംസ്കരിച്ച ഉൽപന്നങ്ങളിലൂടെ നേടുന്നതിലുപരി മൂല്യവർധിത ഉൽപന്നങ്ങളിലുടെ നേടാനാണ് സംരംഭകരും കർഷകരും ലക്ഷ്യമിടേണ്ടത്. മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതിരംഗത്ത് കൂടുതൽ ശ്രദ്ധ നൽകേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയം സമുദ്രോൽപന്ന കയറ്റുമതിക്കാരുടെ പ്രത്യേക യോഗം 14ന് ഡൽഹിയിൽ നടത്തുന്നുണ്ട്. 

2 വർഷത്തേക്ക് സൂക്ഷിക്കാൻ പാകത്തിൽ സമുദ്രോൽപന്നങ്ങൾ സംസ്കരിച്ചു കയറ്റുമതി ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രവർത്തനം. മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റി ഈ മേഖലയിലെ പുതുതലമുറ നേട്ടം കൈവരിക്കുന്നതാവട്ടെ 20ൽ താഴെ കമ്പനികൾ മാത്രമാണ്. അതേസമയം പല വിദേശരാജ്യങ്ങളും ഈ രംഗത്ത് വൻനേട്ടം കൊയ്യുകയാണ്. റെഡി ടു ഈറ്റ്, റെഡി ടു കുക്ക് തുടങ്ങിയ രീതിയിൽ സമുദ്രോൽപന്നങ്ങൾ മൂല്യവർധിതരീതിയിലേക്ക് മാറ്റിയാൽ നമുക്കും ലാഭം കൊയ്യാനാകും. നിലവിലുള്ള കമ്പനികൾക്ക് കൂടുതൽ മുതൽമുടക്കും വിദഗ്ധരായ മനുഷ്യവിഭവശേഷിയുമാണ് ഇതിനാവശ്യം. 5 കോടി രൂപ വരെ ധനസഹായവും തൊഴിലാളികളെ വിദഗ്ധരാക്കാൻ പരിശീലനവും എംപിഇഡിഎ നൽകിവരുന്നു. 

sreenivas
കെ.എസ്. ശ്രീനിവാസ്

മൂല്യവർധിത ഉൽപന്നങ്ങളുടെ 50 യൂണിറ്റെങ്കിലും ഇന്ത്യയിലുണ്ടാകണം. മൂല്യവർധിത സമുദ്രോൽപന്ന യൂണിറ്റൊന്ന് സ്ഥാപിക്കാൻ 30 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. നിലവിലുള്ള സമുദ്രോൽപന്ന കയറ്റുമതി യൂണിറ്റ് മൂല്യവർധിത ഉൽപന്നങ്ങൾകൂടി തയാറാക്കുന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ 10 കോടി രൂപയും ചെലവ് കണക്കാക്കുന്നു. ഇന്ത്യയിൽ അടുത്ത 5 വർഷത്തേക്ക് മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനത്തിനായി 6,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനപ്രവർത്തനങ്ങൾ ആവശ്യമാണെന്നും എംപിഇഡിഎ കണക്കാക്കുന്നു.

കൊറോണ ഭീതിയുടെ പേരിൽ ഇന്ത്യയിൽനിന്ന് ചൈനയിലേക്കുള്ള സമുദ്രോൽപന്നകയറ്റുമതിയിൽ തടസ്സം നേരിട്ടിട്ടില്ലെന്ന് എംപിഇഡിഎ ചെയർമാൻ പറഞ്ഞു. 250 കമ്പനികൾ ചൈനയിലേക്ക് സമുദ്രോൽപന്നങ്ങൾ കയറ്റി അയയ്ക്കുന്നുണ്ട്. അവർക്കാർക്കും തടസ്സം നേരിട്ടിട്ടില്ല. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com