ADVERTISEMENT

ന്യൂഡൽഹി ∙ ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനത്തിലെ നഷ്ടപരിഹാരത്തുകയുടെ പേരിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളും തമ്മിൽ പുതിയ പോരിന് കളമൊരുങ്ങുന്നു. പിരിഞ്ഞുകിട്ടുന്ന സെസ് മാത്രമേ നഷ്ടപരിഹാരമായി നൽകുകയുള്ളുവെന്ന കേന്ദ്ര തീരുമാനമാണ് തർക്കമാകുന്നത്. പുതിയ നികുതി സംവിധാനം മൂലമുള്ള നഷ്ടം നികത്താൻ2022വരെ കേന്ദ്രം സംസ്ഥാനങ്ങൾക്കു പണം നൽകണമെന്നാണ് വ്യവസ്ഥ. ഇനി സെസിൽനിന്നു ലഭിക്കുന്ന തുക മാത്രമേ നൽകുകയുള്ളുവെന്ന് കഴിഞ്ഞ 1ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രിയാണ് വ്യക്തമാക്കിയത്. ഈ തീരുമാനത്തെ കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളും ചോദ്യം ചെയ്യുന്നതിനു പല കാരണങ്ങളുണ്ട്:

∙ സെസ് മാത്രമേ നഷ്ടപരിഹാരമായി നൽകൂ എന്ന് ഏകപക്ഷീമായി തീരുമാനിക്കാൻ കേന്ദ്രത്തിന് അധികാരമില്ല

∙ നഷ്ടപരിഹാരത്തിന് രൂപീകരിക്കുന്ന നിധിയിലെ ഒരു ഘടകമാണ് സെസ്. ഫണ്ടിലേക്കു പണം വരുന്നതിനുള്ള മറ്റു മാർഗങ്ങൾ ജിഎസ്ടി കൗൺസിലിനു തീരുമാനിക്കാമെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ട്. 

∙ സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിൽ 14% വളർച്ചയെന്നു കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്.അതിൽ കുറവെങ്കിൽ, അതിലെ വ്യത്യാസമാണ് നഷ്ടപരിഹാരമായി നൽകുന്നത്. അത് സംസ്ഥാനങ്ങളുടെ അവകാശമാണ്. 

∙ നഷ്ടപരിഹാര വിഷയത്തിനായി ജിഎസ്ടി കൗൺസിലിൽ മന്ത്രിമാരുടെ സമിതിയുണ്ട്. െസസ് മാത്രംകൊണ്ട് സംസ്ഥാനങ്ങൾ തൃപ്തിപ്പെടണമെന്നുണ്ടെങ്കിൽ അതു കൗൺസിലിന്റെ തീരുമാനമാവണം. 

കേന്ദ്രത്തിന്റെ നിലപാട് 

നൽകേണ്ട നഷ്ടപരിഹാരവും സെസ് വരുമാനവും തമ്മിൽ വലിയ വ്യത്യാസം വരുന്നതാണ് ഏകപക്ഷീയ നിലപാടിനു കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നാണ് ധനമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ ബാധ്യതയെന്ന മട്ടിൽ നഷ്ടപരിഹാരം അവതരിപ്പിക്കപ്പെടുന്നു. നികുതി പിരിവ് ലക്ഷ്യം കാണുന്നില്ല. ആനുപാതികമായി സെസ് വരുമാനവും കുറയുന്നു. അപ്പോൾ, നഷ്ടപരിഹാരം പൂർണതോതിൽ ലഭിക്കണമെങ്കിൽ സംസ്ഥാനങ്ങൾ നികുതി പിരിവ് മെച്ചപ്പെടുത്തണമെന്ന നിർദ്ദേശമാണ് ബജറ്റിലെ പ്രഖ്യാപനത്തിലൂടെ നൽകുന്നതെന്നും മന്ത്രാലയവൃത്തങ്ങൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com