ADVERTISEMENT

കൊച്ചി ∙ ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൽ ബാങ്കിങ് മേഖലയിൽ തൊഴിലവസരം ലഭിക്കുക അര ലക്ഷത്തോളം പേർക്ക്. ഒരു വർഷത്തിനകം പതിനയ്യായിരത്തോളം ഗ്രാമങ്ങളിൽ ശാഖകൾ ആരംഭിക്കണമെന്നു കേന്ദ്ര ധന മന്ത്രാലയം വിവിധ ബാങ്കുകൾക്കു നൽകിയ നിർദേശത്തിന്റെ അടിസ്‌ഥാനത്തിലാണു തൊഴിലവസര വർധന കണക്കാക്കുന്നത്. ഗ്രാമീണ ശാഖകളുടെ കുറവു പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു നിർദേശം. ഏതൊക്കെ സ്‌ഥലങ്ങളിൽ ശാഖകൾ ആരംഭിക്കണം എന്നുപോലും നിർദേശിക്കപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും ബാങ്കുകൾക്കു നിർദേശെ ബാധകമാണ്.

ഗ്രാമീണർക്കു കുറഞ്ഞ ചെലവിൽ വായ്‌പ ലഭ്യമാക്കുകയാണ് ലക്ഷ്യം. ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലുള്ളവർക്കു കൊള്ളപ്പലിശക്കാരാണ് ഇപ്പോൾ ആശ്രയം.ഏറ്റവും കൂടുതൽ ശാഖകൾ തുറക്കേണ്ടിവരിക സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കായിരിക്കും: ഏകദേശം 1500 ശാഖകൾ. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷനൽ ബാങ്ക്, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയവയ്‌ക്കും ഗണ്യമായ തോതിൽ ശാഖകൾ ആരംഭിക്കേണ്ടിവരും. സ്വകാര്യ മേഖലയിലെ മുൻനിര ബാങ്കുകൾക്ക് അഞ്ഞൂറിലേറെ ശാഖകൾ വീതമാണു തുറക്കേണ്ടിവരിക.

ലാഭക്ഷമതയെ ബാധിക്കും: ബാങ്കർമാർ

കേന്ദ്ര നിർദേശം നടപ്പാക്കുന്നതു ബാങ്കുകളുടെ ലാഭക്ഷമതയെ തൽക്കാലത്തേക്കെങ്കിലും ബാധിച്ചേക്കുമെന്നു ബാങ്കർമാർക്ക് ആശങ്ക. ശാഖയുടെ പ്രവർത്തനം ലാഭവും നഷ്‌ടവുമില്ലാത്ത നിലയിലെത്താൻതന്നെ നാലു വർഷത്തോളം വേണ്ടിവരുമെന്ന് അവർ പറയുന്നു. 8000 അക്കൗണ്ടുകളെങ്കിലുമില്ലെങ്കിൽ ശാഖയുടെ പ്രവർത്തനം ലാഭകരമാകുകയുമില്ലത്രേ. പല ഗ്രാമങ്ങളിലെയും ജനസംഖ്യ പതിനായിരത്തിൽ താഴെയാണെന്നിരിക്കെ ഇത്രയും അക്കൗണ്ടുകൾ നേടുക പ്രയാസമാണെന്നാണ് വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com