തൊഴിലില്ലാപ്പട വളരുന്നു

representative image
SHARE

ന്യൂഡൽഹി∙ വിവിധ പദ്ധതികളുണ്ടായിട്ടും രാജ്യത്ത് തൊഴിലില്ലായ്മയിൽ വർധനയുണ്ടായതായി കേന്ദ്രസർക്കാർ കണക്കുകൾ. 2011–12 കാലത്ത് 2.2% ആയിരുന്ന തൊഴിലില്ലായ്മ നിരക്ക് 2017–18ലെ പീരിയോഡിക് ലേബർ സർവേയിൽ 6.1% ആയി വർധിച്ചതായി തൊഴിൽമന്ത്രി സന്തോഷ് ഗാങ്‍വർ പാർലമെന്റിൽ എ.എം. ആരിഫ് അടക്കം വിവിധ അംഗങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി അവതരിപ്പിച്ച കണക്കുകളിൽ വ്യക്തമാക്കി. 

40 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുള്ളതെന്ന് കണ്ടെത്തിയ കഴിഞ്ഞ വർഷത്തെ എൻഎസ്ഒ സർവേ കേന്ദ്രസർക്കാർ പുറത്തു വിട്ടിരുന്നില്ല.  കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനം ആയിരുന്നത് ഈ കാലയളവിൽ 11.4% ആയി വർധിച്ചതായും കണക്കുകളിൽ പറയുന്നു. 2017 ഡിസംബർ വരെ 35 ലക്ഷം പേരാണ് കേരളത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തത്. 

2017–18 സർവേ പ്രകാരം ബിരുദ, ബിരുദാനന്തര–പിഎച്ച്ഡി മേഖലകളിലെ തൊഴിലില്ലായ്മ യഥാക്രമം 17.2%, 14.6% എന്നിങ്ങനെയാണ്. സ്വകാര്യമേഖലയിൽ വലിയ രീതിയിൽ തൊഴിൽ നഷ്ടമുണ്ടാവുന്നതായും കണക്കുകൾ പറയുന്നു. 2016ൽ എല്ലാ മേഖലകളിലുമായി 4200 പേർക്കു തൊഴിൽ നഷ്ടപ്പെട്ടു. ഇതിൽ 3030 പേർ സ്വകാര്യമേഖലയിലാണ്. 2017ൽ 6449 പേർക്കു തൊഴിൽ നഷ്ടപ്പെട്ടതിൽ 5072 പേർ സ്വകാര്യ മേഖലയിൽ നിന്നാണ്. 2018ൽ 3688 പേർക്കു ജോലി നഷ്ടപ്പെട്ടതിൽ 2360 പേർ സ്വകാര്യമേഖലയിലാണ്. 2019ൽ 3378 പേർക്കു ജോലി പോയതിൽ 2284 പേരും സ്വകാര്യമേഖലയിൽ നിന്നാണ്. 

മുൻവർഷങ്ങളിലേക്കാൾ കൂടുതൽ വിശാലമായ സാംപിളുകളെടുത്താണ് ഇപ്പോൾ സർവേ നടത്തുന്നതെന്നും അതിനാൽ കണക്കുകളിലെ വ്യത്യാസം കാര്യമാക്കേണ്ടതില്ലെന്നുമാണ് തൊഴിലില്ലായ്മ കൂടിയതിനു മറുപടിയായി മന്ത്രി വിശദീകരിച്ചത്. വിവിധ പദ്ധതികളിലായി കൂടുതൽ തൊഴിലവസരങ്ങൾ സർക്കാർ ഒരുക്കുന്നുണ്ട്. അംഗീകൃത മേഖലയിൽ 19.2% തൊഴിലാളികളും അസംഘടിത മേഖലയിൽ 8.8% തൊഴിലാളികളുമാണ് 2017–18ലെ സർവേ പ്രകാരം ഉള്ളത്. അതിനു ശേഷം സർവേ നടത്തിയിട്ടില്ല.

പദ്ധതികളേറെ

തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ വിവിധ പദ്ധതികൾ കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി തൊഴിൽ അവസര പദ്ധതി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശൽ യോജന, ദീൻദയാൽ അന്ത്യോദയ യോജന– ദേശീയ അർബൻ ലൈവ്‍ലി ഹുഡ് മിഷൻ തുടങ്ങിയവയാണ് അവ. പ്രധാനമന്ത്രി തൊഴിൽ അവസര പദ്ധതികളിൽ 2016–17 മുതൽ ’19–20 വരെ 15,94,278 തൊഴിലുകൾ നൽകി. തൊഴിലുറപ്പു പദ്ധതിയിൽ ഇതേകാലത്ത് 945 തൊഴിൽ ദിനങ്ങളുണ്ടായി. ഗ്രാമീണ കൗശല്യ യോജനയിൽ 4,70,034 പേർക്കു തൊഴിൽ നൽകി. അന്ത്യോദയ യോജനയിൽ 4,89,626 പേർക്കു തൊഴിൽ നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA