ബിഎസ്–4 വാഹനങ്ങൾ മാർച്ച് 31നുശേഷം വിൽക്കാനാകില്ല

Supreme Court of India
SHARE

ന്യൂഡൽഹി∙ ഭാരത് സ്റ്റേജ്–4 (ബിഎസ–4) വാഹനങ്ങൾ രാജ്യത്ത് വിൽക്കുന്നതിനുള്ള അവസാന തീയതി ഈ വർഷം മാർച്ച് 31ൽനിന്നു നീട്ടണമെന്ന ഹർജി സുപ്രീംകോടതി തള്ളി. 2018 ഒക്ടോബറിലാണ് കോടതി അവസാന തീയതി നിശ്ചയിച്ചു വിധി പുറപ്പെടുവിച്ചത്. വാഹനമലിനീകരണത്തോത് നിയന്ത്രിക്കുന്നതിനുള്ള നിബന്ധനകളാണ് ഭാരത് സ്റ്റേജ് ചട്ടങ്ങളിലൂടെ സർക്കാർ നിശ്ചയിക്കുന്നത്. 2017 ഏപ്രിലിലാണ് ഭാരത് സ്റ്റേജ്–4 നിലവിൽ വന്നത്. ഇതിനു ശേഷം സ്റ്റേജ്–5 ഉണ്ടാകില്ലെന്നും നേരിട്ട് സ്റ്റേജ്–6ലേക്കു കടക്കുമെന്നും കേന്ദ്രസർക്കാർ 2016ൽ പ്രഖ്യാപിച്ചിരുന്നു. 

എന്നാൽ ഭാരത് സ്റ്റേജ്–4 നിലവാരത്തിലുള്ള വാഹനങ്ങൾ ഒട്ടേറെ ഇനിയും വിൽക്കാനുണ്ടെന്നും അവസാന തീയതിക്കകം ഇവ വിൽക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് ആണ് കോടതിയെ സമീപിച്ചത്. ഒന്നര വർഷം മുൻപാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനു ശേഷം ഇത്തരം വാഹനങ്ങൾ നിർമിക്കരുതായിരുന്നെന്നും കോടതി പറഞ്ഞു.  ഇത് ദയാഹർജി പോലെ പരിഗണിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും ജസ്റ്റിസ് അരുൺ മിശ്രയും ദീപക് ഗുപ്തയും അടങ്ങിയ ബെഞ്ച് അനുവദിച്ചില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA