കൊറോണ ദുരന്ത പ്രഖ്യാപനം: ടൂറിസം നഷ്ടം 500 കോടിയിലേറെ

SHARE

കൊച്ചി∙ സംസ്ഥാനത്തു കൊറോണ വൈറസ് ബാധിച്ചെന്നു കണ്ടെത്തിയത് ചൈനയിൽനിന്നെത്തിയ മുന്നു വിദ്യാർഥികൾക്കു മാത്രമാണെങ്കിലും സംസ്ഥാന ദുരന്തമായി അതു പ്രഖ്യാപിച്ചതോടെ കേരള ടൂറിസത്തിനു നഷ്ടപ്പെട്ടത് 500 കോടിയിലേറെ രൂപ. ഈ മാസത്തിലും മാർച്ച്, ഏപ്രിൽ മാസങ്ങളിലുമായി നടക്കേണ്ടിയിരുന്ന പല ദേശീയ രാജ്യാന്തര സമ്മേളനങ്ങളും റദ്ദായി. സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അവിടങ്ങളിലെ കൊറോണഭിതി കാരണം യാത്ര റദ്ദാക്കേണ്ടിവരുന്നെങ്കിലും വിമാനകമ്പനികളോ ടൂർ ഓപ്പറേറ്റർമാരോ പണം മടക്കിനൽകാത്തതിനാൽ ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെടുന്നതായും വ്യാപക പരാതിയുണ്ട്.

കൊച്ചിയിൽ രാജ്യാന്തര കൺവൻഷൻ സെന്ററുള്ള പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിന് ഫെബ്രുവരിയിൽ മാത്രം നഷ്ടം 5.5 കോടി രൂപയുടെ ബിസിനസാണ്. വരും മാസങ്ങളിൽ റദ്ദായതു കൂടി ചേർത്താൽ 10 കോടിയോളം. മറ്റൊരു ഹോട്ടലിൽ സർവ മുറികളും പ്രമുഖ ബഹുരാഷ്ട്രക്കമ്പനി വിദേശികളുൾപ്പടെ 200 പേരുടെ 5 ദിവസം നീളുന്ന സമ്മേളനം നടത്തുന്നതിനിടയിലാണ് ദുരന്ത പ്രഖ്യാപനം വന്നത്. സമ്മേളനം മൂന്നാംദിവസത്തിലെത്തിയിരുന്നു. വാർത്ത അറിഞ്ഞയുടൻ അവർ എല്ലാം റദ്ദാക്കി വേഗം മുറികളൊഴിഞ്ഞ് മടങ്ങുകയായിരുന്നു.

ടൂറിസം സീസണിന്റെ പാരമ്യത്തിലാണ് സംസ്ഥാന ദുരന്തമെന്ന പ്രഖ്യാപനം വന്നത്. ഉത്തരേന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാര ഗ്രൂപ്പുകളും യാത്രകൾ റദ്ദാക്കി. ഡെസ്റ്റിനേഷൻ വിവാഹങ്ങളും റദ്ദായി. മാർച്ചിലും ഏപ്രിലിലും ഇവിടെ വേണ്ടെന്നു വച്ച സമ്മേളനങ്ങൾ ജയ്പുരിലേക്കും മറ്റും മാറിപ്പോയിട്ടുണ്ട്. 35%–40% ബിസിനസ് നഷ്ടപ്പെട്ടുവെന്നാണു വിലയിരുത്തൽ. കോവളത്തെ ഏതാനു ഹോട്ടലുകൾക്കു മാത്രം 40 കോടി രൂപയുടെ നഷ്ടമാണ് റദ്ദാക്കലിലൂടെ ഉണ്ടായിരിക്കുന്നത്. മൂന്നാർ പോലുള്ള കേന്ദ്രങ്ങളിൽ പാതി മുറികളും ഹോട്ടലുകളിലും റിസോർട്ടുകളിലും ഒഴിഞ്ഞിരിക്കുന്നു.

സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ആരും പ്രോൽസാഹിപ്പിക്കാത്ത സ്ഥിതിയുമുണ്ട്. ടൂർ പാക്കേജ് ബുക്ക് ചെയ്തിരുന്നവർ അതു റദ്ദാക്കിയില്ലെങ്കിൽ ഇവിടുത്തെ ടൂർ ഓപ്പറേറ്റർമാരും റിസോർട്ടുകളും തന്നെ വരവ് നിരുൽസാഹപ്പെടുത്തുന്നു. രോഗം പടരാതിരുന്നതോടെ സംസ്ഥാന ദുരന്ത പ്രഖ്യാപനം ഒരാഴ്ച കഴിഞ്ഞു റദ്ദാക്കിയിരുന്നു. അതിനു ശേഷം കേരളം ആരോഗ്യപരമായി സുരക്ഷിതമാണെന്ന ധാരണ പരന്നിട്ടുണ്ടെന്നതാണ് ആശ്വാസം. വീണ്ടും അന്വേഷണങ്ങൾ വന്നു തുടങ്ങിയിട്ടുണ്ടെന്ന് ട്രാവൽ ഓപ്പറേറ്റർമാർ പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA