ADVERTISEMENT

തിരുവനന്തപുരം∙ നിയമങ്ങൾ പാലിക്കാതെയും അനധികൃതമായും സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾക്കെതിരെ കർശന നടപടി വരുന്നു. റജിസ്റ്റർ ചെയ്യാതെ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളും മോട്ടർ ഘടിപ്പിച്ച വള്ളങ്ങളും കണ്ടെത്തി നടപടിയെടുക്കാൻ തുറമുഖ വകുപ്പ് ഉത്തരവിട്ടു. റജിസ്റ്റർ ചെയ്ത ഹൗസ് ബോട്ടുകളിൽ 15 ദിവസത്തിനകം സുരക്ഷാ പരിശോധന നടത്താൻ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചു. ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ മാസം 2ഹൗസ് ബോട്ടുകൾക്കു തീപിടിച്ച സംഭവത്തെത്തുടർന്നാണ് നടപടി. 

റജിസ്ട്രേഷൻ ഇല്ലാതെ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ, ശിക്കാരകൾ, മോട്ടർ ഘടിപ്പിച്ച വള്ളങ്ങൾ എന്നിവ പരിശോധനയിലൂടെ കണ്ടെത്തി മാനദണ്ഡങ്ങൾ പാലിക്കുന്നവ ഒരു മാസത്തിനുള്ളിൽ റജിസ്റ്റർ ചെയ്യണം. അല്ലാത്തവക്കെതിരെ കേരള ഇൻലാൻഡ് വെസൽസ് റൂൾ പ്രകാരം നടപടിയെടുത്ത് 20 ദിവസത്തിനകം സർക്കാരിനെ അറിയിക്കണം.  റജിസ്റ്റർ ചെയ്ത ഹൗസ് ബോട്ടുകളിലെ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിശോധിക്കാൻ പൊലീസ്, റവന്യു, ഉൾനാടൻ ജലഗതാഗതം, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

കേരള മാരിടൈം ബോർഡ് നേതൃത്വം നൽകും. ഹൗസ് ബോട്ട് ഉടമസ്ഥർക്കും ജീവനക്കാർക്കും ഒരു മാസത്തിനുള്ളിൽ പരിശീലനം നൽകണം. ഹൗസ് ബോട്ടുകളിൽ നിന്നു മാലിന്യം ജലാശയങ്ങളിൽ തള്ളുന്നതു തടയാനുള്ള മാർഗങ്ങൾ ജില്ലാ ഭരണകൂടവുമായി ചർച്ച നടത്താൻ മാരിടൈം ബോർഡ് സിഇഒയെ ചുമതലപ്പെടുത്തി. 

2 പേർക്കെതിരെ നടപടി

കുട്ടനാട്ടിലും പാതിരാമണലിലും ഹൗസ് ബോട്ടുകൾ കത്തിനശിച്ച സംഭവത്തിൽ ഉത്തരവാദികളെന്നു കണ്ടെത്തിയ പോർട്ട് ഓഫിസർ ഹരി അച്യുത വാരിയരെ സ്ഥലംമാറ്റി. റജിസ്റ്ററിങ് അതോറിറ്റിയായ കെ. ആർ. വിനോദിനെ ചുമതലയിൽ നിന്നു നീക്കി. അനധികൃത ഹൗസ് ബോട്ടുകളെ നിയന്ത്രിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. തീപിടിത്തത്തെത്തുടർന്ന് കലക്ടർ വിളിച്ച ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽപോലും പോർട്ട് ഓഫിസർ പങ്കെടുത്തില്ല. കൊറോണ വൈറസ് പടർന്ന സമയത്ത് റജിസ്ട്രേഷൻ ഇല്ലാത്തതിനാൽ എത്ര വിദേശികൾ ഹൗസ് ബോട്ടുകളിലുണ്ടെന്നു കണ്ടുപിടിക്കാൻ പോലും കഴിഞ്ഞില്ലെന്നും നടപടി ഉത്തരവിൽ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com