ADVERTISEMENT

കൊച്ചി∙ രാജ്യങ്ങളും കോർപറേറ്റ് കമ്പനികളും രാജ്യാന്തര വായ്പകളുടെ പലിശ നിശ്ചയിക്കാൻ ഉപയോഗിച്ചിരുന്ന ലൈബോർ (ലണ്ടൻ ഇന്റർബാങ്ക് ഓഫേഡ് റേറ്റ്) 2021 ഡിസംബറിൽ അവസാനിക്കുന്നതിനാൽ ഇന്ത്യയിലും സർക്കാരും ധനസ്ഥാപനങ്ങളും കോർപറേറ്റ് സ്ഥാപനങ്ങളും മറ്റൊരു അടിസ്ഥാന നിരക്കിലേക്കു മാറാൻ തയാറെടുപ്പു നടത്തുന്നു. 

ബ്രിട്ടനിലെ ഫിനാൻഷ്യൽ കോണ്ടക്ട് അതോറിറ്റി (എഫ്സിഎ) പ്രസിദ്ധീകരിച്ചിരുന്നതാണ് ലൈബോർ നിരക്കുകൾ. ലോകബാങ്കും എഡിബിയും പോലുള്ള രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ പദ്ധതി വായ്പകൾ നൽകിയിരുന്നത് ലൈബോർ നിരക്കിൽ പലിശ ഈടാക്കിക്കൊണ്ടായിരുന്നു. 2.5% നിലവാരത്തിലുള്ള ലൈബോർ നിരക്ക് വായ്പയുടെ പലിശ നിരക്കാവുന്നത് ലാഭമാണെന്നതിനാലാണ് പലിശ കൂടിയ ഇന്ത്യൻ ബാങ്കുകളെ വിട്ട് വിദേശ വായ്പ സ്വീകരിച്ചിരുന്നത്. കേരളത്തിനു കിട്ടിയ എഡിബി വായ്പയും കിഫ്ബി വായ്പയും മറ്റും ലൈബോർ റേറ്റിനെ അടിസ്ഥാനമാക്കി ആയിരുന്നു. 

ലോകമാകെ 350 ലക്ഷം കോടി ഡോളറിന്റെ പണമിടപാടുകൾ ലൈബോർ അനുസരിച്ചാണു നടന്നിട്ടുള്ളത്. അതിനു പകരം ഏത് റേറ്റ് വരുമെന്നു തീർച്ചയായിട്ടില്ല. ലൈബോർ അവസാനിക്കുന്ന 2021നു ശേഷവും നീളുന്നതാണ് മിക്ക കരാറുകളും. ഈ കരാറുകളിലെ നിരക്കുകളെല്ലാം പുനഃപരിശോധിക്കേണ്ട സ്ഥിതിയാണ്. അതിനാൽ ഇന്ത്യയിലും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വിദഗ്ധ സമിതികൾ രൂപീകരിച്ച് പകരം സംവിധാനത്തെക്കുറിച്ച് ആലോചന തുടങ്ങിയിട്ടുണ്ട്. 

അമേരിക്കൻ ഫെഡറൽ റിസർവിന്റെ റീപോ നിരക്കാണു പരിഗണനയിലുള്ള ഒന്ന്. ബ്രിട്ടനിലെ തന്നെ സ്റ്റെർലിങ് ഓവർനൈറ്റ് ഇൻഡക്സ് ആവറേജ് (സോണിയ) എന്ന മറ്റൊരു നിരക്കും പരിഗണനയിലുണ്ട്. ഏതു നിരക്ക് സ്വീകരിച്ചാലും ദീർഘകാല സാമ്പത്തിക കരാറുകളുടെ സാംഗത്യവും തിരിച്ചടവു സംബന്ധിച്ച വിശദാംശങ്ങളും പുനഃപരിശോധിക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com