ADVERTISEMENT

പാലക്കാട് ∙ ചെലവു ചുരുക്കി നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി, പെ‍ാതുമേഖലയിലെ ഏക സിമന്റ് നിർമാണ കമ്പനിയായ മലബാർ സിമന്റ്സിൽ സ്വയം വിരമിക്കൽ (വിആർഎസ്) നടപ്പാക്കും. ബേ‍ാർഡ് തീരുമാനമനുസരിച്ചു വിരമിക്കൽ പാക്കേജ് തയാറാക്കാൻ ഉന്നത ഉദ്യേ‍ാഗസ്ഥരെ ചുമതലപ്പെടുത്തി. ജീവനക്കാരുടെ പ്രതികരണം കണക്കിലെടുത്തായിരിക്കും തുടർനടപടി. വിരമിക്കാൻ 3 വർഷം ബാക്കിയുള്ളവർക്കാണു വിആർഎസ്. അഴിമതി ആരേ‍ാപണങ്ങളും  വിജിലൻസ് അന്വേഷണങ്ങളുംകെ‍ാണ്ടു വിവാദത്തിലായ സ്ഥാപനം മിക്ക വർഷങ്ങളിലും നഷ്ടത്തിലാണ്.

കേസുകളെത്തുടർന്നു 3 മാസം ഉൽപാദനം നിർത്തിവച്ച സാഹചര്യവുമുണ്ടായി. പിന്നീടു നേരിയ ലാഭത്തിലായെങ്കിലും മെ‍ാത്തം ചെലവു കണക്കാക്കുമ്പേ‍ാൾ നഷ്ടപ്പട്ടികയിലാണു സ്ഥാപനം. സ്ഥിരം തസ്തികകളിൽ ഉൾപ്പെടെ മെ‍ാത്തം 700ലധികം ജീവനക്കാരുണ്ട്. ഖനിയിലാണു കൂടുതൽ പേർ. പ്ലാന്റ് നവീകരണം ഉൾപ്പെടെ നടപ്പാക്കുമ്പേ‍ാൾ ജീവനക്കാർ അധികമാകുമെന്നാണു വിലയിരുത്തൽ. സ്വകാര്യ കമ്പനികളുമായി കടുത്ത മത്സരം നേരിടുന്ന മലബാർ സിമന്റ്സി‍ൽ ഒരു ചാക്ക് സിമന്റ് നിർമിക്കാൻ 230 രൂപയാണു നിലവിൽ ചെലവ്. വിപണി വില 322 രൂപ. സംസ്ഥാനത്തെ സിമന്റ് വിപണിയിൽ 7% ആണു സ്ഥാപനത്തിന്റെ വിഹിതം. വാളയാറിലും ചേർത്തലയിലുമായി ദിവസം ശരാശരി 2000 ടൺ സിമന്റാണ് ഉൽപാദിപ്പിക്കുന്നത്.

കണ്ണൂരിൽ യൂണിറ്റ്

മലബാർ സിമന്റ്സിനു കണ്ണൂരിൽ യൂണിറ്റ് സ്ഥാപിക്കാൻ നീക്കം ആരംഭിച്ചു. വടക്കൻ മേഖലയിൽ വിപണി ശക്തമാക്കാൻ ലക്ഷ്യമിട്ടാണു പുതിയ പ്ലാന്റ്. വാളയാറിലെ ഖനിയിൽ നിന്നാണു നിർമാണത്തിന് ഇപ്പേ‍ാൾ ചുണ്ണാമ്പുകല്ല് എടുക്കുന്നത്. 2024 ഒ‍ാടെ പരിസ്ഥിതിനിയമം ഖനിയുടെ  പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. കണ്ണൂർ യൂണിറ്റിനുള്ള സാധ്യത പരിശേ‍ാധന നടക്കുന്നതായി വ്യവസായ മന്ത്രിയുടെ ഒ‍ാഫിസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com