സ്വർണവില വീണ്ടും കുറഞ്ഞു

CHINA-ECONOMY-GOLD
SHARE

കൊച്ചി∙ കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഗ്രാമിന് 125 രൂപയും പവന് 1000 രൂപയും ഇന്നലെ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 3700 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 30,000നു താഴെയുമെത്തി. 29,600 രൂപയാണ് ഇന്നത്തെ വില. കൊറോണ ഭീതിയിൽ വിപണിയിലുണ്ടാകുന്ന അസ്ഥിരതയെത്തുടർന്ന് നിക്ഷേപകർ സ്വർണം വിറ്റു ലാഭമെടുക്കുന്നതും കുറഞ്ഞ വിലയിൽ ഓഹരി വാങ്ങുന്നതുമാണു സ്വർണവില ഇടിയാൻ കാരണം.

ഇടിവ് 2720 രൂപ

കഴിഞ്ഞ ആഴ്ചകളിൽ ഗ്രാമിന് 4040 രൂപയായും പവന് 30,320 രൂപയായും സ്വർണവില കുതിച്ചിരുന്നു. ആഗോള ഓഹരി വിപണികളിലുണ്ടാകുന്ന വലിയ തകർച്ചകളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിച്ചത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 1700 ഡോളർ വരെയെത്തിയ വില ഇപ്പോൾ 1475 ഡോളറിലെത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ കേരളത്തിൽ ഗ്രാമിന് 340 രൂപയും പവന് 2720 രൂപയും കുറഞ്ഞു. കഴിഞ്ഞ 13ന് 1200 രൂപ പവന് ഇടിഞ്ഞിരുന്നു.

തളർന്ന് വിപണികൾ

റെക്കോർഡിൽനിന്ന് സ്വർണവില താഴെയെത്തിയിട്ടും സ്വർണവ്യാപാരമേഖലയിൽ മരവിപ്പ് തുടരുന്നു. വില ഉയർന്നതോടെ വിവാഹ പർച്ചേസുകൾ മാത്രമാണ് ജ്വല്ലറികളിൽ പ്രധാനമായും നടന്നിരുന്നത്. കോവിഡ്19 ഭീതിയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ വിപണി വീണ്ടും ദുർബലമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA