ADVERTISEMENT

കൊച്ചി ∙ കഴിഞ്ഞ വാരാന്ത്യത്തിലെ മുന്നേറ്റത്തിന്റെ ആശ്വാസത്തിലായിരുന്ന ഓഹരി നിക്ഷേപകർക്കു വീണ്ടും അതിഭീമമായ നഷ്ടം. വില സൂചികയായ സെൻസെക്സിലെ തകർച്ച 10% എന്ന അനുവദനീയ പരിധി ലംഘിച്ചതോടെ ഇന്നലെയും വ്യാപാരം 45 മിനിറ്റ് നിർത്തിവയ്ക്കേണ്ടിവന്നു. രണ്ട് ആഴ്ചയ്ക്കുള്ളിൽ ഇതു രണ്ടാം തവണയാണു ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലും വ്യാപാരം നിർത്തിവയ്ക്കുന്നത്. നിർബന്ധിത ഇടവേളയ്ക്കു ശേഷം വ്യാപാരം പുനരാരംഭിച്ചപ്പോഴാകട്ടെ കൂടുതൽ ആഴത്തിലേക്കായിരുന്നു വിപണിയുടെ വീഴ്ച. സൂചികകളിൽ റെക്കോർഡ് ഇടിവോടെയാണു വ്യാപാരം അവസാനിച്ചത്. 

സെൻസെക്സ് 3934.72 പോയിന്റ് തകർന്ന് 25,981.24ൽ എത്തി; ഇടിവ് 13.15 ശതമാനം. നിഫ്റ്റി 1135.20 പോയിന്റ് താഴേക്കിറങ്ങി 7610.25 പോയിന്റിലാണു ‘ക്ലോസ്’ ചെയ്തത്. 12.98 ശതമാനം ഇടിവ്. വളരെ മികച്ച നിലയിൽ പ്രവർത്തിക്കുന്നതും ‘ബ്ളൂ ചിപ്’ എന്നു വിശേഷിപ്പിക്കപ്പെടുന്നതുമായ കമ്പനികളുടെ ഓഹരികൾക്കു പോലും ‘ഗ്ലാമർ’ നഷ്ടപ്പെട്ട വിപണിയിൽ ഇത്ര വ്യാപകവും ഭീമവുമായ വിലത്തകർച്ച ആദ്യം. മിക്ക ഓഹരികളുടെയും വില ഒരിക്കലും സങ്കൽപിക്കാൻ കഴിയാത്തത്ര താഴ്ന്ന നിലവാരത്തിൽ എത്തി. 

ഓഹരികളിൽ നേരിട്ടു പണം നിക്ഷേപിച്ചിട്ടുള്ളവർക്കു മാത്രമല്ല മ്യൂച്വൽ ഫണ്ടുകളുടെ ഓഹരി അധിഷ്ഠിത പദ്ധതികളെ ആശ്രയിച്ചവർക്കും കോവിഡ് 19ന്റെ വ്യാപനം മൂലമുള്ള പരിഭ്രാന്തിയിൽ നേരിട്ടിരിക്കുന്ന നഷ്ടം കോടികളുടേതാണ്. 

ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ ജപ്പാൻ ഒഴികെ ഏഷ്യൻ വിപണികളെല്ലാം വൻ നഷ്ടത്തിൽ അവസാനിക്കുന്നതാണു കണ്ടത്. യൂറോപ്പിൽ വ്യാപാരം അവസാനിച്ചിരുന്നില്ലെങ്കിലും വലിയ ഇടിവിലായിരുന്നു വിപണികൾ. യുഎസ് വിപണിയിൽ വ്യാപാരം ആരംഭിച്ചിരുന്നില്ല.

കൂപ്പുകുത്തി രൂപ; ഒരു രൂപയിലേറെ ഇടിഞ്ഞ് 76.22ൽ

മുംബൈ∙ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഇന്നലെ ഒരു രൂപ 2 പൈസ ഇടിഞ്ഞ് മൂല്യം 76.22 ൽ എത്തി. കോവിഡ് 19 ഭീതിയെത്തുടർന്ന് വിദേശനിക്ഷേപകർ വൻതോതിൽ പിൻമാറിയതാണു രൂപയുടെ മൂല്യത്തകർച്ചയ്ക്കു കാരണം. ഓഹരി വിപണികളിലെ കനത്ത ഇടിവും രൂപയെ തളർത്തി. 76.30ലേക്കു വരെ ഇടിഞ്ഞ ശേഷമാണ് 76.22ൽ ക്ലോസ് ചെയ്തത്. 75.20 ആയിരുന്നു വെള്ളിയാഴ്ചത്തെ നിരക്ക്.

ആഗോളതലത്തിൽ ഡോളറിന്റെ ഡിമാൻഡ് ഉയരുന്നതിനാൽ വികസ്വര രാജ്യങ്ങളിലെ കറൻസികളിലെല്ലാം ഇടിവു നേരിടുന്നുണ്ട്. ഡോളർ വിറ്റ് രൂപയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെങ്കിലും ആഗോള വിപണിയിലുള്ള അനിശ്ചിതത്വം മൂലം കാര്യമായ ഫലമുണ്ടാകുന്നില്ല.

തകർച്ചയുടെ ആഴം 52 ലക്ഷം കോടി

52 ലക്ഷം കോടി രൂപയാണു കോവിഡ് 19 പടർത്തിയ പരിഭ്രാന്തികൊണ്ടു മാത്രം ഇന്ത്യയിലെ ഓഹരി നിക്ഷേപകർക്ക് ഇതുവരെയുണ്ടായിട്ടുള്ള നഷ്ടം. ഇന്നലെ മാത്രം 10 ലക്ഷം കോടി രൂപയിലേറെ നഷ്ടം നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായി.

ചരിത്രത്തിലെ  രണ്ടാമത്തെ  വലിയ ഇടിവ്

സൂചിക 10 ശതമാനത്തിൽ അധികം ഇടിയുന്നത് ഇത് അഞ്ചാം തവണ. 1990 ഡിസംബർ 21, 1992 ഏപ്രിൽ 28, 2004 മേയ് 17, 2008 ഒക്ടോബർ 24 എന്നീ തീയതികളിലാണ് നേരത്തെ ഇങ്ങനെ സംഭവിച്ചിട്ടുളളത്. ഓഹരി വിപണിയിലെ പ്രധാന തകർച്ചാദിനങ്ങൾ താഴെക്കൊടുക്കുന്നു.

table

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com