ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ്  രോഗബാധയെത്തുടർന്നു സംസ്ഥാനത്തു ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യസാധനങ്ങൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറികൾ ഒഴികെയുള്ള എല്ലാ ഫാക്ടറികളുടെയും പ്രവർത്തനം 31 വരെ നിരോധിച്ചതായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടർ അറിയിച്ചു. പ്രവർത്തനം നിർത്തിവയ്ക്കാൻ കഴിയാത്ത തരം ഫാക്ടറികളും സ്ഥാപനങ്ങളും നിബന്ധനകൾക്കു വിധേയമായി പ്രവർത്തിക്കാൻ അനുവദിക്കുമെന്നും ഇതു സംബന്ധിച്ച സർക്കുലറിൽ വ്യക്തമാക്കി. 

കെമിക്കൽ പ്രോസസ് പ്ലാന്റുകൾ, ഫാർമസ്യൂട്ടിക്കൽ ഉൽപന്ന ഫാക്ടറികൾ, പെട്രോളിയം, എൽപിജി ബോട്ട്‌ലിങ് പ്ലാന്റ്, ഇന്ധന വിതരണ ഡിപ്പോകൾ, അവശ്യ സാധനങ്ങളുടെ ഉൽപാദന വിതരണ കേന്ദ്രങ്ങൾ, കാലിത്തീറ്റ നിർമാണ കേന്ദ്രങ്ങൾ എന്നിവ ഉപാധികളോടെ പ്രവർത്തിക്കാൻ അനുവദിക്കും. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. ജീവനക്കാർ തമ്മിൽ ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം. കർശന ശുചിത്വ പാലനം ഉറപ്പാക്കണം.

ഫാക്ടറികളുടെ സുരക്ഷ, അപകടകരമായ പദാർഥങ്ങൾ സൂക്ഷിക്കൽ, പ്ലാന്റ്, യന്ത്രോപകരണങ്ങൾ എന്നിവയുടെ പാലനം തുടങ്ങിയവയ്ക്ക് അത്യാവശ്യമുള്ള തരത്തിൽ ജീവനക്കാരെ നിയമിക്കാം. ഇവർക്കും ശുചിത്വം അടക്കമുള്ള കാര്യങ്ങൾ ഉറപ്പുവരുത്തണം. 

 

ലോക്ക്ഡൗൺ സമയപരിധിയിൽ ഫാക്ടറി അറ്റകുറ്റപ്പണി അടക്കമുള്ള പ്രവർത്തനങ്ങളും പാടില്ല. രോഗവ്യാപനമുണ്ടായാൽ അടിയന്തരമായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിനെ അറിയിക്കണം. രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ സുരക്ഷിതത്വമുറപ്പാക്കി സ്ഥാപനം അടയ്ക്കണം.  ഫാക്ടറികളിലെ കരാർ, ദിവസ വേതന ജീവനക്കാർ അടക്കമുള്ള എല്ലാ ജീവനക്കാർക്കും ലോക്ക്ഡൗൺ ദിവസങ്ങളിൽ ശമ്പളത്തോടെയുള്ള അവധി അനുവദിക്കണമെന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡയറക്ടർ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com