ADVERTISEMENT

കൊച്ചി∙ ലോക്ഡൗൺ കാലത്തു സംസ്ഥാനത്തു പ്രവർത്തിക്കുന്നത് 5 ശതമാനത്തിൽ താഴെ ഹോട്ടലുകൾ (റസ്റ്ററന്റ്) മാത്രം. ഹോട്ടലുകളിലിരുന്നുള്ള ഭക്ഷണം കഴിക്കലിനു നിരോധനമേർപ്പെടുത്തിയതും മതിയായ ജീവനക്കാരില്ലാത്തതും പുറത്തിറങ്ങി സാധനങ്ങൾ വാങ്ങാനുള്ള ബുദ്ധിമുട്ടും മൂലമാണു 95 ശതമാനത്തിലേറെ ഹോട്ടലുകളും അടഞ്ഞു കിടക്കുന്നത്. ഭക്ഷണസാധനങ്ങളുടെ ഓൺലൈൻ ഡെലിവറിയും നാമമാത്രമായേ നടക്കുന്നുള്ളു. അതേസമയം നിലവിൽ വീടുകളിൽ കഴിയാൻ സാഹചര്യമില്ലാത്തവർക്ക് ഏപ്രിൽ 1 മുതൽ ഭക്ഷണമെത്തിക്കാനാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ തീരുമാനം. 

കൂടുതൽ ഹോട്ടലുകൾ കോഴിക്കോട്

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹോട്ടലുകൾ പ്രവർത്തിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. നഗരത്തിൽ ഏകദേശം 10 ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പറഞ്ഞു. വയനാട്ടിലും ഏതാനും ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. കലക്ടർമാരുടെ പ്രത്യേക നിർദേശങ്ങളുള്ളതിനാലാണ് ഈ ജില്ലകളിൽ ഇത്രയും ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. കൊച്ചി നഗരത്തിൽ 5 ഹോട്ടലുകൾ പോലും പ്രവർത്തിക്കുന്നില്ല. ചെറുനഗരങ്ങളിൽ ഒന്നോ രണ്ടോ ഹോട്ടലുകൾ മാത്രം.

ഓൺലൈൻ ഡെലിവറി നിർദേശങ്ങൾ പാലിച്ചുമാത്രം

സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ പാലിച്ചു മാത്രമാണ് ഭക്ഷണത്തിന്റെ ഓൺലൈൻ ഡെലിവറി നടക്കുന്നത്. സുരക്ഷാ മുൻകരുതലുകളെല്ലാം എടുത്തിട്ടുണ്ട്. ഹാൻഡ് സാനിറ്റൈസറും മാസ്കുകളും ഗ്ലൗസുകളുമുപയോഗിച്ച്, ആവശ്യമുള്ളവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കണമെന്ന് ഹോട്ടൽ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കി.

വീട്ടിൽ അല്ലാത്തവർ വിശക്കരുത്

ഏപ്രിൽ ഒന്നു മുതൽ വീട്ടിലല്ലാത്തവർക്കു ഭക്ഷണം വിതരണം ചെയ്യാനുള്ള സംവിധാനമുണ്ടാക്കുമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു. ഇതിനു സർക്കാർ സംവിധാനങ്ങളുടെ സഹായം തേടും. തെരുവിലുള്ളവർക്കും വീടുകളിലെത്താൻ കഴിയാത്തവർക്കും മറ്റു സാഹചര്യങ്ങളിൽ ഭക്ഷണം ലഭ്യമല്ലാത്തവർക്കുമായി സൗജന്യമായി ഭക്ഷണമെത്തിക്കുന്ന പദ്ധതിയാണ് അസോസിയേഷൻ ആസൂത്രണം ചെയ്യുന്നത്.

അസോസിയേഷൻ അംഗങ്ങൾ വിവിധ ഗ്രൂപ്പുകളിലായി തിരിഞ്ഞാണു ഭക്ഷണം ലഭ്യമാക്കുന്നത്. ഇതിനായി ഓരോ ജില്ലയിലെയും സ്ഥിതി അസോസിയേഷൻ ഇപ്പോൾ നിരീക്ഷിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ, പ്രതിസന്ധിയിലായ ദിവസ വേതനക്കാർ തുടങ്ങിയവരെയൊക്കെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. നിലവിൽ നാലിലൊന്നു തൊഴിലാളികളേ ഹോട്ടലുകളിൽ ഉള്ളൂ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 75% തൊഴിലാളികളും അവരുടെ സ്ഥലങ്ങളിലേക്കു തിരിച്ചുപോയി. നിലവിലുള്ളവർക്കു താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകി പാർപ്പിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com