sections
MORE

കേന്ദ്ര പാക്കേജ്: അവ്യക്തതകളേറെ

corona-cell2
SHARE

ന്യൂഡൽഹി ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ  കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രതിസന്ധി പരിഹാരത്തിന് എത്രകണ്ടു സഹായിക്കുമെന്നതിൽ വ്യക്തതയില്ല. മൊത്തത്തിലുള്ള തുകയുടെ വലുപ്പത്തിനപ്പുറം, ഇനം തിരിച്ച് പരിശോധിക്കുമ്പോൾ നിർധനരുടെ ദുരിതമകറ്റാൻ ഇപ്പോൾ ഇതുമതിയോ എന്ന ചോദ്യമുയരുന്നു. എന്തെല്ലാം ചേർത്താണ് 1.7 ലക്ഷം കോടിയെന്ന കണക്കിലെത്തിയതെന്ന ചോദ്യവും പലരും ഉന്നയിക്കുന്നുണ്ട്. 

ലോക്ഡൗൺ നടപ്പിലായി 36 മണിക്കൂറിനുശേഷമാണ് പാക്കേജ് പ്രഖ്യാപനമെന്ന് ധനമന്ത്രിതന്നെ സമ്മതിക്കുന്നു. പ്രഖ്യാപിക്കാൻ പോകുന്ന ലോക്ഡൗൺ കാരണം ഉണ്ടാകാവുന്ന പ്രശ്നങ്ങൾ വിലയിരുത്തിയുള്ള പ്രാഥമിക നടപടികൾ എന്തുകൊണ്ട് കേന്ദ്ര സർക്കാർ സ്വീകരിച്ചില്ലെന്ന ചോദ്യമുണ്ട്.  

കോവിഡ് പ്രതിരോധത്തിനും ചികിൽസ്യ്ക്കും സർക്കാർ ആശുപത്രികളിലും മറ്റും പ്രവർത്തിക്കുന്നവർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് എന്നതാണ് ഒരു പ്രധാന പ്രഖ്യാപനം. തുല്യമായ വെല്ലുവിളി ഏറ്റെടുത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ പരിഗണിക്കുന്നില്ല. സംഭവിച്ചേക്കാവുന്ന അപകടം കണക്കിലെടുത്തുള്ള സാമ്പത്തിക പരിരക്ഷ എന്നതിനപ്പുറം, നൽകുന്ന സേവനം കണക്കിലെടുത്ത് പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയാറാകുന്നില്ലെന്നതു ശ്രദ്ധേയമാണ്. 

പിഎം കിസാൻ പദ്ധതിയിലെ അടുത്ത വർഷത്തെ ഒരു ഗഡു ആദ്യ മാസം തന്നെ നൽകുന്നത് സർക്കാരിന് അധികബാധ്യത ഉണ്ടാക്കുന്നില്ല. ഈ പദ്ധതിയിൽ മുൻകൂട്ടി പണം നൽകുന്ന രീതി തിരഞ്ഞെടുപ്പുകാലത്തും സർക്കാർ നടപ്പാക്കിയതാണ്. കഴിഞ്ഞ വർഷംതന്നെ, പദ്ധതിക്കു വകയിരുത്തിയതിൽ പകുതി തുക മാത്രമാണ് സർക്കാർ ചെലവാക്കിയത്. ദുർബല വിഭാഗങ്ങളിലെ മുതിർന്ന പൗരൻമാർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും 3 മാസത്തേക്ക് 1000 രൂപയാണ് സർക്കാർ പ്രഖ്യാപിച്ചത്. അതായത്, പ്രതിമാസം 333.33 രൂപ. മതിയായ രേഖകളില്ലെന്നതുൾപ്പെടെ  പ്രശ്നങ്ങളുള്ളതിനാൽ എത്രപേർക്ക് ഈ തുക പോലും ലഭിക്കുമെന്ന് ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ സംശയമുന്നയിച്ചു കഴിഞ്ഞു. 

തൊഴിലുറപ്പു പദ്ധതിയിൽ ദിവസവേതനത്തിൽ 20 രൂപയുടെ വർധനയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.  മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 10,000 കോടി രൂപയുടെ കുറവാണ് ഇത്തവണത്തെ ബജറ്റിൽ തൊഴിലുറപ്പു പദ്ധതിക്കുള്ള വകയിരുത്തൽ. അപ്പോൾ, സർക്കാരിന് ഇപ്പോഴത്തെ പ്രഖ്യാപനം എത്രമാത്രം അധിക ചെലവുണ്ടാക്കുന്നുവെന്ന ചോദ്യം പ്രസക്തമാണ്.

സർക്കാരിന് കണക്കുകളെക്കുറിച്ച്  കൃത്യമായ ധാരണയുണ്ടോയെന്ന സംശയത്തിന് ഇടനൽകുന്ന ഒരു പരാമർശം ഇന്നലെ ധനമന്ത്രി നടത്തിയത് നിർമാണ മേഖലയിലെ ക്ഷേമനിധി സംബന്ധിച്ചാണ്. ഈ നിധിയിൽ 31,000 കോടി രൂപയുണ്ടെന്നും ഇതിൽനിന്നു തൊഴിലാളികൾക്കു പണം നൽകാൻ സംസ്ഥാനങ്ങളോടു നിർദ്ദേശിക്കുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്. 2 ദിവസം മുൻപ് ഇതേ കാര്യം പറഞ്ഞ് കേന്ദ്ര തൊഴിൽ മന്ത്രി സംസ്ഥാനങ്ങൾക്കു കത്തെഴുതിയിരുന്നു. അതേക്കുറിച്ചുള്ള സർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞത്, ക്ഷേമ നിധിയിൽ 52,000 കോടി രൂപയുണ്ടെന്നാണ്. അതായത്, 2 ദിവസംകൊണ്ട് നിധിയിൽ 21,000 കോടിയുടെ കുറവുവന്നു. 

പ്രോവിഡന്റ് ഫണ്ടിൽനിന്ന് 75% തുകവരെ പിൻവലിക്കാൻ അനുവദിക്കുന്നത് സർക്കാരിന് അധികബാധ്യതയുണ്ടാക്കുന്നില്ല.. നിർധന വിഭാഗങ്ങളെ ഉദ്ദേശിച്ചുള്ള പ്രഖ്യാപനങ്ങൾ മാത്രമെന്നു വിശദീകരിച്ച ധനമന്ത്രി, ഇടത്തരക്കാരുടെയുൾപ്പെടെ വായ്പ തിരിച്ചടവിനുള്ള ഇളവുകളെക്കുറിച്ചുൾപ്പെടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. ജൻ ധൻ അക്കൗണ്ട് ഇല്ലാത്ത മുതിർന്ന പൗരൻമാർക്കും വിധവകൾക്കും 1000 രൂപ ലഭിക്കന്നതെങ്ങനെയെന്ന ചോദ്യത്തിന്, അക്കൗണ്ടില്ലാത്തവരുണ്ടോയെന്നായിരുന്നു  മന്ത്രിയുടെ മറുപടി. അങ്ങനെയുണ്ടെങ്കിൽ മാധ്യമങ്ങൾ ശ്രദ്ധയിൽപ്പെടുത്താൽ നടപടിയെടുക്കാമെന്നും.. ബജറ്റിലെ പ്രഖ്യാപനങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുള്ളതാണോ പാക്കേജ് എന്ന ചോദ്യത്തിനും മന്ത്രി മറുപടി നൽകിയില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA