കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരത്തിലേക്ക്
Mail This Article
കൊച്ചി∙ കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരത്തിലേക്ക്. ആദ്യഘട്ടമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഏപ്രിൽ ഒന്നിന് ആരംഭിക്കും. അവശ്യ സാധനങ്ങളടങ്ങിയ 4 തരം കിറ്റുകളാണ് ഓൺലൈനായി വാങ്ങാവുന്നത്.
ഓർഡർ നൽകിയാൽ അടുത്ത ദിവസം വീട്ടിൽ ലഭ്യമാക്കും. ത്രിവേണി സൂപ്പർ മാർക്കറ്റുകളിലെ അതേ നിരക്കായിരിക്കും സാധനങ്ങൾക്കെന്നും ഡെലിവറി ചാർജ് അധികമായി ഈടാക്കുമെന്നും ചെയർമാൻ എം.മെഹബൂബ്, മാനേജിങ് ഡയറക്ടർ വി.എം.മുഹമ്മദ് റഫീക്ക് എന്നിവർ അറിയിച്ചു. രണ്ടാം ഘട്ടമായി എല്ലാ ജില്ലകളിലും എല്ലാ സാധനങ്ങളും ഓൺലൈനായി ലഭ്യമാക്കും.
ലോക്ഡൗൺ സാഹചര്യത്തിൽ ക്ഷാമം ഒഴിവാക്കാൻ അരിയും പഞ്ചസാരയും ഉൾപ്പടെയുള്ളയുടെ സംഭരണം ഇരട്ടിയാക്കിയതായി ചെയർമാൻ അറിയിച്ചു.നിലവിൽ 3 ആഴ്ചത്തേക്കു വിതരണത്തിനുള്ള സാധനങ്ങൾ ലഭ്യമാണ്. കൂടുതൽ ലഭ്യത ഉറപ്പു വരുത്താൻ 30 കോടി രൂപയുടെ സാധനങ്ങൾ കൂടി അടുത്ത ദിവസങ്ങളിൽ ശേഖരിക്കും. നീതി മെഡിക്കൽ സ്റ്റോറുകളിൽ 35 കോടി രൂപയുടെ മരുന്ന് സ്റ്റോക്കുണ്ട്.