ADVERTISEMENT

‘ബാങ്ക് കൊള്ളയടിക്കുന്നതൊക്കെ വെറും അമച്വർ ഏർപ്പാട്; യഥാർഥ പ്രഫഷനലാണെങ്കിൽ സ്വന്തമായി ബാങ്ക് തുടങ്ങുകയേയുള്ളൂ’ എന്ന ജർമൻ നാടകകൃത്ത് ബർതോൾത് ബ്രെഹ്തിന്റെ പരിഹാസം എത്ര ശരിയെന്നു തെളിയിക്കുന്നതാണു യെസ് ബാങ്ക് എപ്പിസോഡ് ഉൾപ്പെടെ ബാങ്കിങ് മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ. സംരംഭകർ കോടികൾ അടിച്ചുമാറ്റുന്നു. കുറച്ചുകാലത്തേക്കു കേസും വിസ്താരവുമൊക്കെയായി നടന്നാലെന്ത്? സംഗതി എത്രയോ സുരക്ഷിതം, എത്രയോ ലാഭകരം.

യെസ് ബാങ്കിലെ പ്രശ്നങ്ങൾ ഒന്നുരണ്ടു വർഷം മുമ്പേ റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെട്ടതാണ്. നിരീക്ഷിച്ചു നിരീക്ഷിച്ചു പൂട്ടാറായപ്പോഴാണു പക്ഷേ വടിയെടുത്തത്. കാശുംകൊണ്ടു പോകേണ്ടവർ പൊയ്ക്കഴിഞ്ഞപ്പോൾ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും രക്ഷകരായി. യെസ് ബാങ്കിനോട് ഇക്കാലമത്രയും മത്സരിച്ചുപോന്ന ചില ബാങ്കുകൾ നിർബന്ധിത രക്ഷകരാകുന്നതും കണ്ടു. 

പാവം ഓഹരി ഉടമകൾ. അവർക്കു മാത്രം രക്ഷകരായി ആരുമുണ്ടായില്ല.യെസ് ബാങ്കിൽ പ്രതീക്ഷയർപ്പിച്ചു 300 രൂപയ്ക്കു പോലും ഓഹരി വാങ്ങിയവരുണ്ട്. ഇന്നലെ വില 25 രൂപ. വില ഇടിഞ്ഞതു മൂലമുള്ള നിക്ഷേപകരുടെ നഷ്ടം അവർ തന്നെ സഹിക്കണം. നഷ്ടം സഹിച്ച് ഓഹരി വിൽക്കാമെന്നുവച്ചാൽ അതിനും തടസ്സം. കൈവശമുള്ളതിന്റെ 25% മാത്രമേ വിൽക്കാൻ തൽക്കാലം അനുവാദമുള്ളൂ. 75% ഓഹരികൾക്കു മൂന്നു വർഷത്തേക്കു നിർബന്ധിത ‘ലോക്ക് ഇൻ’ കാലമാണ്.

യെസ് ബാങ്കിന്റെ സ്ഥിതി മോശമാകുന്ന കാര്യം ആർബിഐക്കു മാത്രമല്ല കേന്ദ്ര സർക്കാരിനും അറിയാമായിരുന്നിരിക്കണം. ബാങ്ക് നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ കാൽ നൂറ്റാണ്ടിലേറെയായി വെറും ഒരു ലക്ഷം രൂപയായിരുന്നു. അത് അഞ്ചു ലക്ഷം രൂപയായി വർധിപ്പിക്കാനുള്ള ബജറ്റ് നിർദേശത്തിനു കാരണമായതു യെസ് ബാങ്കിന്റെ മോശമായിക്കൊണ്ടിരുന്ന സ്ഥിതിയാണെന്നു പറയുന്നവരുണ്ട്. അതു സത്യമെങ്കിൽ, എന്തൊരു മുൻകരുതൽ എന്നേ പറയേണ്ടൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com