ADVERTISEMENT

തിരുവനന്തപുരം∙ എല്ലാ വായ്പകൾക്കും കേന്ദ്രം പ്രഖ്യാപിച്ച 3 മാസത്തെ മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കാൻ ഇടപാടുകാർ ബാങ്ക് ശാഖകളിൽ അപേക്ഷ നൽകേണ്ടി വരില്ല. റിസർവ് ബാങ്കിൽ നിന്നു വ്യക്തമായ നിർദേശം ലഭിച്ചിട്ടില്ലെങ്കിലും ബാങ്കുകൾ സ്വമേധയാ മൊറട്ടോറിയം ലഭ്യമാക്കേണ്ടി വരുമെന്നാണു സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും പ്രമുഖ ബാങ്കുകളും വിലയിരുത്തുന്നത്. മൊറട്ടോറിയം വേണമെന്നുള്ളവർ ബാങ്കിൽ അപേക്ഷ നൽകി വായ്പ പുനഃക്രമീകരിക്കുകയാണു സാധാരണ ചെയ്യേണ്ടത്.മൊറട്ടോറിയം എന്നാൽ തിരിച്ചടവു വേണ്ടെന്നു വയ്ക്കലോ പലിശയും വായ്പയും എഴുതിത്തള്ളലോ അല്ല. തിരിച്ചടവിനു 3 മാസത്തെ അവധി നൽകുന്നുവെന്നു മാത്രം. 

വരുമാനം നഷ്ടപ്പെട്ടു കടക്കെണിയിൽ വീണവരും വീഴ്ച പ്രതീക്ഷിക്കുന്നവരും മാത്രം മൊറട്ടോറിയത്തിനായി അപേക്ഷിക്കുന്നതാണ് ഉചിതം.ശമ്പളവും പെൻഷനും അടക്കമുള്ള സ്ഥിര വരുമാനക്കാർക്ക് ഇൗ കോവിഡ് കാലത്തും വരുമാനത്തിൽ കുറവു സംഭവിക്കുന്നില്ല. ചെലവ് ഒരു പരിധി വരെ കുറയുകയും ചെയ്യും. അങ്ങനെയുള്ളവർ തിരിച്ചടവു മുടക്കാതിരിക്കുന്നതാണ് ഉചിതം. മറുവശത്തു മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ തിരിച്ചടവു മുടക്കുന്നവർക്കു മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കും. മുടങ്ങുന്ന 3 മാസം ബാക്കിയുള്ള തിരിച്ചടവു കാലാവധിയിൽ അധികമായി ചേർക്കും.ഒരു വർഷത്തെ മൊറട്ടോറിയം സംസ്ഥാനതല ബാങ്കേഴ്സ് സമിതി ആവശ്യപ്പെട്ടപ്പോൾ 3 മാസം മാത്രം അനുവദിച്ചത് ഇടപാടുകാർക്കു തിരിച്ചടിയായി.

കുടുംബശ്രീ അംഗങ്ങൾക്ക് 20,000 രൂപ വായ്പ

തിരുവനന്തപുരം ∙ കോവിഡ് കാരണമുള്ള തൊഴിൽ നഷ്ടം കണക്കിലെടുത്ത് ഓരോ കുടുംബശ്രീ അംഗത്തിനും 20,000 രൂപ പലിശരഹിത വായ്പ അനുവദിക്കും. 20 പേരടങ്ങുന്ന സംഘത്തിനു 4 ലക്ഷം രൂപ വരെ വായ്പ കിട്ടും. നിലവിലെ വായ്പയടക്കം ആകെ വായ്പ 10 ലക്ഷം കടക്കാൻ പാടില്ല. ഇൗ പരമാവധി തുകയിൽ ഇളവു വരുത്തിയേക്കും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 2000 കോടിയുടെ വായ്പാ പദ്ധതിക്കു തിങ്കളാഴ്ച സർക്കാർ അംഗീകാരം നൽകും. ബാങ്കുകൾ നൽകുന്ന വായ്പയ്ക്ക് 9% പലിശ സർക്കാരാണു വഹിക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com