ADVERTISEMENT

1. റിസർവ് ബാങ്കിന്റെ മൊറട്ടോറിയം പ്രഖ്യാപനം ബാങ്ക് വായ്പകൾക്കുമാത്രമാണോ ബാധകം?

∙ അല്ല. ബാങ്ക്, റീജനൽ ഗ്രാമീണ ബാങ്ക്, സഹകരണബാങ്ക്, ബാങ്ക് ഇതര ധനസ്ഥാപനം (എൻബിഎഫ്സി), സ്മോൾ ഫിനാൻസ് ബാങ്ക്, ഹൗസിങ് ഫിനാൻസ് കമ്പനി, മൈക്രോ ഫിനാൻസ് എന്നിങ്ങനെ എല്ലാ വായ്പവിതരണ സ്ഥാപനങ്ങൾക്കും ബാധകം. 

2. മൂന്നു മാസത്തെ മൊറട്ടോറിയം എന്നാൽ എന്താണർഥം? പലിശയോ തവണകളോ ഒഴിവാക്കുകയാണോ?

∙ 2020 മാർച്ച് 1ന് നിലവിലുള്ള എല്ലാ തിരിച്ചടവുകൾക്കും 3 മാസത്തേക്കു സാവകാശം കിട്ടും. നിശ്ചിത കാലാവധിയിൽ, അടച്ചുതീർക്കേണ്ടുന്ന വായ്പകൾക്കും (ടേം ലോൺ) സ്വർണപ്പണയവായ്പ പോലെ ഒന്നിച്ചു തിരിച്ചടയ്ക്കുന്ന വായ്പകൾക്കും ക്രെഡിറ്റ് കാർഡ് തിരിച്ചടവിനും മൊറട്ടോറിയം ബാധകമാണ്. മുതലിന്റെയും പലിശയുടെയും തിരിച്ചടവ് ഒഴിവാക്കുകയല്ല. 3 മാസം അധിക സമയം കിട്ടുമെന്നുമാത്രം. കാലാവധി വായ്പകളിൽ തിരിച്ചടവുകാലാവധി 3 മാസം കൂടി നീളും. 

 

3. ഏതൊക്കെ ഇനം വായ്പകൾക്കാണു മൊറട്ടോറിയം കിട്ടുക.?

നിശ്ചിത കാലാവധിയിൽ അടച്ചുതീർക്കേണ്ടുന്ന വായ്പകൾക്കെല്ലാം ബാധകമാകും. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ (പഴ്സനൽ ലോൺ), വിദ്യാഭ്യാസ വായ്പ, ബിസിനസ് വായ്പ, വ്യവസായ വായ്പ, കൃഷി വായ്പ എന്നിവയ്ക്കെല്ലാം ഈ സൗകര്യം ലഭിക്കും. വായ്പകളുടെ പ്രതിമാസത്തവണയ്ക്കുള്ള തുക നിക്ഷേപ അക്കൗണ്ടിൽനിന്നെടുക്കുന്ന രീതി ആയാലും ചെക്ക് സമർപ്പിക്കുന്ന രീതി ആയാലും മോറട്ടോറിയം ലഭിക്കും.

4. മൊറട്ടോറിയം ലഭിക്കാൻ ഇടപാടുകാർ എന്തു ചെയ്യണം?

∙ മൊറട്ടോറിയം നൽകാൻ ധനസ്ഥാപനങ്ങളെ അനുവദിക്കുന്നു എന്നാണ് റിസർവ് ബാങ്ക് പ്രഖ്യാപനം. അനുവദിച്ചേപറ്റൂ എന്നു പറഞ്ഞിട്ടില്ല. ബാങ്കുകളും ധനസ്ഥാപനങ്ങളും അവയുടെ ബോർഡ് അംഗീകരിച്ച നയം നടപ്പാക്കണമെന്നാണ് റിസർവ് ബാങ്ക് പറഞ്ഞിരിക്കുന്നത്. റിസർവ് ബാങ്ക് മാർഗനിർദേശമനുസരിച്ചായിരിക്കണം ഇത്.

ഓരോ ബാങ്കും ഇക്കാര്യത്തിൽ പ്രത്യേക തീരുമാനമെടുക്കും. മിക്കവാറും, ഇടപാടുകാർ മൊറട്ടോറിയം വേണമെന്ന് ലളിതമായ ഒരു അപേക്ഷ നൽകേണ്ടിവരും. ഇത് എസ്എംഎസ് ആയിപ്പോലും നടപ്പാക്കാനാകും. അപേക്ഷ നൽകാത്തവരുടെ മാസത്തവണ സാധാരണനിലയിൽ തുടരുകയും ചെയ്യും.

5. ഇങ്ങനെ 3 മാസം തിരിച്ചടയ്ക്കാതിരുന്നാൽ അത് വീഴ്ച (ഡിഫോൾട്ട്) ആയി കണക്കാക്കുമോ? ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?

∙ മൊറട്ടോറിയം കാലാവധിയിൽ തിരിച്ചടവു മുടക്കുന്നത് ഡിഫോൾട്ട് അല്ല. വായ്പ തിരിച്ചടവിനുള്ള മൊറട്ടോറിയവും പലിശയടവു മാറ്റിവയ്ക്കുന്നതും കോവിഡ് പ്രതിസന്ധി മറികടക്കാൻ ഇടപാടുകാർക്കു ലഭ്യമാക്കുന്ന സൗകര്യമെന്നു റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ഇടപാടുകാർക്കു തിരിച്ചടവിനുള്ള പ്രയാസമെന്നു വിലയിരുത്തി വായ്പ വ്യവസ്ഥകളിൽ മാറ്റം വരുത്താൻ ബാങ്കുകൾക്ക് അനുവാദമില്ല; തിരിച്ചടവു മുടങ്ങിയതായി കണക്കാക്കി കിട്ടാക്കട ഗണത്തിൽ പെടുത്തുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാവില്ല. സിബിൽ പോലെയുള്ള ക്രെഡിറ്റ് ഇൻഫമേഷൻ ഏജൻസികൾ ക്രെഡിറ്റ് സ്കോർ തയാറാക്കുമ്പോൾ കണക്കിലെടുക്കുകയുമില്ല.

6. പ്രവർത്തനമൂലധന വായ്പാസൗകര്യമുള്ളയാളാണു ഞാൻ. കാഷ് ക്രെഡിറ്റ്, ഓവർഡ്രാഫ്റ്റ് സൗകര്യങ്ങൾക്കുള്ള മാർജിൻ ബാങ്കുകൾ കുറയ്ക്കുമോ?

മാർജിൻ അഥവാ വായ്പയെടുക്കുന്നവരുടെ വിഹിതം കുറയ്ക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. സാധാരണഗതിയിൽ, മാർജിൻ ഇളവു നൽകിയാ‍ൽ അത് ഇടപാടുകാരന്റെ ആസ്തിമൂല്യത്തെ ബാധിക്കും. പക്ഷേ മാർജിൻ ഇളവു നൽകുന്നത് ഇപ്പോൾ ബാങ്കുകൾക്ക് ആലോചിക്കാമെന്നും അത് ഇടപാടുകാരുടെ ക്രെഡിറ്റ് സ്റ്റാറ്റസിനെ ബാധിക്കില്ലെന്നുമാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്.

7. ബാങ്കുകൾക്ക് അധികമായി കാഷ് ക്രെഡിറ്റ്, ഓവർഡ്രാഫ്റ്റ് വായ്പകൾ നൽകാനാകുമോ?

∙ ധനസ്ഥാപനങ്ങൾക്ക് പ്രവർത്തന മൂലധന സൈക്കിൾ പുനരവലോകനം ചെയ്യാമെന്നും ഉയർന്ന വായ്പകൾ നൽകാമെന്നുമാണ് റിസർവ് ബാങ്ക് പറഞ്ഞിരിക്കുന്നത്. 

∙ പ്രമുഖ പൊതുമേഖലാ ബാങ്കിൽ ഉന്നത ഉ‌‌ദ്യോഗസ്ഥനാണു ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com