ADVERTISEMENT

ഇന്ത്യക്കാർ ഏറ്റവുമധികം കാത്തിരിക്കുന്നതും ആഘോഷമാക്കുന്നതും വിവാഹങ്ങളാണ്. വിവാഹ വസ്ത്രം, ആഭരണം, ഓഡിറ്റോറിയം, ഇവന്റ് മാനേജ്മെന്റ്, ഫോട്ടോഷൂട്ട്, സേവ് ദ് ഡേറ്റ് തുടങ്ങിയവ എല്ലാമുൾപ്പെടുന്ന ഉത്സവമാണ് വിവാഹം. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ നിശ്ചലമായിരിക്കുകയാണ് വിവാഹ വിപണി. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താൻ തീരുമാനിച്ച വിവാഹങ്ങളെല്ലാം മാറ്റിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ് ആളുകൾ. ഇന്ത്യ മുഴുവൻ ലോക് ഡൗൺ ആയിരിക്കുന്ന അവസരത്തിൽ വിവാഹവുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിവിധ മേഖലകൾ പ്രതിസന്ധിയിലാണ്. മേയ്, ജൂൺ മാസത്തോടെ സ്ഥിതിഗതിയിൽ മാറ്റങ്ങളുണ്ടാകും എന്നു കരുതി വിവാഹതീരുമാനവുമായി മുന്നോട്ടു പോകുന്നവരുമുണ്ട്.

ലോകത്തെ വമ്പൻ വിപണി

ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വിവാഹ വിപണിയാണ് ഇന്ത്യ. 3.75 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ വിവാഹ വിപണിയിലുള്ളത്. അമേരിക്കയാണ് വിവാഹ വിപണിയിൽ ഒന്നാം സ്ഥാനത്തുള്ളത്. 5 ലക്ഷം മുതൽ 5 കോടി വരെ വിവാഹത്തിനായി ചെലവഴിക്കുന്ന കുടുംബങ്ങളാണ് ഇന്ത്യയിലുള്ളത്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഒരു ദിവസം ശരാശരി 30,000 വിവാഹങ്ങളാണ് നടക്കുന്നത്. തങ്ങളുടെ സമ്പത്തിന്റെ 20 ശതമാനവും വിവാഹത്തിനായാണ് ശരാശരി ഇന്ത്യൻ കുടുംബങ്ങൾ മുടക്കുന്നത്. മെട്രോപോളിറ്റൻ സിറ്റികളിൽ ശരാശരി വിവാഹത്തിനായി ചെലവഴിക്കുന്നത് 25 മുതൽ 75 ലക്ഷം രൂപ വരെയാണ്. വധൂവരന്മാരെ കണ്ടെത്തുന്നതിനായി ഒരു വർഷം വിവിധ മാട്രിമോണിയൽ സൈറ്റുകളിൽ ചെലവഴിക്കുന്നത് 200 മുതൽ 250 കോടി രൂപ വരെ.

ഡെസ്റ്റിനേഷൻ വെഡിങ്

വിവാഹത്തിനായി ഡെസ്റ്റിനേഷൻ തിരഞ്ഞെടുക്കുന്നതാണ് ഇന്ന് ട്രെൻഡ്. വിദേശത്തും സ്വദേശത്തുമായി ഇത്തരം സ്ഥലങ്ങൾ തിരഞ്ഞടുക്കുന്നത് വിവാഹ വിപണിയിൽ വൻ ചലനങ്ങളാണ് സ‍ഷ്ടിക്കുന്നത്. ഈ വർഷം ഇന്ത്യയിലെ ഡെസ്റ്റിനേഷൻ വെഡിങ്ങ് വിപണി 45000 കോടി കടക്കുമെന്നാണ് കണക്കുകൾ ഫറയുന്നത്. 25 മുതൽ 30 ശതമാനം വരെ വാർഷിക വർധനയാണ് ഈ മേഖലയിൽ പ്രതിവർഷം ഉണ്ടാകുന്നത്. രാജസ്ഥാൻ, ഗോവ, കേരളം എന്നിവിടങ്ങളാണ് ഡെസ്റ്റിനേഷൻ വെഡിങ്ങുകൾക്കായി കൂടുതലായി തിരഞ്ഞെടുക്കുന്നത്. ഹോട്ടലുകളിൽ 80 ശതമാനത്തിനു മുകളിൽ ബുക്കിങ്ങുകൾ റദ്ദാക്കിയിട്ടുള്ള സാഹചര്യമാണ്. വിവാഹങ്ങൾ മാറ്റിവയ്ക്കുകയും ഡെസ്റ്റിനേഷനിൽ മാറ്റം വരുത്തുകയും ചെയ്യുന്നത് വിവാഹ വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. 1000 മുതൽ 1500 കോടിയോളം രൂപയുടെ നഷ്ടമാണ് ഈ മേഖലയിൽ കണക്കാക്കുന്നത്. 

നിശ്ചലമായി ഹണിമൂൺ ഡെസ്റ്റിനേഷൻസ്

ഹിൽറ്റൺ, ഹയാത്ത്, മാരിയറ്റ് മുതലായ ഭീമൻ ഹോസ്പിറ്റാലിറ്റി കമ്പനികൾ അവർ ഏറ്റെടുത്ത വിവാഹ പരിപാടികൾ എല്ലാം ഒഴിവാക്കിയിരിക്കുകയാണ്. ചൈന, തായ്‌ലൻഡ്, കംബോഡിയ എന്നിവിടങ്ങളിലേക്ക് മധുവിധുയാത്ര പ്ലാൻ ചെയ്തിരുന്നവർ തീരുമാനങ്ങളിൽ മാറ്റം വരുത്തി. സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇന്തോനേഷ്യയിലെ ബാലി, മലേഷ്യ എന്നിവിടങ്ങളിലേക്കും ഇപ്പോൾ യാത്രയ്ക്ക് വിലക്കുണ്ട്. ഇന്ത്യക്കുള്ളിൽ മധുവിധു പ്ലാൻ ചെയ്തിരുന്നവരും തീരുമാനം മാറ്റേണ്ടിവന്നു.

വെഡിങ് ഫൊട്ടോഗ്രഫി

പ്രീ ഡെഡിങ്, വെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾ, സേവ് ദ് ഡേറ്റ്, വെഡിങ് ആൽബം എന്നിവയ്ക്കായി 25000 രൂപ മുതൽ 5 ലക്ഷം വരെയാണ് ശരാശരി വിവാഹങ്ങളിൽ മുടക്കുന്നത്. ഇതെല്ലാം ഒറ്റയടിക്ക് മുടങ്ങിപ്പോയ സ്ഥിതി.

തകർച്ചയിൽ വിവാഹ ഫാഷൻ രംഗവും

വിവാഹ വസ്ത്രങ്ങൾക്കായി 2 മുതൽ 3 ലക്ഷം രൂപയും സ്വർണാഭരണങ്ങൾക്കായി 5 ലക്ഷവും അതിനു മുകളിലും മുടക്കുന്നവരുണ്ട്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഫാഷൻ വ്യവസായവും പ്രതിസന്ധിയിലായിരിക്കുകയാണ്. ലോക് ഡൗൺ വന്നതോടെ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ വൻ ഇടിവുണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. സ്വർണ വ്യാപാര രംഗത്ത് 25 ശതമാനം വിൽപന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഓൺലൈൻ വസ്ത്ര വ്യാപാരം മാത്രമാണ് ഇപ്പോൾ നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com