ADVERTISEMENT

കൊച്ചി ∙ കോവിഡ് സാഹചര്യത്തിൽ വിറ്റഴിക്കാനാവാത്ത പാൽ പാൽപ്പൊടിയാക്കാൻ മിൽമ നടപടികളാരംഭിച്ചു. കർഷകരിൽനിന്ന് സംഭരിച്ചെങ്കിലും വിൽക്കാനാവാത്ത പാൽ തമിഴ്നാട്ടിലെ വിവിധ കമ്പനികളിലേക്ക് അയച്ച് പാൽപ്പൊടിയാക്കി തിരിച്ചെത്തിക്കാനാണ് തീരുമാനം. ഇതുപ്രകാരം 2 ടാങ്കറുകളിലായി 40,000 ലീറ്റർ പാൽ ഈറോഡിലേക്ക് അയച്ചുകഴിഞ്ഞു. വരുംദിവസങ്ങളിലും ഇതു തുടരേണ്ടിവരുമെന്ന് മിൽമ എറണാകുളം മേഖലാ ചെയർമാൻ ജോൺ തെരുവത്ത് ‘മനോരമ’യോടു പറഞ്ഞു.

കോവിഡ് സാഹചര്യത്തിൽ നടപ്പാക്കിയ ലോക്ഡൗൺ കാരണം പാൽവിൽപനയിൽ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. പ്രതിദിനം 3.50 ലക്ഷം ലീറ്റർ പാലായിരുന്നു മിൽമ എറണാകുളം മേഖലയിൽ വിൽപന നടത്തിയിരുന്നത്. അതിൽ 2.80 ലക്ഷം ലീറ്റർ കർഷകരിൽനിന്നു സംഭരിക്കുകയും ബാക്കി 80,000 ലീറ്റർ അയൽസംസ്ഥാനങ്ങളിൽനിന്ന് വാങ്ങുകയുമായിരുന്നു. കോവിഡിന്റെ വരവോടെ കാര്യങ്ങൾ തകിടംമറിഞ്ഞു. പ്രതിദിനം ശരാശരി 3 ലക്ഷം ലീറ്റർ പാൽ കർഷകരിൽനിന്ന് സംഭരിക്കുകയും അതിൽ 2.50 ലക്ഷം ലീറ്റർ പാൽ മാത്രം വിൽക്കാൻ സാധിക്കുകയും ചെയ്തതോടെയാണ് മിൽമയ്ക്കു മുന്നിൽ പ്രതിസന്ധി ഉയർന്നത്. വിൽപനയ്ക്ക് അനുസൃതമായി കർഷകരിൽനിന്ന് പാൽ വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടെന്നാണ് മിൽമയുടെ നിലപാട്. 

സാമ്പത്തിക പ്രതിസന്ധി കാരണം ക്ഷീരമേഖലയിൽനിന്ന് കർഷകർ വിട്ടുപോകുന്ന അവസരത്തിൽ മിൽമയുടെ പാൽസംഭരണംകൂടി നിർത്തിയാൽ അതു കനത്ത തിരിച്ചടിയാകും. ഉൽപാദനചെലവിന് അനുസൃതമായി പാലിന് വില ലഭിക്കുന്നില്ലെന്നതും കാലിത്തീറ്റയുടെ ഉയർ‍ന്ന വിലയുമാണ് കർഷകരെ വലയ്ക്കുന്നത്. അതോനൊടപ്പം കോവിഡ് വ്യാപനംകൂടിയായപ്പോൾ കർഷകർ തകർച്ചയിലേക്ക് കൂപ്പു കുത്തുകയാണ്. 

ക്ഷീരസംഘങ്ങളുടെ പ്രാദേശികവിൽപന കുറഞ്ഞതോടെ കർഷകർ സംഘങ്ങൾ വഴി മിൽമയിലേക്ക് എത്തിക്കുന്ന പാലിന്റെ അളവിൽ കാര്യമായ വർധനവാണ് വന്നിരിക്കുന്നത്. അതാവട്ടെ മിൽമയ്ക്കു വിറ്റഴിക്കാനാവുന്നുമില്ല. മൊബൈൽ  ആപ്പ് വഴി ഓൺലൈൻ വിൽപനയൊക്കെ പരീക്ഷിക്കുന്നുണ്ടെങ്കിലും സംഭരണത്തിന് അനുസൃതമായ വർധന വിൽപനയിലുണ്ടായിട്ടില്ല. 

വിൽപന നടത്താനാവാത്ത പാൽ സംഭരിച്ചുസൂക്ഷിക്കാൻ മിൽമയ്ക്ക് വിപുലമായ സംവിധാനങ്ങളുണ്ട്. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ 930 ക്ഷീരസംഘങ്ങളിലെ 153 ബിഎം കൂളറുകളിലായി മൊത്തം 7.5 ലക്ഷം ലീറ്റർ പാൽ സൂക്ഷിക്കാനാകും. സംഭരണം കൂടുകയും വിൽപന കുറയുകയും ചെയ്താൽ സൂക്ഷിക്കാനാവുന്ന പാലിന്റെ അളവിൽകൂടുതൽ പൽ മിൽമയിലേക്ക് വരാനിടയുണ്ടെന്ന സാധ്യതകൂടി മുന്നിൽക്കണ്ടാണ് അതിൽനിന്നൊരു ഭാഗം പാല‍പ്പൊടിയാക്കി സൂക്ഷിക്കാൻ മിൽമ തീരുമാനിച്ചിരിക്കുന്നത്. 

പാൽവിൽപന രാത്രി 9 വരെ അനുവദിക്കണം

കടകൾ തുറന്നു പ്രവർത്തിക്കുന്നതിൽ നേരിടുന്ന നിയന്ത്രണമാണ് പാലിന്റെ വിൽപനയിലെ കുറവിനു പ്രധാന കാരണം. ഇതു കണക്കിലെടുത്ത് പാൽവിൽപനയ്ക്ക് രാത്രി 9 വരെ സമയം അനുവദിക്കണമെന്ന് സർക്കാരിനു മുന്നിൽ പ്രത്യേക അപേക്ഷ സമർപ്പിച്ചതായി മിൽമ മേഖലാ ചെയർമാൻ പറഞ്ഞു. രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് ഇപ്പോഴത്തെ വിൽപനസമയം. ഇതു മാറ്റാൻ കലക്ടർക്ക് അപേക്ഷ കൊടുത്തെങ്കിലും സർക്കാർ തീരുമാനം വേണമെന്ന മറുപടി ലഭിച്ചതോടെയാണ് സർക്കാരിനെ സമീപിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com