ADVERTISEMENT

ചോദ്യം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജോലിക്കു ഹാജരാകാത്ത തൊഴിലാളികൾക്ക് വേതനം നൽകേണ്ടതുണ്ടോ?

കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാർക്ക് ‘വർക്ക് അറ്റ് ഹോം’ അനുവദിക്കാനുള്ള നിയമപരമായ ബാധ്യത സ്ഥാപനങ്ങൾക്കുണ്ടോ? കൊറോണ വൈറസ് ഭീഷണിയുള്ളതിനാൽ ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഞങ്ങൾ അവരോട് ജോലിക്കുവരേണ്ടതില്ല എന്ന് നിർദ്ദേശിക്കുകയുണ്ടായി. അവരെ ലേ ഓഫ് ചെയ്തതായി കണക്കാക്കി പകുതി ശമ്പളം നൽകിയാൽ മതിയോ?

ഉത്തരം: കോവിഡ് വ്യാപനം തടയുക എന്ന ഉദ്ദേശ്യത്തോടെ സാധിക്കാവുന്ന മേഖലകളിൽ ജീവനക്കാർക്ക് ‘വർക്ക് അറ്റ് ഹോം’ അനുവദിക്കണം എന്ന് പ്രധാനമന്ത്രി അടക്കമുള്ളവർ അഭ്യർത്ഥന പുറപ്പെടുവിച്ചിട്ടുണ്ട് എന്നത് ശരിയാണ്. അത് ഒരു അഭ്യർത്ഥന മാത്രമാണ്. ജീവനക്കാർക്ക് ‘വർക്ക് അറ്റ് ഹോം’ അനുവദിക്കാൻ തൊഴിലുടമകളെ നിർബന്ധിക്കുന്ന ഒരു നിയമവും നമ്മുടെ രാജ്യത്ത് ഇന്നു നിലവിലില്ല. എങ്കിലും,‘വർക്ക് അറ്റ് ഹോമി’ന് സാധ്യതയുണ്ടെങ്കിൽ അത് അനുവദിച്ച് സർക്കാരിന്റെ കൊറോണ നിയന്ത്രണ ശ്രമങ്ങളുമായി സഹകരിക്കണം എന്നതാണ്. 

ഫാക്ടറികൾ, ഖനികൾ, പ്ലാന്റേഷൻ എന്നീ സ്ഥാപനങ്ങൾക്കു മാത്രമേ ലേ ഓഫ് വ്യവസ്ഥകൾ ബാധകമാകുകയുള്ളൂ. അതും തൊട്ടുമുമ്പുള്ള മാസത്തിൽ ശരാശരി 50 തൊഴിലാളികളെങ്കിലും ജോലിക്കുണ്ടായാൽ മാത്രം. തൊഴിലാളിയുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 50% വരുന്ന തുകയാണ് ലേഓഫ് വേതനമായി നൽകേണ്ടത്. ലേഓഫ് വേതനത്തിന്മേൽ ഇഎസ്ഐ, ഇപിഎഫ് കോൺട്രിബ്യൂഷനുകൾ അടയ്ക്കാനും ബോണസ് നൽകാനും ഉള്ള ബാധ്യത തൊഴിലുടമയ്ക്കുണ്ട്. 

ശരാശരി നൂറോ അതിൽ കൂടുതലോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ലേഓഫ് പ്രഖ്യാപിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട സർക്കാരിന്റെ മുൻകൂർ അനുവാദം വാങ്ങേണ്ടതുണ്ട്. ലേഓഫ് പ്രഖ്യാപിക്കുന്നതിനുള്ള അനുവാദം തേടിയുള്ള അപേക്ഷ സർക്കാരിന് സമർപ്പിച്ച് 60 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരിയിൽ നിന്നും ഉത്തരവുകളൊന്നും ലഭിക്കുന്നില്ലെങ്കിൽ ലേഓഫിനുള്ള അനുവാദം ലഭിച്ചതായി കണക്കാക്കാവുന്നതാണ്. 

നിയമന കരാറിലോ സ്റ്റാന്റിങ് ഓർഡറുകളിലോ വ്യവസ്ഥയുണ്ടെങ്കിൽ ലേഓഫ് കാലയളവ് 45 ദിവസം പിന്നിടുന്ന പക്ഷം ലേഓഫ് വേതനം തുടർന്ന് നൽകുന്നതു നിർത്തലാക്കാവുന്നതാണ് എന്നു മാത്രമല്ല ലേഓഫ് ചെയ്യപ്പെട്ട തൊഴിലാളികളെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് പിരിച്ചുവിടാവുന്നതുമാണ്. അപ്രകാരം പിരിച്ചുവിടുമ്പോൾ അവസാന 12 മാസകാലയളവിൽ ലേഓഫ് വേതനമായി നൽകിയ തുക മുഴുവൻ തൊഴിലാളികൾക്കു നൽകേണ്ടുന്ന റിട്രെഞ്ച്മെന്റ് കോംപൻസേഷൻ തുകയിൽനിന്നു കുറവു ചെയ്യാവുന്നതുമാണ്. പക്ഷേ, തൊഴിലാളികളുടെ എണ്ണം നൂറോ അതിൽ കൂടുതലോ ആണെങ്കിൽ മേൽപറഞ്ഞ പ്രകാരം തൊഴിലാളികളെ പിരിച്ചുവിടാവുന്നതല്ല.

ലേഓഫ് വ്യവസ്ഥകൾ ബാധകമല്ലാത്ത കടകളിലെയും മറ്റ് വാണിജ്യ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് ജോലി നൽകാൻ കഴിയാത്ത ഒരു സാഹചര്യമുണ്ടായാൽ ‘നോ വർക്ക് നോ പേ’ എന്ന നയം നടപ്പിലാക്കാവുന്നതാണ്. പക്ഷേ, ആയതിന് അത്തരത്തിലുള്ളൊരു വ്യവസ്ഥ നിയമന കരാറിലോ സ്റ്റാന്റിങ് ഓർഡറിലോ ഉണ്ടായിരിക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com