ADVERTISEMENT

കൊച്ചി ∙ പൊതു മേഖലയിലെ 10 ബാങ്കുകൾ ഉൾപ്പെടുന്ന മെഗാ ലയനം പ്രാബല്യത്തിൽ. ഇതോടെ ഇവയുടെ എണ്ണം നാലായി. ലയനത്തിനു വിധേയമായ ആറു ബാങ്കുകളും ബന്ധപ്പെട്ട ആങ്കർ ബാങ്കിന്റെ ഭാഗമായിട്ടായിരിക്കും ഇനി പ്രവർത്തിക്കുക. ലയനത്തിലൂടെ ആങ്കർ ബാങ്കുകളുടെ ഇടപാടുകാരാകുന്നവർക്കു പുതിയ അക്കൗണ്ട് നമ്പർ, ചെക് ബുക്, എടിഎം / ഡെബിറ്റ് കാർഡ് തുടങ്ങിയവ ഇപ്പോഴത്തെ പരിമിതമായ സാഹചര്യം മൂലം സാവകാശത്തിൽ മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ ബാങ്ക് ഇടപാടുകൾക്ക് പ്രയാസമില്ല.

ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷനൽ ബാങ്കിലാണു ലയിച്ചത്. സിൻഡിക്കറ്റ് ബാങ്ക് കാനറ ബാങ്കിലും അലഹാബാദ് ബാങ്ക് ഇന്ത്യൻ ബാങ്കിലും ലയിച്ചു. ആന്ധ്ര ബാങ്കും കോർപറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാഗമായി.

ലയനത്തോടെ കാനറ ബാങ്കിന് 10,391 ശാഖകളായെന്ന് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ എൽ.വി. പ്രഭാകർ പറഞ്ഞു. കോർ ബാങ്കിങ് സംവിധാനത്തിന്റെ ഏകീകരണം വൈകാതെയുണ്ടാകും.

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സിന്റെയും എല്ലാ ഇടപാടുകാരെയും ഇനി പഞ്ചാബ് നാഷനൽ ബാങ്കിന്റെ ഇടപാടുകാരായാണു കണക്കാക്കുകയെന്നു മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എസ്.എസ്. മല്ലികാർജുന റാവു അറിയിച്ചു. എല്ലാ ശാഖകളിലും ‘ബാങ്ക് സാഥി’മാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ ഇടപാടുകാർക്ക് എല്ലാ സഹായങ്ങളും ചെയ്യും. പിഎൻബി പുതിയ ലോഗോ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

അലഹാബാദ് ബാങ്കിനെ സ്വന്തമാക്കിയതിലൂടെ ഇന്ത്യൻ ബാങ്കിന്റെ സാന്നിധ്യം കൂടുതൽ വ്യാപകമായിരിക്കുകയാണെന്നു മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ പത്മജ ചുന്ദൂരു പറഞ്ഞു. അലഹാബാദ് ബാങ്കെന്ന നിലയിൽ പ്രവർത്തിച്ച ഒരു ശാഖ പോലും പൂട്ടാൻ ഉദ്ദേശ്യമില്ല. പുതിയ ബോർഡുകൾ സ്ഥാപിക്കാൻ ഏതാനും ദിവസമെടുക്കുമെന്നും അവർ അറിയിച്ചു.

ലയനത്തിനു വിധേയമായ രണ്ടു ബാങ്കുകളുടെയും മുഴുവൻ ശാഖകളെയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖകളുമായി ബന്ധിപ്പിച്ചുകഴിഞ്ഞെന്നു മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ജി. രാജ്കിരൺ റായ് പറഞ്ഞു. ജീവനക്കാരുടെ അന്വേഷണങ്ങൾക്കു മറുപടി നൽകാൻ ‘മൈക്രോസൈറ്റ്’ പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com