ADVERTISEMENT

ഒരു അസാധാരണ കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. കോവിഡ് -19 എന്ന മഹാമാരി ലോകമെമ്പാടും പടരുന്നു; ഇന്ത്യയിലടക്കം. കോവിഡ് ഇപ്പോൾ 206 രാജ്യങ്ങളിൽ പടർന്നുകഴിഞ്ഞു. 15 ലക്ഷത്തോളം ആളുകളെ ബാധിക്കുകയും 80,000 ൽ അധികം ആളുകൾ മരിക്കുകയും ചെയ്തു. കോവിഡ്  വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ലോക്ഡൗൺ ഇവിടുത്തെ 130 കോടി ജനങ്ങളുടെ ജീവിതത്തെയും ഇതുമായി ബന്ധപ്പെട്ട അനവധി വാണിജ്യ-വ്യവസായ സംരംഭങ്ങളുടെ പ്രവർത്തനങ്ങളെയും പിടിച്ചുലയ്ക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യും എന്നതിൽ തർക്കമില്ല.

ഇത് സാമ്പത്തിക ക്രയവിക്രയങ്ങളെല്ലാം പൊടുന്നനെ തടസ്സപ്പെടുത്തുകയും പൊതുജീവിതത്തെ കടുത്ത ബുദ്ധിമുട്ടിലാക്കുകയും ചെയ്തു. ഒരുപക്ഷേ ഇപ്പോഴും നമ്മൾ മഹാമാരിയുടെ പ്രാരംഭഘട്ടത്തിൽ ആയിരിക്കാം. ഈ രണ്ടുമാസത്തിനുള്ളിൽത്തന്നെ ലോക സാമ്പത്തിക വ്യവസ്ഥ തകിടം മറിഞ്ഞിരിക്കുകയാണ്. സ്റ്റോക്ക് മാർക്കറ്റുകൾ മൂന്നിലൊന്ന് ഇടിഞ്ഞു, പല രാജ്യങ്ങളിലും ഫാക്ടറികൾ, വിമാനത്താവളങ്ങൾ, ഓഫിസുകൾ, സ്കൂളുകൾ, കടകൾ എന്നിവ അടച്ചു. തൊഴിലാളികൾ ജോലിയെപ്പറ്റി ആശങ്കാകുലരാണ്, അതേസമയം കമ്പനികൾ കടബാധ്യതകൾ വരുത്തുമെന്ന് നിക്ഷേപകരും ഭയപ്പെടുന്നു. ഇതെല്ലാം ആധുനിക കാലത്തെ തീവ്രമായ സാമ്പത്തിക മാന്ദ്യത്തിലേക്കാണു വിരൽ ചൂണ്ടുന്നത്.

സാമ്പത്തിക വർഷത്തിന്റെ മൂന്നാം ത്രൈമാസത്തിൽ ഇന്ത്യയുടെ യഥാർഥ ജിഡിപി ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കുപോയി, കൂടാതെ കോവിഡ് 19 വ്യാപനം പുതിയ വെല്ലുവിളികൾ ഉയർത്തി. 20- 21 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയിൽ ജിഡിപി 6 ശതമാനം കണ്ട് വർധിക്കുമെന്ന് ആർബിഐയും 5.2 ശതമാനം വർധിക്കുമെന്ന്  ക്രിസിലും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴത്തെ മാറിയ സാഹചര്യത്തിൽ, ക്രിസിൽ, വർധന നിരക്ക് 170 അടിസ്ഥാന പോയിന്റ് കമ്മി വരുത്തിക്കൊണ്ട്  3.5 ശതമാനമാക്കി നിജപ്പെടുത്തിയിരിക്കുന്നു.

അതേസമയം മാർച്ചിൽ നടന്ന മോണിറ്ററി പോളിസി മീറ്റിങ്ങിൽ 20- 21 സാമ്പത്തിക വർഷത്തിന്റെ വളർച്ചയെ സംബന്ധിച്ച ഒരു സൂചനയും നൽകേണ്ടതില്ല എന്നാണ് ആർബിഐ തീരുമാനിച്ചത്!  നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം, നേരത്തെ പ്രതീക്ഷിച്ച 5.1 ശതമാനത്തിൽ നിന്ന്, 30 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2 ശതമാനമായി കുറച്ചതായി ഏപ്രിൽ 3ന് ഫിച് റേറ്റിങ് അറിയിച്ചു. അസംസ്കൃത എണ്ണയുടെ നിരക്ക് 64% ഇടിഞ്ഞു, രൂപയുടെ വിനിമയനിരക്കു ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 6 ശതമാനം കണ്ടു കുറയുകയും ചെയ്തു.‌

എംഎസ്എംഇ സംരംഭകർ ആണ് ഈ അവസരത്തിൽ ഏറ്റവും വലിയ നഷ്ടം നേരിടുന്ന വിഭാഗം. ഈ വിഭാഗക്കാർക്ക് ഇത്തരമൊരു മഹാമാരി അതിജീവിക്കാനുള്ള ത്രാണിയില്ല എന്നു മാത്രമല്ല ദീർഘകാലത്തേക്കുള്ള അടച്ചിടൽ താങ്ങാനുള്ള ശേഷിയും ഇല്ല. ഇന്ത്യയുടെ  ജിഡിപിയുടെ 29% ശതമാനവും സംഭാവന ചെയ്യുന്നത് ചെറുകിട സംരംഭങ്ങൾ ആണ്, മാത്രമല്ല ഈ മേഖലയിലെ 1.2 കോടി തൊഴിലവസരങ്ങൾ നൽകുക വഴി ഇന്ത്യയിലെ മൊത്തം കയറ്റുമതിയുടെ 48 ശതമാനം ഇവരുടെ സംഭാവനയാണ്.

18-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ചെറുകിട സംരംഭക മേഖലയിൽ കേരളം പന്ത്രണ്ടാം സ്ഥാനത്താണ്. ഏകദേശം 24 ലക്ഷം യൂണിറ്റുകളിലായി 40 ലക്ഷം ആൾക്കാർക്കാണ് കേരളത്തിൽ തൊഴിൽ നൽകി വരുന്നത്. കേരളത്തിലെ മൊത്തം തൊഴിലാളികളുടെ 46% ശതമാനം അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ്. കൂടാതെ കേരളത്തിൽ 35 ലക്ഷത്തോളം അതിഥി തൊഴിലാളികൾ ദിവസവേതന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നുമുണ്ട്. അതിൽ ഏഴ് ലക്ഷത്തോളം പേർ ഫാക്ടറി തൊഴിലാളികളാണ്. കേരളത്തിൽ മൊത്തം ജനസംഖ്യയുടെ 3.2 ശതമാനം മത്സ്യബന്ധനവും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ 222 സമുദ്ര മത്സ്യബന്ധന ഗ്രാമങ്ങളിലും 113 ഉൾനാടൻ മത്സ്യബന്ധന ഗ്രാമങ്ങളിലും അവർ താമസിക്കുന്നു. 2016-17ലെ മത്സ്യത്തൊഴിലാളികളുടെ എണ്ണം 1.03 ദശലക്ഷമായി കണക്കാക്കപ്പെടുന്നു. ഈ പ്രതികൂല സാഹചര്യങ്ങളിൽ പ്രതിദിന വേതനക്കാർക്ക് അവരുടെ ജോലിയും വരുമാനവും നഷ്ടപ്പെട്ടു.

ഏകദേശം 3 ദശലക്ഷം കേരളീയർ വിദേശത്ത് ജോലി ചെയ്യുന്നു; പ്രധാനമായും ഗൾഫ് മേഖലകളിൽ. അവരിൽ വലിയൊരു ശതമാനവും താഴ്ന്ന അല്ലെങ്കിൽ ഇടത്തരം വരുമാനക്കാരാണ്. അവർ നാട്ടിലേക്ക് അയയ്ക്കുന്ന പണം  മൊത്തം സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിൽ 36.5% സംഭാവന ചെയ്യുന്നു. ആസന്നമായ സാമ്പത്തിക മാന്ദ്യവും എണ്ണവിലയിലുള്ള ഇടിവും ഈ ജോലികളിൽ പലതിനെയും സാരമായി ബാധിക്കും. അതുവഴി ഈ വരുമാനം മാത്രമല്ല, പ്രവാസികളിൽ ഭൂരിഭാഗവും കോവിഡിനു ശേഷം കേരളത്തിലേക്കു മടങ്ങാൻ നിർബന്ധിതരായിത്തീരും. ഇത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ നേരിട്ടും അല്ലാതെയും പ്രതികൂലമായി ബാധിക്കുകയും സംസ്ഥാനത്തിന്റെ സാമൂഹിക ഘടനയെ സ്വാധീനിക്കുകയും ചെയ്യും. 2016-17ൽ കേരളത്തിന്റെ മൊത്തം GSVA യുടെ 10.5% കാർഷിക അനുബന്ധ മേഖലകളാണ് സംഭാവന ചെയ്തത്. ഈ മേഖലകളെയെല്ലാം പ്രതികൂലമായി ബാധിക്കും.

നമ്മൾ ഓരോരുത്തരുടെയും അവസ്ഥയിൽനിന്നു വ്യത്യസ്തമായി, വൻതോതിൽ പിരിച്ചുവിടലുകൾക്ക് വിധേയമാകുന്ന വ്യവസായങ്ങളിലും സമൂഹത്തെ നിലനിർത്തുന്ന ഉയർന്ന അപകടസാധ്യതയുള്ള തൊഴിൽരംഗങ്ങളിലും ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് അനൗപചാരിക തൊഴിലാളികളുടെ ദൗർഭാഗ്യകരമായ അവസ്ഥയെ, കൊറോണ വൈറസ് മഹാമാരി വരുത്തിയ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയിലൂടെ അങ്ങേയറ്റം തുറന്നുകാട്ടുന്നു. യാതൊരു രേഖകളും ഇല്ലാത്തവരും നിർമാണപ്രവർത്തനങ്ങളിലും റസ്റ്ററന്റുകളിലും മറ്റു സേവന മേഖലകളിലും പ്രവർത്തിക്കുന്നവരുമായവർക്ക് ഇതിനകം ജോലി നഷ്‌ടപ്പെട്ടു. സേവന മേഖലയാണ് കോവിഡ് ബാധയുമായി ബന്ധപ്പെട്ട് ഏറ്റവും ദുരിതം അനുഭവിക്കുന്നത്.

അതിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് അതിഥി തൊഴിലാളികളാണ്. മറ്റ് ഔപചാരിക തൊഴിലാളികളിൽ നിന്ന് വ്യത്യസ്തമായി, സർക്കാർ രേഖകളിൽ ഇല്ലാത്ത അതിഥി തൊഴിലാളികകൾക്ക് ജോലി നഷ്‌ടപ്പെടുകയോ അസുഖം ബാധിക്കുകയോ ചെയ്താൽ അവർക്ക് സാമൂഹികസുരക്ഷാ പദ്ധതികളോ ആരോഗ്യ ഇൻ‌ഷുറൻസുകളോ അനുസരിച്ചുള്ള ആനുകൂല്യമോ വേതനത്തോടെയുള്ള അവധിയോ ലഭിക്കുന്നില്ല. ഇത് അവരെയും അവരെ ആശ്രയിക്കുന്നവരെയും ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ മാസം പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങൾക്കു മിക്കവരും അർഹരല്ല. അവർക്കു വേണ്ടത്ര ഭക്ഷണവും അവശ്യസാധനങ്ങളും നൽകിയിട്ടുണ്ടെങ്കിലും അടുത്തിടെ ചില സംസ്ഥാനങ്ങളിൽ കണ്ട പ്രക്ഷോഭം, അവർ സർക്കാരിനെയും സംവിധാനത്തെയും വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു.

ഗുരുതരമായി ബാധിക്കപ്പെട്ട മറ്റൊരു മേഖലയാണ് ടൂറിസവും അനുബന്ധ സേവനങ്ങളും. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കേരളത്തിന്റെ ജിഡിപിയുടെ 10 ശതമാനമാണ് ടൂറിസം മേഖല സംഭാവന ചെയ്യുന്നത്. സംസ്ഥാനത്തെ മൊത്തം തൊഴിലിൽ 23.5 ശതമാനം ടുറിസം മേഖല സംഭാവന ചെയ്യുന്നു. വിനോദസഞ്ചാര സീസണിന്റെ അവസാന മാസങ്ങളിലാണ് മഹാമാരി വന്നത് എന്നതാണ് ഒരു ആശ്വാസം. എന്നിരുന്നാലും വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് വളരെ സമയമെടുക്കും.

കോവിഡ് വ്യാപനത്താൽ ബാധിക്കപ്പെടുന്ന ആളുകളുടെ അന്തിമ എണ്ണത്തെപ്പറ്റിയും കോവിഡിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെപ്പറ്റിയും  ഈ അവസരത്തിൽ നടത്തുന്ന പ്രവചനങ്ങൾ തെറ്റിദ്ധാരണാജനകമായിരിക്കും. കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതോടെ, വ്യാജ വാർത്തകളുടെയും വിട്ടുമാറാത്ത അനിശ്ചിതത്വത്തിന്റെയും ഒരു മേഖലയിലേക്ക് നമ്മൾ പ്രവേശിച്ചു. ഈ അവസ്ഥ ആത്യന്തികമായി എവിടേക്കാണ് പോകുന്നതെന്നതിനെക്കുറിച്ച് വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കാൻ മതിയായതും വിശ്വസനീയമായ വിവരങ്ങൾ ഇപ്പോഴും നമ്മളുടെ പക്കലില്ല.

ഏതൊരു സാമ്പത്തിക ഉത്തേജനത്തിനും മുമ്പുള്ള ആദ്യത്തെ വെല്ലുവിളി വൈറസിന്റെ വ്യാപനം പിടിച്ചുകെട്ടുക എന്നതാണ്, മറ്റേതൊരു രാജ്യത്തേക്കാളും നമ്മുടെ രാജ്യം വളരെ വേഗത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ പ്രധാനമന്ത്രി എല്ലാ അർഥത്തിലും അഭിനന്ദനം അർഹിക്കുന്നു. 2018 ലെ വെള്ളപ്പൊക്കം, നിപ്പ, ഇപ്പോൾ കോവിഡ് -19 വരെ സംസ്ഥാനത്തെ ബാധിച്ച നിരവധി ദുരന്തങ്ങളെ നമ്മുടെ മുഖ്യമന്ത്രി പ്രതിരോധിക്കുകയും ധീരമായി നേരിടുകയും ചെയ്തു. മറ്റു പല സംസ്ഥാനങ്ങൾക്കും മുമ്പുതന്നെ ഭാഗിക ലോക്ഡൗൺ ആരംഭിക്കാനുള്ള ദൂരക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു. ഈ പകർച്ചവ്യാധിയെ ചെറുക്കാൻ രാവും പകലും അധ്വാനിക്കുന്ന നമ്മുടെ ആരോഗ്യമന്ത്രിക്ക് പകർച്ചവ്യാധികൾക്കെതിരെ പോരാടുന്നതിനുള്ള ഒരു  കേരള മാതൃകയെക്കുറിച്ച് അഭിമാനിക്കാം. ഇത് രാജ്യാന്തര മാധ്യമങ്ങളിൽപോലും ചർച്ചയായിട്ടുണ്ട്. ഈ മഹാമാരി ചെറുക്കാനായി  യുദ്ധകാലാടിസ്ഥാനത്തിൽ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ഡോക്ടർമാർ, പാരാമെഡിക്കൽ / ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവർ എല്ലാ പ്രശംസയും അർഹിക്കുന്നു.

ക്രിയാത്മകമായ തുടർ നടപടികളിലേക്ക് കടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

ഈ ലോക്ഡൗണിന്റെ സാമ്പത്തിക അനന്തരഫലങ്ങൾ വിലയിരുത്തുന്നതിനും ബിസിനസുകളുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും ചിന്തിക്കേണ്ട സമയമാണിത്. ഈ അവസ്ഥ ബാധിച്ച  ജീവനക്കാർ, പ്രതിദിന വേതനക്കാർ, സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സ്ഥാപനങ്ങൾ,  കമ്പനികൾ, വിവിധ ഗ്രൂപ്പുകൾ മുതലായവയെ ലക്ഷ്യമിട്ടു  നമ്മൾ ഒരു സാമ്പത്തിക പദ്ധതി തയാറാക്കണം: അത് വേഗതയുള്ളതും കാര്യക്ഷമവും അനുയോജ്യവും സുശക്തവും ഏതെങ്കിലും കാരണത്താൽ ഈ വൈറസ് പുനർജീവിച്ചാലും സർക്കാർ സഹായത്താൽ  അതിനെ നേരിടാൻ പര്യാപ്തമാണെന്ന് തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും വിശ്വാസം ഉറപ്പിക്കുന്നതും ആയിരിക്കണം.

ജോലിയും വരുമാനവും നഷ്‌ടപ്പെട്ട ദൈനംദിന വേതനത്തൊഴിലാളികളെപ്പോലെ ഏറ്റവും ദുർബലരായ ആളുകളെ സംരക്ഷിക്കുക എന്നതായിരിക്കണം നമ്മുടെ പ്രാഥമിക ലക്ഷ്യം. ഈ  തൊഴിലാളികൾക്ക് ഉദാരമായ പണലഭ്യത  ഉണ്ടായിരിക്കണം. പണം വേഗത്തിൽ വിതരണം ചെയ്യാൻ സാധിക്കുകയും  വേണം. ഉദാരമനസ്കത തടയാനുള്ള സമയമല്ല ഇത്. സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ ചെലവഴിക്കാൻ മതിയായ ആത്മവിശ്വാസം ജീവനക്കാർക്ക് ഉണ്ടാകും. ഈ ഇരുണ്ട അധ്യായം  കടന്നുപോകുമ്പോൾ, വർധിതവീര്യത്തോടെയുള്ള ഒരു തിരിച്ചുവരവിനായി കമ്പനികൾ അവരുടെ തൊഴിലാളികളെയും പദ്ധതികളെയും തയാറാക്കി നിർത്തേണ്ടതുണ്ട്. പ്രവർത്തനശേഷിയിൽ പിന്നോട്ടുള്ള സ്ഥാപനങ്ങളുടെ അടച്ചുപൂട്ടൽ ഭീഷണി ഒഴിവാക്കാനായി, തൊഴിലാളികളുടെ വേതനച്ചുരുക്കൽ ഉൾപ്പടെ ഉള്ള നടപടികൾ വഴിയും ശ്രമിക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തിൽ, കോവിഡ് 19 ന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഒരു സർവേ നടത്തുന്നു. ആ സർവേ താഴെപ്പറയുന്നത് കേന്ദ്രീകരിച്ചാകും.
∙ കോവിഡ്19 നിലവിലെ ആഘാതം: പ്രാഥമിക ഗവേഷണത്തെ അടിസ്ഥാനമാക്കിയായിരിക്കും പഠനം, അതിൽ കോവിഡിന്റെ സാമ്പത്തിക ആഘാതം മനസ്സിലാക്കാൻ പ്രമുഖ വ്യവസായികളെയും മേഖലയിലെ പ്രത്യേക സംഘടനകളെയും  വിഭാഗങ്ങളെയും സിഐഐ സമീപിക്കും. സർവേയിൽ ഉൾപ്പെടുന്ന പ്രധാന മേഖലകൾ ഭക്ഷ്യ സംസ്കരണം, ആയുർവേദം, അഗ്രികൾച്ചർ, ടൂറിസം, എംഎസ്എംഇ, ഹെൽത്ത് കെയർ, ഫിനാൻഷ്യൽ സെക്ടർ തുടങ്ങിയവ ആയിരിക്കും. കോവിഡ് 19 ന്റെ ദീർഘകാല, ഹ്രസ്വകാല പ്രത്യാഘാതങ്ങളും സർവേയിൽ ഉൾപ്പെടുത്തും.

∙ മാറുന്ന കാലത്തിന്റെ ബിസിനസ് ആവശ്യങ്ങളും കോവിഡിനു ശേഷമുള്ള തുടർച്ചാ പദ്ധതികളും: ഇതര വരുമാന മോഡലുകൾ പര്യവേക്ഷണം ചെയ്യാൻ വ്യവസായത്തെ സർവേ സഹായിക്കും. സത്വര നടപടികൾക്കപ്പുറം, ഒരു പ്രതിസന്ധി തരണം  ചെയ്യാനുള്ള കഴിവ് പ്രതിഫലിപ്പിക്കുന്നതിനും മുന്നോട്ട് പോകുന്നതിനും ഭാവിയിൽ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പരിഗണിക്കുന്നതിനുള്ള അവസരമായി സർക്കാർ / സർക്കാർ ഇതര സംഘടനകൾ ഇത് ഉപയോഗിക്കണം.

∙ റവന്യൂ മിച്ച സംസ്ഥാനങ്ങളിൽ പിന്തുടരുന്ന മികച്ച സമ്പ്രദായങ്ങൾ: ഇന്ത്യയിലെ ഒരു  റവന്യൂ മിച്ച സംസ്ഥാനവുമായി താരതമ്യ പഠനം നടത്തുകയും സംസ്ഥാനത്തിന് വരുമാനം സൃഷ്ടിക്കുന്നതിനായി ആ റവന്യൂ മിച്ച സംസ്ഥാനങ്ങളിൽ നടക്കുന്ന മികച്ച രീതികൾ തിരിച്ചറിയുകയും ചെയ്യും.

ചെറുകിട ബിസിനസ് ദുരന്ത വായ്പയ്ക്കും യുഎസിൽ പ്രഖ്യാപിച്ച ശമ്പള പരിരക്ഷാ പദ്ധതിക്കും സമാനമായി നാനോ എന്റർപ്രൈസസിനും എംഎസ്എംഇ കൾക്കുമായി ഒരു പ്രത്യേക പാക്കേജ് ഉണ്ടായിരിക്കണം. മേൽപറഞ്ഞ പദ്ധതി പ്രകാരം  ചെറുകിട ബിസിനസുകൾക്ക് 8 ആഴ്ച വരെ ശമ്പളച്ചെലവ് വഹിക്കുന്നതിനും സാധാരണവും ആവശ്യമായതുമായ പ്രവർത്തന ചെലവുകൾ നൽകുന്നതിനും ഫണ്ട് നൽകുന്നു

അടുത്ത മുൻഗണന വലിയ കമ്പനികളിലേക്ക് ആവശ്യമായ പണലഭ്യത ഉറപ്പാക്കുക  എന്നതാണ്. പണലഭ്യതക്കുറവ് സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകളെ തകർക്കും. മറ്റു വാണിജ്യ കുടിശ്ശിക വരുമ്പോഴും അവർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ബാങ്കുകളും ബോണ്ട് വിപണികളും അവയിൽ പലർക്കും അപ്രാപ്യമായിരിക്കുന്നു. വൻതോതിലുള്ള കുടിശ്ശികകൾ  തൊഴിലില്ലായ്മയ്ക്കും കിട്ടാക്കടങ്ങൾക്കും വഴിവയ്ക്കുകയും വാണിജ്യ പ്രവർത്തനങ്ങൾ കരകയറാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. ബാങ്കുകൾക്ക് പണലഭ്യത നൽകുന്നതിനുള്ള നടപടികളും വായ്പക്കാർക്ക് മൂന്ന് മാസത്തെ മൊറട്ടോറിയവും നൽകി ആർബിഐ ഇടപെട്ടു; എന്നാൽ ഇത് പര്യാപ്തമല്ല. ബാങ്കുകൾ കോർപറേറ്റുകൾക്ക് ഉദാരമായി വായ്പ നൽകുകയും അവരുടെ ബോണ്ടുകളിൽ നിക്ഷേപങ്ങൾ നടത്തുകയും വേണം.

മേൽപ്പറഞ്ഞ പല ഇടപെടലുകൾക്കും സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് സാമ്പത്തിക സ്രോതസ്സുകൾ ആവശ്യമാണ്, വിഭവസമാഹരണത്തിനു പുതിയ മാർഗങ്ങൾ കണ്ടെത്തേണ്ടത് അടിയന്തര ആവശ്യമാണ്. ഭാഗ്യവശാൽ, കടുത്ത സമ്മർദ്ദമുള്ള സമയങ്ങളിൽ വിഭവങ്ങൾ എങ്ങനെ ശേഖരിക്കാമെന്നും കോർപറേറ്റുകൾക്ക് എങ്ങനെ  കൈത്താങ്ങു കൊടുക്കാമെന്നും ചരിത്രത്തിൽ ഉദാഹരണങ്ങളുണ്ട്. മഹാമാന്ദ്യം മുതൽ 2008 ആഗോള മാന്ദ്യം വരെ ധൈര്യമായി നേരിട്ടതിന്റെ തെളിയിക്കപ്പെട്ട പല ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാവുന്നതാണ്.

മഹാ സാമ്പത്തിക മാന്ദ്യം അഥവാ ഗ്രേറ്റ് ഡിപ്രഷൻ യുഗത്തിൽ, റീകൺസ്ട്രക്‌ഷൻ ഫിനാൻസ് കോർപറേഷൻ (ആർഎഫ്സി) മോഡൽ ഉപയോഗിച്ച്, അവരുടെ ബിസിനസ്സ് പുനരുജ്ജീവിപ്പിക്കുന്നതിന് എംഎസ്എംഇ, ഹോസ്പിറ്റാലിറ്റി, എയർലൈൻസ് തുടങ്ങിയ മേഖലകൾക്ക് സഹായം നൽകുന്നതിന്, സമാനമായ എന്തെങ്കിലും പദ്ധതി നമ്മൾ തയാറാക്കണം. സഹായം 20-25 വർഷത്തെ കാലാവധിയുള്ള ക്വാസി ഇക്വിറ്റി അല്ലെങ്കിൽ ലോങ് ടേം   ലോണുകളുടെ രൂപത്തിലാകാം. ലോക ബാങ്കിന്റെ അർധ-സ്വതന്ത്ര കേന്ദ്ര, അല്ലെങ്കിൽ, സ്റ്റേറ്റ് ഏജൻസിയായി ആർഎഫ്സി സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് ആർബിഐ, ലോക ബാങ്ക്, കമ്പനികൾ മുതലായവ ഉൾപ്പെടുന്ന  ഒരു ഡയറക്ടർ ബോർഡിന് മേൽനോട്ടം വഹിക്കാൻ കഴിയും.. ഇതിന്റെ വിജയം, ആ പദ്ധതികളിലെ സ്വാതന്ത്ര്യം, സ്വാധീനശക്തി, നേതൃത്വം, മൂലധന പങ്കാളിത്തം എന്നീ നാല് കാര്യങ്ങളെ ആശ്രയിച്ചിരിക്കും.
 
എന്തുതന്നെ ചെയ്താലും, നമ്മൾ കൃത്യസമയത്ത് പ്രവർത്തിക്കുന്നില്ലെങ്കിൽ ഏതൊക്കെ ബിസിനസ്സുകൾ കൈവിടേണ്ടിവരുമെന്നു നമ്മൾ തന്നെ തീരുമാനിക്കേണ്ടതായിക്കൂടി വരും.

(കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) കേരള സ്റ്റേറ്റ് കൗൺസിൽ അധ്യക്ഷനും മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് ചെയർമാനുമാണ് ലേഖകൻ)

English Summary: Economic aftermath of Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com