ADVERTISEMENT

കൊച്ചി∙ പവന് 34000 രൂപയിലേക്ക് ഉയർന്ന് സംസ്ഥാനത്തു സ്വർണവില. ഇന്നലെ 25 രൂപ ഉയർന്നതോടെ ഗ്രാമിന് വില 4250 രൂപയായി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്(31.1ഗ്രാം) 1730 ഡോളർ നിലവാരത്തിലേക്കു വില ഉയർന്നതോടെയാണ് കേരളത്തിലും വില ഉയർന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഓഹരി വിപണികളിലെ തകർച്ചയും ക്രൂഡ് ഓയിൽ വിലയിടിവുമെല്ലാം സ്വർണനിക്ഷേപത്തിലേക്കു മാറാൻ രാജ്യാന്തര നിക്ഷേപകരെ പ്രേരിപ്പിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണവിലയെ ബാധിക്കുന്നു. നിലവിൽ ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് ജ്വല്ലറികൾ പ്രവർത്തിക്കുന്നില്ല. മുൻകൂട്ടി ബുക് ചെയ്തവർക്ക് ആഭരണങ്ങൾ നൽകേണ്ടതിനാലാണു ദിവസവും വില നിശ്ചയിക്കുന്നത്. ലോക്ഡൗൺ മൂലം ഡിമാൻഡ് കുറഞ്ഞതോടെ രാജ്യത്തിന്റെ സ്വർണ ഇറക്കുമതി കഴിഞ്ഞ വർഷത്തേക്കാൾ 73 ശതമാനം ഇടിഞ്ഞു.

ചൈനയിൽ കൊറോണ വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ഇതിന്റെ പ്രതിഫലനം സ്വർണവിലയിലുമുണ്ടായി. വൈറസ് കൂടുതൽ രാജ്യങ്ങളിലേക്കു വ്യാപിച്ചപ്പോൾ സ്വർണവിലയിൽ വലിയ കയറ്റമാണുണ്ടായത്. ഇതിനിടെ, വില താഴ്ന്നതു നിക്ഷേപകർ ചെറിയതോതിൽ സ്വർണം വിറ്റ് ലാഭമെടുപ്പു നടത്തിയപ്പോൾ മാത്രം.

ജനുവരി 1 ന് 29,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. നാലു മാസത്തിനുള്ളിൽ ഇതുവരെയുണ്ടായത് 5000 രൂപയുടെ വർധന. ഈ മാസം മാത്രം പവന് 2400 രൂപ കൂടി. കൊറോണ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സ്വർണവില വരും ദിവസങ്ങളിലും ഉയരാനാണു സാധ്യത.

അക്ഷയതൃതീയ: ഉണരുമോ ഓൺലൈൻ വിപണി

അക്ഷയതൃതീയയ്ക്കു ഓൺലൈനായി സ്വർണം വാങ്ങാൻ ജ്വല്ലറികൾ ഓൺലൈൻ ബുക്കിങ് ഉൾപ്പെടെയുള്ള അവസരമൊരുക്കുന്നുണ്ടെങ്കിലും വില എക്കാലത്തെയും ഉയരത്തിൽ നിൽക്കുന്നതിനാൽ വലിയ കച്ചവടം നടന്നേക്കില്ല. നാളെയാണ് അക്ഷയതൃതീയ. ഏറ്റവും കൂടുതൽ ഏകദിന സ്വർണക്കച്ചവടം നടക്കുന്ന ദിവസമാണിത്. കഴിഞ്ഞ വർഷം 1500 കിലോഗ്രാം സ്വർണമാണ് ഈ ദിനത്തിൽ വിറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com