ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ്കാല സാമ്പത്തിക ഉത്തേജനത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ കേന്ദ്ര സർക്കാരിന് യഥാർഥത്തിൽ ചെലവാകുന്ന തുകയെത്ര എന്നതാണ് പുതിയ തർക്കം. മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ(ജിഡിപി) 10 ശതമാനമാണ് പാക്കേജെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 

ജിഡിപിയുടെ 1.1% മുതൽ  1.3%വരെ ആണ് ചെലവാകുന്ന തുകയെന്ന് പല സാമ്പത്തിക വിശകലന ഏജൻസികളും പറയുന്നു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്റെ കണക്കനുസരിച്ച്, കേന്ദ്ര സർക്കാരിനു ചെലവാകുന്ന തുക 3.22 ലക്ഷം കോടിയാണ്, ജിഡിപിയുടെ 1.6%. അല്ല, 10 ശതമാനവുമുണ്ടെന്ന് വിശകലനങ്ങളെ ഖണ്ഡിക്കാൻ സർക്കാർ തയാറായിട്ടില്ല. 

സമീപനത്തിലെ പാളിച്ച

ലോക്ഡൗൺ പശ്ചാത്തലത്തിൽ വരുമാന നഷ്ടത്തിനൊപ്പം, വിതരണ സംവിധാനങ്ങളും അടഞ്ഞ സ്ഥിതിക്ക് ജനത്തിന്റെ കയ്യിൽ പണമെത്തിച്ചാൽ മാത്രമേ അടിയന്തര പ്രശ്നത്തിനു പരിഹാരമാകൂ എന്ന് സാമ്പത്തിക വിദഗ്ധർ പലരും വാദിച്ചു. ജൻ ധൻ അക്കൗണ്ടിലൂടെയും അല്ലാതെയും സ്ത്രീകൾക്കും വയോജനങ്ങൾക്കും പണമെത്തിക്കാനും സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ അധികമായി നൽകാനും തൊഴിലുറപ്പു പദ്ധതിക്കുള്ള വകയിരുത്തൽ കൂട്ടാനും ആശുപത്രികളുടെ വികസനത്തിനും സർക്കാർ നടപടിയെടുത്തു. അവ ഒഴിവാക്കിയാൽ, പ്രഖ്യാപനങ്ങളിൽ ഒട്ടുമിക്കതും വായ്പ ലഭ്യമാക്കുന്നതിനും വ്യവസായ സാഹചര്യം മെച്ചപ്പെടുത്താനും, നയപരമായി എല്ലാ മേഖലയുടെയും സ്വകാര്യവൽകരണത്തിനുമാണ്. പണം നൽകുന്നതിനേക്കാൾ, പണലഭ്യതയ്ക്കുള്ള സാഹചര്യമുണ്ടാക്കുന്നതിലാണ് ഊന്നൽ. ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ), കൃഷി ഉൾപ്പെടെ വിവിധ മേഖലകളിൽ വായ്പയ്ക്കുള്ള പണലഭ്യതയാണ്  ഉറപ്പാക്കുന്നത്. പ്രതിസന്ധികാലത്തു വായ്പയെടുക്കാൻ എത്ര പേർക്കു ശേഷി എന്ന ചോദ്യം പ്രസക്തം. ഏറെയും വായ്പാനിർദേശങ്ങളാണ് എന്നതുകൊണ്ടുതന്നെയാണ് സർക്കാരിന് എന്തു ചെലവെന്ന വിമർശനവും.

കണക്കിലെ കളി

പാക്കേജ് കണക്കിലെ ഏറ്റവും വലിയ ഒറ്റത്തുക റിസർവ് ബാങ്കിന്റെ പേരിലുള്ളതാണ് – 8.01 ലക്ഷം കോടി. സർക്കാരുകൾക്കും ബാങ്കുകൾക്കും വായ്പയായി റിസർവ് ബാങ്ക് തുക നൽകുന്നതിനെ തങ്ങളുടെ നിർദേശാനുസരണം എന്നു വ്യാഖ്യാനിച്ചാണ് സർക്കാർ പാക്കേജിന്റെ ഭാഗമാക്കുന്നത്. 

തീരുമാനത്തിന് സർക്കാർ വിലയിടുന്നതും ആ തുക പാക്കേജിലുൾപ്പെടുത്തുന്നതും ശ്രദ്ധേയം. 

1. പ്രോവിഡന്റ് ഫണ്ടിലേക്ക് തൊഴിലാളിയും തൊഴിലുടമയും നൽകേണ്ട തുകയിൽ 2% കുറവു വരുത്താൻ സർക്കാർ തീരുമാനിച്ചു. അതിലൂടെ 6750 കോടിയുടെ പണലഭ്യതയുണ്ടാകുന്നുവെന്നു വാദിച്ച് അതിനെയും പാക്കേജിൽ ചേർത്തു.  

തീരുമാനം പൂർണമായി നടപ്പിലാകുന്ന സ്ഥിതി അനുമാനിച്ചുള്ള തുകയും പാക്കേജിൽ ഉൾപ്പെടുന്നു. 

2. ഇടത്തരക്കാർക്കുള്ള ഭവന വായ്പയ്ക്ക് നൽകുന്ന സബ്സിഡി അടുത്ത മാർച്ച്‌വരെ നീട്ടുന്നു. അതിനാൽ, 2.5ലക്ഷം പേർ വായ്പയെടുക്കുമെന്നും അതിലൂടെ 70,000 കോടിയുടെ മുതൽമുടക്ക് ഉണ്ടാകുമെന്നുമാണ് അനുമാനം. അങ്ങനെ, 70,000 കോടിയെയും പാക്കേജിൽ ഉൾപ്പെടുത്തുന്നു. 

3. ടിഡിഎസിലും ടിസിഎസിലും 25% കുറവു വരുത്തുന്നതിനാൽ അതിലൂടെയുണ്ടാകാവുന്ന പണലഭ്യതയുടെ പേരിൽ 50,000 കോടിയാണ് പാക്കേജ് കണക്കിലുള്ളത്. ടിഡിഎസ് കുറയുമ്പോൾ വർധിക്കുന്ന വരുമാനത്തിന് ആനുപാതികമായി നികുതി നൽകേണ്ടിവരില്ലേയെന്ന് ആദായ നികുതി വകുപ്പിലുള്ളവർതന്നെ ചോദിക്കുന്നു.

box

മേൽനോട്ടത്തിന് മന്ത്രിമാരുടെ സംഘം

ന്യൂഡൽഹി ∙ കോവിഡ്കാല സാമ്പത്തിക ഉത്തേജക പാക്കേജായി ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിലെ മേൽനോട്ടത്തിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായി മന്ത്രിമാരുടെ സംഘത്തെ പ്രധാനമന്ത്രി നിയോഗിച്ചു. അമിത് ഷാ, നിർമല സീതാരാമൻ, പീയൂഷ് ഗോയൽ, എസ്.ജയ്ശങ്കർ, അനുരാഗ് ഠാക്കൂർ എന്നിവരുമുൾപ്പെടുന്ന സംഘം ഇന്നലെ ആദ്യ യോഗം നടത്തി. പൊതുഗതാഗതം അനുവദിക്കുന്നതുൾപ്പെടെയുള്ള ഇളവുകൾ മൂലം പുതിയപ്രതിസന്ധി രൂപപ്പെടാമെന്നും അതു നേരിടാനും നടപടികൾ വേണമെന്നു യോഗം വിലയിരുത്തിയതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com