sections
MORE

കോവിഡ് പാക്കേജ് പദ്ധതികൾക്ക് അംഗീകാരം

indian-rupee-salary
SHARE

ന്യൂഡൽഹി∙ കോവിഡ്കാല സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി ഭക്ഷ്യ സംസ്കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങൾക്കായി പ്രഖ്യാപിച്ച 10,000 കോടി രൂപയുടെ പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 5 വർഷത്തേക്കുള്ള പദ്ധതിയുടെ ചെലവ് 60:40 അനുപാതത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും വഹിക്കും.

 പദ്ധതി ഇങ്ങനെ: 

∙20,000 സംരംഭങ്ങൾക്കു വായ്പ ബന്ധിത സബ്സിഡി.

∙പരമാവധി 10 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികൾക്ക് 35% സബ്സിഡി.

∙സംരംഭകർ ചെലവിന്റെ 10% വഹിക്കണം. ബാക്കി തുക വായ്പ.

∙പദ്ധതി തയാറാക്കാനും സാങ്കേതിക സംവിധാനം മെച്ചപ്പെടുത്താനും പരിശീലനം.

∙സ്വാശ്രയ സംഘങ്ങൾക്ക് 4 ലക്ഷം രൂപ വീതം വായ്പ. ഇത് അംഗങ്ങൾക്ക് മൂലധനച്ചെലവിനും ചെറിയ ഉപകരണങ്ങൾ വാങ്ങാനും വായ്പയായി നൽകാം.

∙പദ്ധതി നിരീക്ഷണത്തിന് കേന്ദ്രത്തിൽ മന്ത്രിയുടെയും സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിൽ സമിതി.

∙പദ്ധതിക്ക് അപേക്ഷിക്കാൻ ദേശീയ പോർട്ടൽ. 

 എംഎസ്എംഇ വായ്പ: 3 ലക്ഷം കോടി

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയ്ക്ക് ഈടില്ലാതെ വായ്പ നൽകാൻ സാമ്പത്തിക പാക്കേജിൽ പ്രഖ്യാപിച്ച 3 ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മുദ്ര വായ്പയെടുത്തവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. 

നാഷനൽ ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റീ കമ്പനിയിലൂടെ നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്രം നാലു വർഷത്തേക്ക് മുടക്കുന്നത് 41,000 കോടി രൂപയാണ്. 25 കോടി വായ്പയും, 100 കോടി വിറ്റുവരവുമുള്ള സംരംഭങ്ങൾക്ക് നിലവിലെ വായ്പയുടെ 20% വരെ തുകയാണ് അടിയന്തര വായ്പയായി അനുവദിക്കുന്നത്. 

4 വർഷത്തേക്കുള്ള വായ്പയിൽ അടിസ്ഥാന തുകയ്ക്ക് ഒരു വർഷം തിരിച്ചടവു മൊറട്ടോറിയമുണ്ട്.

 കേന്ദ്ര സർക്കാരിന്റെ പൂർണ ഗാരന്റിയിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും (എഫ്ഐ) ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും (എൻബിഎഫ്സി) ഒക്ടോബർ 31വരെ വായ്പ അനുവദിക്കും. പരമാവധി പലിശ നിരക്ക്: ബാങ്ക്, എഫ്ഐ – 9.25%, എൻബിഎഫ്സി – 14%. 

മത്സ്യ മേഖലാ വികസന പദ്ധതി: ചെലവ് സംയുക്തമായി

ന്യൂഡൽഹി ∙ഉൽപാദന വർധനയുൾപ്പെടെ മത്സ്യ മേഖലയുടെ വികസനത്തിനുള്ള 5 വർഷത്തെ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്ര മേഖലാ, കേന്ദ്രാവിഷ്കൃത പദ്ധതികൾ ചേർത്തു നടപ്പാക്കുന്ന ഈ പദ്ധതിക്ക് 20,000 കോടി രൂപയാണ് കോവിഡ്കാല സാമ്പത്തിക പാക്കേജിൽ കണക്കാക്കിയത്. എന്നാൽ, കേന്ദ്രം – 9,407 കോടി, സംസ്ഥാനങ്ങൾ – 4,880 കോടി, ഗുണഭോക്താവ് – 5,763 കോടി എന്ന തോതിലാവും ചെലവെന്ന് ഇന്നലെ കേന്ദ്ര സർക്കാർ വ്യക്തമാക്കി.

എൻബിഎഫ്സി, എച്ച്എഫ്സി പണലഭ്യത ഉറപ്പാക്കൽ

ന്യൂഡൽഹി ∙പ്രതിസന്ധിയിലായ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും (എൻബിഎഫ്സി), ഭവന വായ്പ കമ്പനികൾക്കും (എച്ച്എഫ്സി) പണലഭ്യത ഉറപ്പാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പുതിയ സാമ്പത്തിക പാക്കേജിൽ ഉൾപ്പെടുന്നതാണ് പദ്ധതി.  ഭാഗിക വായ്പ ഗാരന്റി പദ്ധതിക്ക് പുറമേ ഇത്തരമൊരു പദ്ധതി നടപ്പാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 

മൊത്തം 30,000 കോടി രൂപയുടെ  ഗാരന്റിയാണ് സർക്കാർ നൽകുന്നത്. പൊതു മേഖലാ ബാങ്കിലൂടെ നടപ്പാക്കുന്ന പദ്ധതിക്ക് 5 കോടി രൂപയാണ് ആദ്യ ഘട്ടത്തിൽ കേന്ദ്ര സർക്കാരിന്റെ ചെലവ്. ഗാരന്റി വ്യവസ്ഥ ബാധമാകും വരെ മറ്റു ചെലവുകളില്ല. പദ്ധതി നടത്തിപ്പു ബാങ്ക് പുറത്തിറക്കുന്ന കടപ്പത്രം റിസർവ് ബാങ്ക് വാങ്ങും. അതിലൂടെയുള്ള വരുമാനം എൻബിഎഫ്‌സികളുടെയും എൻഎച്ച്സികളുടെയും ഹൃസ്വ കാല കടബാധ്യത ഏറ്റെടുക്കാൻ വിനിയോഗിക്കും. ഭാഗിക വായ്പ ഗാരന്റി പദ്ധതി പരിഷ്കരിച്ച വ്യവസ്ഥകളോടെ അടുത്ത മാർച്ച് 31വരെ നീട്ടാനും മന്ത്രിസഭ അനുമതി നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA