ADVERTISEMENT

ഒന്നുപോലെയുള്ള മനുഷ്യരെ വ്യത്യസ്തരാക്കുന്നത് അവരുടെ മുഖംമൂടിയാണെന്ന വോൾട്ടയറുടെ നിരീക്ഷണം മൂന്നു നൂറ്റാണ്ടു മുമ്പായിരുന്നു. വോൾട്ടയർ പറയാതെതന്നെ എല്ലാവർക്കും അറിയാമായിരുന്നതുകൊണ്ട് ഇതുവരെ ആരും അതു കാര്യമായെടുത്തുമില്ല. എന്നാൽ വോൾട്ടയറുടെ വാക്കുകളിൽ ഇപ്പോൾ മികച്ച ബിസിനസ് അവസരം കണ്ടെത്തിയിരിക്കുകയാണു ഫാഷൻ ബ്രാൻഡുകൾ.

ലോക്ഡൗൺ കഴിഞ്ഞാലും കോവിഡ് ഇവിടൊക്കെത്തന്നെ കാണുമെന്നാണല്ലോ വിദഗ്ധർ പറയുന്നത്. പുതിയ ജീവിതശൈലിയുടെ ഭാഗമായി ഏവരും സ്വീകരിച്ചിരിക്കുന്ന മാസ്കിനു ഡിമാൻഡ് കുറയാൻപോകുന്നില്ലെന്നു ചുരുക്കം. ‘ന്യൂ നോർമൽ’ അവശ്യ വസ്തുവായി അതു തുടരും. ഇതാണു ഫാഷൻ ബ്രാൻഡുകൾക്കു മാസ്ക് ഉൽപാദനത്തിനു പ്രചോദനമായിരിക്കുന്നത്.

വേഷത്തിനിണങ്ങുന്ന മാസ്കുകൾ ഉടൻ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണു ലൈഫ്സ്റ്റൈൽ ബ്രാൻഡുകൾ. നിറത്തിലും പ്രിന്റിലും ടെക്സ്ചറിലുമൊക്കെ വൈവിധ്യം. രൂപകൽപനയിലും വ്യത്യസ്തതകൾ. ‘ഡെനിം ഫിനിഷ്’ പോലുള്ള വ്യത്യസ്തതകൾ വേണ്ടവർക്ക് അങ്ങനെയും. ചുരുക്കത്തിൽ മാസ്കുകൾ ‘ഫാഷൻ സ്റ്റേറ്റ്മെന്റ്’ എന്ന നിലയിലേക്കു മാറാൻപോകുന്നു. മാസ്ക് നിർമാണത്തിനു ശരിക്കും യോഗ്യത ഫാഷൻ വ്യവസായത്തിനാണ് എന്നുവരെ അതിന്റെ വക്താക്കൾ പറഞ്ഞുതുടങ്ങിയിട്ടുണ്ട്.

പീറ്റർ ഇംഗ്ളണ്ട്, ലൂയി ഫിലിപ്, അലൻ സോളി, വാൻ ഹ്യുസൻ എന്നിവയുടെ ഫാക്ടറികളിൽ മാസ്ക് നിർമാണം ആരംഭിച്ചിരിക്കുന്നുവെന്നാണ് അറിയുന്നത്. യുഎസ് പോളോ അസോസിയേഷൻ, അൺലിമിറ്റഡ്, ഫ്ളയിങ് മെഷീൻ എന്നീ ബ്രാൻഡുകളിൽ മാസ്കുകൾ വിപണിയിലെത്തിക്കാൻ അരവിന്ദ് ഫാഷൻസിന്റെ നീക്കം. പ്യൂമ ഇന്ത്യയും ഹൈഡിസൈനും താമസിയാതെ മാസ്ക് വിപണിയിലെത്തുമെന്നും സൂചനയുണ്ട്. ബാറ്റ ഇന്ത്യയുടെ നീക്കം പവർ‍ എന്ന സ്പോർട്സ് ബ്രാൻഡിൽ മാസ്കുകൾ വിപണിയിലെത്തിക്കാനാണ്. വുഡ്‌ലാൻഡിനും മാസ്ക് വിപണിയിൽ നോട്ടമുണ്ടെന്ന് അറിയുന്നു.

ഇന്ത്യയിൽനിന്നു മാസ്ക് വാങ്ങാൻ മർക്കോ പൊളോ, ക്യാംപ് ഡേവിഡ്, ലെറോസ് തുടങ്ങിയ ഫാഷൻ ബ്രാൻഡുകൾ മുന്നോട്ടുവന്നിട്ടുമുണ്ട്. 50 കോടി മാസ്കിനുള്ള അന്വേഷണമാണു തിരുപ്പൂരിൽ മാത്രം ലഭിച്ചിട്ടുള്ളത്. അതായത് ഉടനടി 1000 കോടി രൂപയുടെ ബിസിനസ്. ഒരു വർഷത്തിനകം 4000 കോടിയുടെ ബിസിനസ് വേറെയും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com