sections
MORE

ആർബിഐ പ്രഖ്യാപനം: സാധാരണക്കാർക്ക് എന്താണ് നേട്ടം?

adikesav
SHARE

റിസർവ് ബാങ്ക് 0.40 ശതമാനം റീപ്പോ നിരക്ക് കുറച്ചത് വായ്പയെടുത്തവർക്ക് എങ്ങനെ പ്രയോജനം ചെയ്യും.

പൊതുവെ എല്ലാത്തരം വായ്പകൾക്കും പലിശ നിരക്ക് കുറയും. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഭവന, വാഹന, വ്യക്തിഗത വായ്പകൾ, സൂക്ഷ്മ ചെറുകിട ഇടത്തരം ബിസിനസുകൾക്കുള്ള വായ്പകൾ എന്നിവ റീപ്പോ നിരക്ക് പോലെയുള്ള പൊതു പലിശ നിരക്കുമായി ബന്ധപ്പെടുത്തിയെ നൽകാവൂ എന്നു നിഷ്കർഷിച്ചിരുന്നു.

ഇത്തരം വായ്പകൾക്കെല്ലാം ഉടൻ തന്നെ 0.40  ശതമാനം പലിശ കുറയും (റീപ്പോ നിരക്കുമായി ബന്ധപ്പെടുത്തി എടുത്ത വായ്പകൾക്ക്). 

അതിനു മുൻപ് എടുത്ത വായ്പകളും ഇങ്ങനത്തെ വായ്പകളാക്കി മാറ്റണം എന്ന് ആർബിഐ നിഷ്കർഷിച്ചിരുന്നു. ഒരു കാര്യം ഓർക്കുക, റീപ്പോ നിരക്ക് കൂടുകയും കുറയുകയും ചെയ്യാം. ഇപ്പോൾ നിരക്ക് കുറയുന്ന പ്രവണതയാണെങ്കിലും, എപ്പോഴും അങ്ങനെ ആവണം എന്നില്ല.

അപ്പോൾ  നിക്ഷേപകർക്കോ.

ബാങ്ക് പലിശ ഇതിനകം തന്നെ കുറഞ്ഞു കഴിഞ്ഞു. വീണ്ടും സ്ഥിര നിക്ഷേപകർക്കും മറ്റും പലിശ കുറയാനുള്ള സാധ്യതയാണുള്ളത്. സ്ഥിര നിക്ഷേപ പലിശ മാത്രം വരുമാന മാർഗമായിട്ടുള്ള വയോധികർക്ക് എസ്ബിഐ പോലെ ചില ബാങ്കുകൾ അധിക പലിശ നൽകുന്നുണ്ട്. അതല്ലെങ്കിൽ പ്രധാനമന്ത്രി വയവന്ദന യോജന പോലുള്ള നിക്ഷേപ രീതികൾ നോക്കണം.

എന്തു കൊണ്ടാണ് ആർബിഐ തുടർച്ചയായി പലിശ കുറയ്ക്കുന്നത്.

സാമ്പത്തിക വളർച്ച കൂപ്പു കുത്തുന്നു. നല്ല വളർച്ചയുണ്ടെങ്കിലേ തൊഴിൽ സാധ്യതകളും വരുമാനവും കൂടുകയുള്ളു. വളർച്ച തിരിച്ചു പിടിക്കാൻ വ്യവസായങ്ങൾക്കും കച്ചവടക്കാർക്കും സാധാരണക്കാർക്കും കുറഞ്ഞ പലിശ നിരക്ക് സഹായകമാവും. ഭവന വായ്പ നിരക്ക് കുറയുമ്പോൾ കുറേക്കൂടി വരുമാനം കുറഞ്ഞവർക്കും വായ്പ ഭാരം താങ്ങാൻ സാധിച്ചേക്കും. ഭവന നിർമാണ മേഖല വളരും. സിമന്റ്, സ്റ്റീൽ, പെയിന്റ്, മുതലായ അനുബന്ധ മേഖലകളും അങ്ങനെ പോഷിപ്പിക്കപ്പെടും. 

മൊറട്ടോറിയം പ്രഖ്യാപനം ഗുണകരം ആണോ. 

എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കയ്യിൽ കാശില്ലെങ്കിൽ ഈ ആനുകൂല്യം ചോദിച്ചു വാങ്ങുക. ബാങ്കുകൾ, ബാങ്കിതര ധന സ്ഥാപങ്ങൾ, സഹകരണ ബാങ്കുകൾ, റീജനൽ റൂറൽ ബാങ്കുകൾ, സൂക്ഷ്മ ലോൺ മാത്രം കൊടുക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ അങ്ങനെ റിസർവ്  ബാങ്കിന്റെ പരിധിയിലുള്ള എല്ലാ ധനകാര്യ സ്ഥാപങ്ങളും ഈ  മൊറട്ടോറിയം ആനുകൂല്യം അവരുടെ വായ്പക്കാർക് കൊടുക്കണം.

മൊറട്ടോറിയം കാലയളവിൽ പലിശ ബാധ്യത ഉണ്ടാവില്ലേ. 

ഉണ്ടാവും. തിരിച്ചടവിന്റെ തവണയും പലിശയും 6 മാസത്തേയ്ക്കു നീട്ടിക്കിട്ടും. സാധാരണ ഗതിയിൽ തിരിച്ചടവ് വീഴ്ച വരുത്തിയാൽ നോട്ടിസും മറ്റു നടപടി ക്രമങ്ങളും ഉണ്ടാവും. ഈ ആനുകൂല്യത്തിൽ ആ ശല്യം ഉണ്ടാവില്ല. നിങ്ങളുടെ സിബിൽ മുതലായ സ്കോറിനെയും പ്രതികൂലമായി ബാധിക്കില്ല. 

ഭവന വായ്പ ഉദാഹരണമായി എടുത്താൽ, ജൂൺ 2030 ആണ് നിങ്ങളുടെ അവസാന ഗഡുവെങ്കിൽ, ഇപ്പോൾ അത് ഡിസംബർ 2030 ആയി മാറും. അധിക പലിശയുടെ ബാധ്യത നിങ്ങൾ എടുത്ത വായ്പ തോത് അനുസരിച്ചു മാറും. വിവരങ്ങൾ ബാങ്കുകൾ അവരുടെ വെബ്‌സൈറ്റിൽ ഇടാറുണ്ട്. അത് ശ്രദ്ധിക്കുക. തിരിച്ചടവിനു പണം കയ്യിൽ ഉണ്ടെങ്കിൽ അടയ്ക്കുക. അല്ലെങ്കിൽ മൊറട്ടോറിയം ആനുകൂല്യം കൈപ്പറ്റുക .

ആറു മാസം മൊറട്ടോറിയം എന്നുമുതലാണ്.

2020 മാർച്ച്  1മുതൽ ഓഗസ്റ്റ് 31 വരെ തിരിച്ചടവിന് അവധി കിട്ടും.

സംരംഭകരുടെ പ്രവർത്തന മൂലധന വായ്പകൾക്ക് (സിസി/ഒഡി) എന്താണ് ആനുകൂല്യം. 

ഈ വായ്പകൾ സാധാരണ വർഷത്തിലാണ് ബാങ്കുകൾ പുതുക്കി നൽകുന്നത്; പലിശ ഇനത്തിൽ വീഴ്ച ഇല്ലെങ്കിൽ. ഇപ്പോൾ പലിശയും ആറ് മാസം കഴിഞ്ഞ് അടച്ചാൽ മതി.

അപ്പോൾ അതുവരെ അടയ്ക്കാത്ത പലിശ ഒറ്റയടിക്ക് അടയ്‌ക്കേണ്ടി വരില്ലേ? ആ ഭാരം എങ്ങനെ എനിക്ക് താങ്ങാനാവും. 

റിസർവ് ബാങ്ക് നിർദേശിച്ചിരിക്കുന്നത് സംരംഭകരുടെ ഈ അടയ്ക്കാത്ത പലിശ തവണകളായി അടയ്ക്കാൻ ബാങ്കുകൾ സൗകര്യം ഒരുക്കി കൊടുക്കണം എന്നാണ്. ഓരോ ബാങ്കും അവരുടെ ബോർഡിന്റെ അനുമതിയോടു കൂടി പ്രായോഗികമായ ഒരു തിരിച്ചടവ് പദ്ധതി തയാറാക്കണം. പക്ഷെ, ഈ തിരിച്ചടവ് 2021 മാർച്ച് 31ന് മുൻപേ തീർന്നിരിക്കണം. അതായത് ആനുകൂല്യം പറ്റുന്നവർ ഈ സാമ്പത്തിക വർഷാവസാനത്തിനു മുൻപ് ഈ പലിശ തിരിച്ചടയ്ക്കണം .

ബിസിനസ് ചെയുന്ന എനിക്ക് ബാങ്ക് നിഷ്കർഷിച്ച മാർജിൻ (പ്രവർത്തനമൂലധനത്തിന് വേണ്ട എന്റെ പങ്ക്)  ഇപ്പോൾ ഇടാൻ നിർവാഹമില്ല. പ്രശ്നത്തിന് എന്താണ് പോംവഴി.

വായ്പ കരാർ പ്രകാരമുള്ള മാർജിൻ ഇപ്പോൾ ഇല്ലെങ്കിൽ അത് പ്രശ്നമാക്കേണ്ട. സൂക്ഷ്മ, ഇടത്തരം, ചെറുകിട ബിസിനസുകൾക്ക് എന്നാണ് റിസർവ് ബാങ്ക് പറഞ്ഞിരിക്കുന്നത്. ഈ സാമ്പത്തിക വർഷാവസാനത്തോടെ മാർജിൻ നൽകിയാൽ മതി.

കയറ്റുമതി, ഇറക്കുമതി മേഖലയിലാണ് എന്റെ പ്രവർത്തനം. എന്റെ ബിസിനസിന് എന്തുണ്ട് ഇന്നത്തെ പ്രഖ്യാപനത്തിൽ.

കയറ്റുമതി ചെയ്ത ചരക്കുകൾക്കു പേയ്മെന്റ് കിട്ടാനുള്ള കാലാവധിയും ഇറക്കുമതിക്ക് പേയ്മെന്റ് കൊടുക്കാനുള്ള കാലാവധിയും നീട്ടി നൽകിയിട്ടുണ്ട്. ഇതു മൂലം നിങ്ങളുടെ വിദേശ ബിസിനസ് ഇടപാടുകാരുമായി  കുറച്ചു കാലാവധിയുടെ നീക്കുപോക്കു നടത്താൻ സാധിക്കും.

കാർഷിക വായ്പകൾക്കും ഈ മൊറട്ടോറിയം ബാധകം ആണോ.

ആണ്. എല്ലാ തരം കാർഷിക വായ്പകൾക്കും, സ്വർണ വായ്പകൾക്കും അടക്കം ഈ ആനുകൂല്യം ലഭിക്കും. 

(ബാങ്കിങ് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA