ADVERTISEMENT

കൊച്ചി∙ കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച നേട്ടമുണ്ടാക്കി സംസ്ഥാനത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സ്റ്റാർട്ടപ്പുകൾ. ഈ മേഖലകളിലെ സംരംഭങ്ങൾക്ക് കോവിഡ് കാലത്തു കൂടുതൽ വരുമാനവും പുതിയ ബിസിനസ് ഇടപാടുകളും ലഭിച്ചതായി സ്റ്റാർട്ടപ്പ് മിഷൻ നടത്തിയ സർവേയിൽ പറയുന്നു. ഇ–കൊമേഴ്സ്, ഡേറ്റ അനലറ്റിക്സ് സ്ഥാപനങ്ങളും പ്രതിസന്ധി കാലഘട്ടത്തിൽ നേട്ടമുണ്ടാക്കി. 

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ കോവിഡ് എങ്ങനെ ബാധിച്ചെന്നു കണ്ടെത്തുന്നതിനു വേണ്ടിയാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ പ്രത്യേക സർവേ നടത്തിയത്. 582 സ്റ്റാർട്ടപ് കമ്പനികളെയാണ് പഠനത്തിന് ആധാരമാക്കിയത്.  

ട്രാവൽ ആൻഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി, ഇവന്റ് മാനേജ്മെന്റ്, ഹാർഡ്‌വെയർ, മാനേജ്മെന്റ്, ഔട്ട്ഡോർ സ്പോർട്സ് എന്നീ മേഖലകളിലെയും സർക്കാരിനും പൊതുമേഖലയ്ക്കും സാങ്കേതിക സേവനങ്ങൾ നൽകുന്ന സ്റ്റാർട്ടപ്പുകളെയും പ്രതിസന്ധി രൂക്ഷമായി ബാധിച്ചു.

വരുമാനമില്ലാതെ 38% കമ്പനികൾ

കോവിഡ് കാലത്ത് ബിസിനസ് നടക്കാതെ വരുമാനമില്ലാതായത് 38% കമ്പനികൾക്കാണെന്ന് സർവേ വ്യക്തമാക്കുന്നു. ട്രാവൽ, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചത്. സർക്കാർ ഇടങ്ങളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് വാടക ഉൾപ്പെടെ ഇളവുകൾ നൽകിയിട്ടുണ്ട്. നഷ്ടത്തിലായ സംരംഭങ്ങൾക്ക്  കേരള സ്റ്റാർട്ടപ് മിഷൻ സാങ്കേതിക സഹായങ്ങളും നിർദേശങ്ങളും നൽകുന്നുണ്ട്. 

 പ്രതിസന്ധി അവസരമാക്കാൻ

വരുമാനവും ബിസിനസുമില്ലാത്ത പ്രതിസന്ധിയുടെ കാലഘട്ടം അവസരമാക്കുകയാണ് ഭൂരിഭാഗം കമ്പനികളും. ടൂറിസം, ഹോസ്പിറ്റാലിറ്റി കമ്പനികൾ ഈ കാലഘട്ടത്തിൽ കൂടുതൽ ഇടപാടുകാരെ കണ്ടെത്തിയതായി സർവേ വ്യക്തമാക്കുന്നു. മാർക്കറ്റിങ് ചെലവു കുറയ്ക്കാൻ സാധിച്ചു. സോഫ്റ്റ്‌വെയർ അപ്ഡേഷൻ ഉൾപ്പെടെ മുടങ്ങിയ പല ജോലികളും ഇക്കാലയളവിൽ വേഗത്തിൽ പൂർത്തീകരിച്ച കമ്പനികളുമുണ്ട്. മാർക്കറ്റിങ് ഗവേഷണത്തിലേക്ക് പല കമ്പനികളും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. 

വരുന്നൂ, പുതുകമ്പനികൾ

ആരോഗ്യ മേഖലയിലും ഓൺലൈൻ വിദ്യാഭ്യാസ മേഖലയിലും സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങാൻ ഇൻക്യുബേഷൻ സൗകര്യങ്ങൾ ചോദിച്ച് എത്തുന്നവരുടെ എണ്ണം കൂടിയതായും സ്റ്റാർട്ടപ് മിഷൻ വ്യക്തമാക്കുന്നു. ഇ–കൊമേഴ്സ് മേഖലയിലും കൂടുതൽ സ്റ്റാർട്ടപ്പുകളുണ്ടാകും. ഗ്രാമപ്രദേശങ്ങളിൽ മരുന്നും പലചരക്കു സാധനങ്ങളും എത്തിക്കുന്ന സ്റ്റാർട്ടപ്പുകളും സമീപ ഭാവിയിൽ കൂടുതലുണ്ടാകും.

 

പ്രതിസന്ധികൾ കേരളത്തിലെ സ്റ്റാർട്ടപ്പുകളെ കാര്യമായി ബാധിക്കുന്നില്ല. ഒട്ടേറെ കമ്പനികൾ പ്രതിസന്ധികളെ അവസരങ്ങളാക്കി നേട്ടമുണ്ടാക്കി. ആരോഗ്യ മേഖലയിലെ, ടെക്നോളജി കമ്പനികളും മെഡിക്കൽ ഉപകരണങ്ങളുണ്ടാക്കുന്ന കമ്പനികളും ഡേറ്റ അനലറ്റിക്സ് കമ്പനികളും ഉദാഹരണങ്ങളാണ്. ചെറു വ്യവസായ യൂണിറ്റുകൾക്കും മറ്റും ചെറിയ ചെലവിൽ സേവനങ്ങൾ നൽകുന്ന ഫിൻടെക് കമ്പനികളും നേട്ടത്തിലാണ്. 

∙ഡോ. സജി ഗോപിനാഥ് ,സിഇഒ, കേരള സ്റ്റാർട്ടപ് മിഷൻ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com