ADVERTISEMENT

കൊച്ചി ∙ 444 കിലോമീറ്റർ ദൈർഘ്യമുള്ള കൊച്ചി – മംഗളൂരു പ്രകൃതിവാതക പൈപ് ലൈൻ ഏറെക്കുറെ പൂർത്തിയായെങ്കിലും കൊച്ചിക്കു പുറത്തു പാചക ആവശ്യത്തിനുള്ള പ്രകൃതിവാതകം (പിഎൻജി – പൈപ്ഡ് നാച്വറൽ ഗ്യാസ്) അടുക്കളകളിൽ എത്താൻ വൈകും.

പിഎൻജി ലഭ്യമാക്കുന്നതിനുള്ള സിറ്റി ഗ്യാസ് പദ്ധതി എറണാകുളം ഒഴിച്ചുള്ള ജില്ലകളിൽ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. എറണാകുളത്താകട്ടെ, കളമശേരി, തൃക്കാക്കര നഗരസഭകളിലാണു നിലവിൽ വാതകം ലഭിക്കുന്നത്. 

അതേസമയം, കൊച്ചി – മംഗളൂരു പൈപ് ലൈനിൽ കാസർകോട് ചന്ദ്രഗിരി, കോഴിക്കോട്, മംഗളൂരു മേഖലകളിൽ മാത്രമാണു കുറച്ചു ജോലികൾ പൂർത്തിയാകാനുള്ളത്. കേരളത്തിലുടനീളം ജനങ്ങൾക്കു നേരിട്ടു പ്രയോജനം ലഭിക്കണമെങ്കിൽ സിറ്റി ഗ്യാസ് പദ്ധതി കൂടി പൂർത്തിയാകണം.

പദ്ധതി കേരളം മുഴുവൻ

11 –ാം ഘട്ട ടെൻഡറിൽ കോട്ടയം പത്തനംതിട്ട, ഇടുക്കി ജില്ലകളെക്കൂടി ഉൾപ്പെടുത്തിയതോടെ കേരളം മുഴുവൻ സിറ്റി ഗ്യാസ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. എറണാകുളം മുതൽ വടക്കോട്ടു കാസർകോട് വരെയുള്ള ജില്ലകളിൽ സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കേണ്ടതു ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡ് (ഐഒഎജിപിഎൽ) ആണ്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസഫിക് ഗ്യാസ് (എജി ആൻഡ് പി) കമ്പനിയും. സർക്കാരും ലൈസൻസ് നേടിയ ഏജൻസികളും തദ്ദേശ സ്ഥാപനങ്ങളും കൂട്ടായി ശ്രമിച്ചാൽ ഈ വർഷം തന്നെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ചിലയിടങ്ങളിലെങ്കിലും കണക്‌ഷൻ നൽകാൻ കഴിഞ്ഞേക്കും.

ഒക്ടോബറിനകം എറണാകുളത്ത് 40,000 സിറ്റി ഗ്യാസ് കണക്‌ഷൻ കൂടി നൽകാനാണു കരാർ നേടിയ  ഐഒഎജിപിഎൽ ലക്ഷ്യമിടുന്നത്. എന്നാൽ, കോവിഡ് ലോക്ഡൗണും ആസന്നമായ കാലവർഷവും പരിഗണിക്കുമ്പോൾ ഈ ലക്ഷ്യം നേടുക എളുപ്പമാകില്ല. ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയതോടെ തൊഴിലാളി ലഭ്യതയും കുറഞ്ഞു.

കൂടുതൽ സിഎൻജി സ്റ്റേഷനുകൾ

സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി വാഹന ഇന്ധനം (സിഎൻജി – കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) ലഭ്യമാക്കുന്ന സ്റ്റേഷനുകളുടെ എണ്ണം വൈകാതെ 11 ആയി ഉയരും; എല്ലാം കൊച്ചി നഗര മേഖലയിൽ. നിലവിൽ 7 സ്റ്റേഷനുകൾക്കു പുറമേ, ചക്കരപ്പറമ്പ്, പത്തടിപ്പാലം, ചെങ്ങമനാട്, കളമശേരി എന്നിവിടങ്ങളിലാണു പുതിയവ വരുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com