ADVERTISEMENT

തിരുവനന്തപുരം∙ ബവ്കോയുടെ വെർച്വൽ ക്യൂ സംവിധാനത്തിനുള്ള ടെൻഡറിൽ സാങ്കേതിക പരിശോധനയിൽ ഒന്നാമതെത്തിയ കമ്പനി മുന്നോട്ടുവച്ചത് പ്രതിവർഷം 1.85 കോടി രൂപ ചെലവു വരുന്ന പ്ലാറ്റ്ഫോം. ടെൻഡർ ലഭിച്ച കമ്പനിയുടെ പ്ലാറ്റ്ഫോം വെറും 2.8 ലക്ഷം രൂപയുടേതും.

സാങ്കേതിക പരിശോധനയിൽ ആദ്യ അഞ്ചിൽ എത്തിയ മറ്റു കമ്പനികൾ 46.3 ലക്ഷം, 16.52 ലക്ഷം, 14.75ലക്ഷം തുടങ്ങിയവയാണ് ക്വോട്ട് ചെയ്തത്.

ടെൻഡർ തുകകളിലെ ഈ അസാധാരണ വ്യത്യാസം സാങ്കേതിക വിദഗ്ധരെ പോലും അദ്ഭുതപ്പെടുത്തി.

കൊച്ചിയിലെ ഫെയർകോഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ടെൻഡർ ലഭിച്ചതും ആപ് വികസിപ്പിച്ചതും. എസ്എംഎസ് ചാർജ്, ആമസോൺ സെർവർ ചാർജ് എന്നിവ ടെൻഡർ തുകയ്ക്കു പുറമേയാണ്.

അപേക്ഷിച്ച 29 കമ്പനികളിൽ നിന്നു സാങ്കേതിക പരിശോധനയിലൂടെ മുന്നിൽ വന്ന 5 കമ്പനികളിൽ നിന്നാണ് സാമ്പത്തിക രൂപരേഖ സ്വീകരിച്ച് പരിശോധന നടത്തിയത്. സാങ്കേതിക പരിശോധനയിൽ രണ്ടാമതെത്തിയ ഫെയർകോഡ് ഫിനാൻഷ്യൽ ബിഡിലൂടെയാണ് അന്തിമപട്ടികയിൽ ഒന്നാമതെത്തിയത്. സാങ്കേതിക പരിശോധനയിൽ ഒന്നാമതെത്തിയ കമ്പനിക്ക് 86 ആയിരുന്നു സ്കോർ എങ്കിൽ ഫിനാൻഷ്യൽ ബിഡിനു ശേഷം ഇത് 60.7 ആയി കുറഞ്ഞു. ആദ്യം 79 മാർക്ക് ലഭിച്ച ഫെയർകോഡിനു 85.3 ആകുകയും ചെയ്തു.

ബവ് ക്യൂ: വ്യാജ ആപ് ഇൻസ്റ്റാൾ ചെയ്തവർ അര ലക്ഷത്തിലേറെ

തിരുവനന്തപുരം∙ ബവ് ക്യു ആപ്ലിക്കേഷന്റെ പേരിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ പ്രത്യക്ഷപ്പെട്ട വ്യാജ ആപ് ഡൗൺലോഡ് ചെയ്തത് അരലക്ഷത്തിലധികം  പേർ. 'Bev Q- Bevco Online Booking Guide's' എന്ന പേരിലുള്ള ആപ്പിൽ വ്യക്തിവിവരങ്ങൾ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. വിവിധ മദ്യ ബ്രാൻഡുകളുടെ ചിത്രവും 'calvinteq' എന്ന പ്ലേസ്റ്റോർ അക്കൗണ്ട് പ്രസിദ്ധീകരിച്ച ആപ്പിലുണ്ട്. വൈകുന്നേരം 3 വരെ പതിനായിരത്തോളം പേർ മാത്രം ഡൗൺലോഡ് ചെയ്ത ആപ് വൈകിട്ടോടെ 50,000 ഡൗൺലോഡുകൾ കടന്നു.

fake
ബവ് ക്യൂ ആപ്പിന്റെ വ്യാജ പതിപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ.

bevcoapp.in എന്ന വെബ്സൈറ്റിൽ ആപ് കൗണ്ട്ഡൗൺ ടൈമർ പ്രസിദ്ധീകരിച്ചിരുന്നു. ബോബി തോമസ് എന്ന വ്യക്തിയുടെ പേരിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന വെബ്സൈറ്റ് ബവ്‍റിജസ് കോർപറേഷന്റേതാണെന്ന് തെറ്റിദ്ധരിച്ചവരും ഏറെ.

ടെസ്റ്റിങ്ങിനിടെ പുറത്തുപോയ ആപ് ഇൻസ്റ്റലേഷൻ ഫയൽ വാട്സാപ്പിലൂടെയും പ്രചരിച്ചിരുന്നു. ഇതു മുതലാക്കി ബവ് ക്യു ആപ്പിന്റെ ഫയൽ എന്ന മട്ടിൽ ചില വ്യാജ ആപ്ലിക്കേഷനുകളും വാട്സാപ്പിലൂടെ പ്രചരിക്കുന്നുണ്ട്. വ്യാജ പതിപ്പ് പ്രചരിച്ച സംഭവം പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ബവ്കോ എംഡി ജി.സ്പർജൻ കുമാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com