ADVERTISEMENT

കാനായിലെ കല്യാണത്തിനു യേശു ക്രിസ്തു വെള്ളം വീഞ്ഞാക്കിയതായി യോഹന്നാന്റെ സുവിശേഷം. ഫ്രാൻസിൽ നിന്നുള്ള വിശേഷം വീഞ്ഞിനെ സാനിറ്റൈസറാക്കുന്നു എന്നതാണ്. വീഞ്ഞിൽ നിന്ന് ‘എത്തനോൾ’ വാറ്റിയെടുത്തു ‘ഹൈഡ്രോആൽക്കഹോളിക് ജെൽ’ അഥവാ സാനിറ്റൈസറാക്കി മാറ്റുന്നു.

യുഎസിലെ ബോയിങ്ങുമായി മത്സരിക്കുന്ന ഫ്രാൻസിലെ എയർബസിനു യൂറോപ്യൻ യൂണിയൻ സബ്സിഡി നൽകുന്നതിനു പകരം വീട്ടാൻ ഏതാനും മാസം മുൻപ് ഇറ്റാലിയൻ ചീസിനും സ്കോച് വിസ്കിക്കും പുറമെ ഫ്രഞ്ച് വൈനിനും പ്രസിഡന്റ് ട്രംപ് 25% ഇറക്കുമതിച്ചുങ്കം ചുമത്തി. അതോടെ ഫ്രാൻസിൽ നിന്ന് അമേരിക്കയിലേക്കുള്ള വൈൻ കയറ്റുമതി കുറഞ്ഞു.

അതിനു പിന്നാലെ ബാറുകളും റസ്റ്ററന്റുകളും ദിവസങ്ങളോളം അടഞ്ഞുകിടന്നതും വൈൻ വിൽപനയെ ബാധിച്ചു. വിൽപനയാകാതെ ലക്ഷക്കണക്കിനു ബാരലുകൾ. രണ്ടു മാസത്തിനകം ഫ്രാൻസിലെ മുന്തിരിത്തോട്ടങ്ങളിൽ വിളവെടുപ്പാണ്. തുടർന്ന് ഉൽപാദിപ്പിക്കുന്ന വൈൻ സംഭരിക്കണമെങ്കിൽ നിലവിലെ സ്റ്റോക്ക് ഒഴിവാക്കണം.

വീഞ്ഞിൽ നിന്ന് എത്തനോൾ വാറ്റിയെടുക്കാൻ ഫ്രഞ്ച് സർക്കാർ ഡിസ്റ്റലറികൾക്ക് അനുവാദം നൽകിയിരിക്കുന്നത് ഈ സാഹചര്യത്തിലാണ്. സാനിറ്റൈസർ ഉൽപാദനത്തിന് 20 കോടി ലീറ്റർ വൈൻ വിനിയോഗിക്കാനാണ് അനുമതി. എങ്കിലും 10 കോടി ലീറ്റർ പിന്നെയും ശേഷിക്കും.

യൂറോപ്പിലെങ്ങുമായി 100 കോടി ബോട്ടിൽ വൈൻ മിച്ചം വരുമെന്നു കണക്കാക്കുന്നു. അധികപ്പറ്റാകുന്ന 20 കോടി ലീറ്റർ വൈൻ സാനിറ്റൈസർ നിർമാണത്തിനു വിനിയോഗിക്കാൻ ഇറ്റലിക്കും പ്ലാനുണ്ട്. സ്പെയിനിലും സ്റ്റോക്ക് ഏറെയായതിനാൽ ഫ്രാൻസിന്റെ മാർഗം പരിഗണനയിലാണ്. ഈ രാജ്യങ്ങളാണു വൈൻ ഉൽപാദനത്തിലെ മുൻനിരക്കാർ.

ഇന്ത്യയിലും വൈൻ വിൽപനയെ ലോക്ഡൗൺ ബാധിച്ചിട്ടുണ്ട്. അല്ലെങ്കിൽത്തന്നെ പേരിനു മാത്രമാണ് ഇവിടെ വിൽപന. ആഗോള വിപണി 25 ലക്ഷം കോടി രൂപയുടേത്; ഇന്ത്യൻ വിപണിയുടെ വലുപ്പം 600 – 700 കോടി മാത്രവും. ഇന്ത്യക്കാരന്റെ ശരാശരി പ്രതിവർഷ ഉപഭോഗം പരമാവധി രണ്ടു ടീ സ്പൂൺ; അതായതു കഷ്ടിച്ചു 10 എംഎൽ. ഏറിയാൽ രണ്ടു കോടി ലീറ്ററാണു വാർഷിക ഉൽപാദനം. അതിൽത്തന്നെ ഒരു പങ്കു കയറ്റുമതി ചെയ്യുകയുമാണ്. ഉറങ്ങാൻ കള്ളു വേറേ വേണം എന്നു പറയാറുള്ളതുപോലെ ഇവിടെ വിൽക്കാൻ മദ്യം വേറെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com