കിട്ടാക്കടമായ സംരംഭത്തിനും വായ്പ

bank-loan
SHARE

കിട്ടാക്കടങ്ങൾ ആയി മാറിയ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാൻ, ‘ആത്‌മ നിർഭർ’ പദ്ധതിയുടെ ഭാഗമായുള്ള വായ്പാ പദ്ധതി തയാർ. ഇതു ശരിക്കും നടപ്പാക്കുകയാണെങ്കിൽ കേരളത്തിലടക്കമുള്ള എംഎസ്എംഇ യൂണിറ്റുകൾക്ക് വലിയ ആശ്വാസം പകരും, .

2018 ഏപ്രിൽ 1നു ശേഷം കിട്ടാക്കടമായ സംരംഭങ്ങൾ ഉൾപ്പെടെ, പുനഃക്രമീകരണം വേണ്ടുന്ന എല്ലാ എംഎസ്എംഇ സംരംഭകർക്കും, സ്വന്തമായി പണം മുടക്കാൻ സാധിക്കില്ലെങ്കിൽ, അവർക്ക് 75 ലക്ഷം രൂപ വരെ 10 വർഷത്തെ വായ്പയായി വാണിജ്യ ബാങ്കുകൾ നൽകും. ഈ പണം സ്വന്തം വിഹിതത്തിനു (വായ്പയുടെ മാർജിൻ) പകരമായി അല്ലെങ്കിൽ അതിനോടൊപ്പം പുനഃക്രമീകരണ സമയത്തു സംരംഭത്തിൽ ഉപയോഗിക്കാം.

സാധാരണ ഏതെങ്കിലും വായ്പ പുനഃക്രമീകരിക്കുകയാണെങ്കിൽ സംരംഭകന്റെ വിഹിതം പുതിയതായി എത്ര വരും എന്ന് ബാങ്കുകൾ കണക്കാക്കാറുണ്ട്. ഈ പുതിയ വായ്പ, സംരംഭകൻ സ്വന്തം പേരിൽ എടുക്കുകയും അത് തന്റെ സംരംഭത്തിലേക്കു കൊണ്ടുവരുകയും ചെയ്യുന്നു. സ്വന്തം പേരിൽ വായ്പ എടുക്കുന്നത് കൊണ്ട് ഇതിനെ ഓഹരിപ്പണം എന്നു കരുതാനാകില്ല. അതുകൊണ്ട് സബോർഡിനേറ്റഡ് ഡെറ്റ് (അല്ലെങ്കിൽ രണ്ടാം കിട വായ്പ ) ആയി പരിഗണിക്കും. ഏറ്റവും ആകർഷകമായ വ്യവസ്ഥ ഈ സബോർഡിനേറ്റഡ് വായ്പയ്ക്ക് 7 വർഷത്തെ മോറട്ടോറിയം ലഭിക്കും എന്നതാണ്.  ബാക്കി 3 വർഷം തിരച്ചടവിനും.

ഇപ്പോൾ ഓഹരിയായുള്ള പണത്തിന്റെ 15 ശതമാനമോ അല്ലെങ്കിൽ 75 ലക്ഷം രൂപയോ, ഏതാണോ കുറവ് അത്രയുമാണ് വാണിജ്യ ബാങ്കുകൾ വായ്പയായി സംരംഭകന്റെ പേരിൽ വായ്പയായി കൊടുക്കുക. 

20,000 കോടി രൂപയാണ് ഇതിനു വേണ്ടിയുള്ള നീക്കിയിരിപ്പ്. വാണിജ്യ ബാങ്കുകൾക്ക്  ഈ സബോർഡിനേറ്റഡ് വായ്പയുടെ 90% കേന്ദ്ര സർക്കാർ ഗ്യാരന്റി നൽകുന്നു. അതുകൊണ്ട് ബാങ്കുകൾ ഇതു സധൈര്യം വിതരണം ചെയ്യേണ്ടതാണ്.

സംരംഭകർ ശ്രദ്ധിക്കേണ്ടത് 

ഇതാണ്: ഇനി പ്രവർത്തിപ്പിച്ചാൽ ലാഭകരമായി നടത്താം എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ പുനഃക്രമീകരണത്തിനു പോകാവൂ. ബിസിനസ് എന്തായാലും നഷ്ടക്കച്ചവടത്തിലേ കലാശിക്കൂ എന്നാണെങ്കിൽ പുനഃക്രമീകരണം അനിവാര്യമായ അടച്ചുപൂട്ടലിന്റെ തിയതി നീട്ടും എന്നല്ലാതെ വേറെ ഒരു ഗുണവും ചെയ്യില്ല.

അതുകൊണ്ട് ഭാവിയിൽ ഉണ്ടായേക്കാവുന്ന ലാഭ നഷ്ട കണക്കുകൾ വ്യക്തമായി കണക്കാക്കി ബാങ്കിൽ അപേക്ഷിക്കാം. ബാങ്കുകൾ ഈ അപേക്ഷ ബാങ്കുകൾ സസൂക്ഷ്മം പരിശോധിച്ചാകും പുനഃക്രമീകരണത്തിനും സബോർഡിനേറ്റഡ് വായ്പയ്ക്കും അനുമതി നൽകുക.

റിസർവ് ബാങ്കിന്റെ നിർദേശാനുസരണം 25 കോടി വരെ വായ്പയുള്ള എംഎസ്എംഇ യൂണിറ്റുകൾക്കാണ് വായ്പ പുനഃക്രമീകരണത്തിന്റെ ആനുകൂല്യം ബാങ്കുകൾ ഉദാരമായി നൽകുന്നത് ( മറ്റുള്ള വലിയ വായ്പകൾ പുനഃക്രമീകരിക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക് പറയുന്നില്ല).കേരളത്തിലെ, കരകയറാൻ സാധ്യതയുള്ള എല്ലാ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും ഈ ആനുകൂല്യം ഉറപ്പാക്കാൻ സാധിക്കണം. 

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഇതിനകം തന്നെ പുനഃക്രമീകരണ പദ്ധതി നിർദേശം ശാഖകൾക്കു നൽകിക്കഴിഞ്ഞു. സബോർഡിനേറ്റഡ് വായ്പയുടെ നിർദേശങ്ങൾ ബാങ്കുകൾ താമസിയാതെ പുറത്തിറക്കും. തൃശൂരിലെ, കേന്ദ്രസർക്കാർ സ്ഥാപനമായ എംഎസ്എംഇ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു വിവരങ്ങൾ അറിയാം: ഇമെയിൽ dcdi-thrissur@dcmsme.gov.in

(ഉന്നത ബാങ്ക് ഉദ്യോഗസ്ഥനാണ് ലേഖകൻ.  അഭിപ്രായം വ്യക്തിപരം.)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA