ADVERTISEMENT

കൊച്ചി ∙ കേരളം ചിറകരിഞ്ഞ ജല വിമാന (സീപ്ലെയിൻ) പദ്ധതി കേന്ദ്ര സർക്കാരിന്റെ ചിറകിലേറി പറക്കാൻ ഒരുങ്ങുന്നു. ഉ‍‍‍ഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 16 റൂട്ടുകളിൽ സീപ്ലെയിൻ സർവീസുകൾ ആരംഭിക്കും. ആദ്യ സർവീസ് ഒക്ടോബറിൽ. പദ്ധതിയിൽ തൽക്കാലം കേരളമില്ല.

ചിറകറ്റ കേരള സീപ്ലെയിൻ

കായലുകളും നദികളും മനോഹര മലനിരകളും നിറഞ്ഞ കേരളത്തിൽ ടൂറിസം വികസനത്തിൽ പുതിയ വിപ്ലവത്തിനു സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണു കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു ജല വിമാന പദ്ധതി നടപ്പാക്കാൻ ശ്രമം നടന്നത്. പദ്ധതിക്കായി വാട്ടർ ഡ്രോം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെങ്കിലും എതിർപ്പുകളിൽ തട്ടി പദ്ധതിയുടെ ചിറകറ്റു. രാഷ്ട്രീയമായ എതിർപ്പിനൊപ്പം, മത്സ്യ ബന്ധന മേഖലയെ ബാധിക്കുമെന്ന ആശങ്ക കൂടി ഉയർത്തിയതോടെ പദ്ധതി മരവിച്ചു. മാരിടൈം എനർജി ഹെലി എയർ സർവീസസ്, കൈരളി ഏവിയേഷൻ, സീബേർഡ് സീപ്ലെയിൻ സർവീസസ് ലിമിറ്റഡ് എന്നീ കമ്പനികൾ വിവിധ ഘട്ടങ്ങളിലായി സർവീസ് നടത്താൻ തയാറായെങ്കിലും എതിർപ്പുകളുടെ ശക്തമായ അടിയൊഴുക്കിൽ പരാജയപ്പെട്ടു.

ആദ്യ സർവീസ് ഗുജറാത്തിൽ 

ഉഡാൻ പദ്ധതി പ്രകാരം ഗുജറാത്തിലെ സബർമതി – സർദാർ സരോവർ – സ്റ്റാച്യൂ ഓഫ് യൂണിറ്റി (ഏകതാ പ്രതിമ) എന്നിവയെ ബന്ധിപ്പിച്ച് വരുന്ന ഒക്ടോബറിൽ ആദ്യ സർവീസ് ആരംഭിക്കാനാണു ശ്രമം. സെപ്റ്റംബറിനകം ഹൈഡ്രോഗ്രഫിക് സർവേ പൂർത്തിയാക്കാനാണു കേന്ദ്ര ഷിപ്പിങ് മന്ത്രി മൻസൂഖ് മാണ്ഡവ്യ പദ്ധതി അവലോകന യോഗത്തിൽ നിർദേശിച്ചത്. ഗുജറാത്ത് ടൂറിസത്തിനു കൂടുതൽ കുതിപ്പു നൽകാൻ സീപ്ലെയിൻ സർവീസ് സഹായിക്കുമെന്നാണു മന്ത്രാലയത്തിന്റെ പ്രതീക്ഷ. കൂടുതൽ റൂട്ടുകളിൽ ഭാവിയിൽ സർവീസ് ആരംഭിക്കും. സാഗർമാല ഡവലപ്മെന്റ് കമ്പനി, ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റി എന്നിവയ്ക്കാണു നിർവഹണച്ചുമതല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com