കോവിഡ് കാലത്ത് നിക്ഷേപമെങ്ങനെ

game
SHARE

നിക്ഷേപ മാർഗങ്ങളിൽ ഏറ്റവും ജനകീയമായ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറഞ്ഞതും കോവിഡ് രോഗവ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതു മുതൽ ഓഹരി വിപണിയിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വലിയ ചാഞ്ചാട്ടങ്ങളും ക്രൂഡ് ഓയിൽ, ഓഹരികൾ എന്നിവയുടെ വിലത്തകർച്ചയോടനുബന്ധിച്ച് പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചേർന്ന സ്വർണ വിലയും റിയൽ എസ്റ്റേറ്റ് മേഖലയിലെ സ്തംഭനാവസ്ഥയും ഒത്തുചേരുമ്പോൾ, ഏതു നിക്ഷേപമാർഗം സ്വീകരിക്കണമെന്നതിൽ നിക്ഷേപകർക്കു വ്യക്തതയില്ല. പ്രധാനപ്പെട്ട നിക്ഷേപ മാർഗങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഒന്നു വിലയിരുത്താം:

1. ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ:
നിശ്ചിത നിരക്കിൽ വരുമാനം ലഭിക്കുമെന്നതിനാലും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നതിനാലും ഇന്ത്യയിലെ ആകെ നിക്ഷേപങ്ങളുടെ വലിയ ഒരു ഭാഗം കൈയടക്കിവച്ചിരിക്കുന്നത് ബാങ്ക് സ്ഥിര നിക്ഷേപങ്ങളാണ്. മുതിർന്ന പൗരൻമാര‍ക്ക് ഉയർന്ന പലിശ കിട്ടുമെന്നതും ബാങ്ക് നിക്ഷേപത്തെ പ്രിയങ്കരമാക്കുന്നു. റിസർവ് ബാങ്ക് റീപ്പോ നിരക്ക് തുടർച്ചയായി കുറച്ചു കൊണ്ടുവരുന്നതിന്റെ ഫലമായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറഞ്ഞു വരുന്ന പ്രവണതയാണ് ഇപ്പോൾ. 5 വർഷമോ അതിൽ കൂടുതലോ ഉള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 2010ൽ പ്രമുഖ ബാങ്ക് 8.5% പലിശയായിരുന്നു നൽകിയിരുന്നതെങ്കിൽ കഴിഞ്ഞ മാസം അവസാനമായപ്പോഴേക്കും നിരക്ക് 5.40 ശതമാനമായി.


∙സമീപിക്കേണ്ട രീതി: കൂടുതൽ റിസ്‌ക് എടുത്ത് നഷ്ടത്തിനുള്ള സാധ്യത വിളിച്ചു വരുത്തുവാൻ ആഗ്രഹിക്കാത്തവർക്ക് അനുയോജ്യമായ നിക്ഷേപ മാർഗം തന്നെയാണ് ബാങ്ക് സ്ഥിരനിക്ഷേപം. 5 വർഷത്തിന് മുകളിലുള്ള നിക്ഷേപം 80-സി വകുപ്പു പ്രകാരമുള്ള നികുതിയിളവും ലഭ്യമാക്കിത്തരുന്നു. അതേസമയം, പണപ്പെരുപ്പത്തിനു മുകളിൽ ലഭിക്കുന്ന യഥാർഥ റിട്ടേൺ തുലോം തുച്ഛമാണെന്നതും പലിശയിനത്തിൽ ലഭിക്കുന്ന തുക നികുതിക്കു വിധേയമാണെന്നതും പ്രത്യേകിച്ച് ഓർക്കുക.

2. ഓഹരി/ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകൾ

ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ ഏതാനും വർഷങ്ങളായി നേട്ടങ്ങളുടെ പാതയിലായിരുന്നു. ജനുവരി 16ന് പ്രധാന സൂചികയായ ബിഎസ്ഇ സെൻസെക്സ് 42000 പോയിന്റ് എന്ന പുതിയ ഉയരത്തിലെത്തുകയും ചെയ്തു. എന്നാൽ മാർച്ച് അവസാനത്തോടെ സൂചിക 26000 പോയിന്റിനും താഴെ എത്തി. ജൂൺ ആദ്യപകുതി പിന്നിട്ടപ്പോൾ സൂചികയിൽ 8000 പോയിന്റിന് മുകളിൽ തിരിച്ചുവരവു കാണാൻ സാധിച്ചെങ്കിലും കോവിഡ് മഹാമാരി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു മേൽ ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തിന്റെ തോത് അജ്ഞാതമായിരിക്കുന്നിടത്തോളം, വരും നാളുകളിലും വിപണിയിൽ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.

∙ സമീപിക്കേണ്ട രീതി: നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുക മൊത്തമായി ഓഹരിയിലിറക്കുന്നത് അഭികാമ്യമല്ല. ആകെത്തുകയുടെ 25 ശതമാനത്തിൽ തുടങ്ങി, തുടർന്നുണ്ടായേക്കാവുന്ന വീഴ്ചകളിൽ ഘട്ടം ഘട്ടമായി ബാക്കി വരുന്ന തുക നിക്ഷേപിക്കുക എന്നത് അവലംബിക്കാവുന്ന ഒരു മാർഗമാണ്. ഇനി അഥവാ വിപണി പിടികൊടുക്കാതെ മുകളിലേക്കു പോകുന്ന സാഹചര്യമുണ്ടായാൽ നിക്ഷേപിക്കപ്പെട്ട തുകയ്ക്കു മേൽ വരുന്ന ലാഭം എടുത്തു മാറാം. ഒറ്റത്തവണയായി നടത്താനുദ്ദേശിക്കുന്ന ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ഈ രീതി പിന്തുടരാവുന്നതാണ്. മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി നിക്ഷേപങ്ങൾ വീഴ്ച വരാതെ മുന്നോട്ടു കൊണ്ടുപോകേണ്ടതാണെന്ന് ഓർക്കുമല്ലോ.

3. ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ:

കഴിഞ്ഞ ഏതാനും മാസങ്ങളായി ഡെറ്റ് ഫണ്ട് മേഖലയിൽനിന്നു ശുഭകരമല്ലാത്ത വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.
∙സമീപിക്കേണ്ട രീതി: ബാങ്ക് സ്ഥിര നിക്ഷേപത്തെക്കാൾ അൽപം റിട്ടേൺ കൂടുതൽ ലഭിക്കുമെന്ന ധാരണ മുൻനിർത്തിയാണ് നിക്ഷേപകർ ഡെറ്റ് ഫണ്ടുകൾ തിരഞ്ഞെടുക്കുന്നത്. ഡെറ്റ് ഫണ്ടുകൾ റിസ്‌ക് ഒട്ടും ഇല്ലാത്ത നിക്ഷേപമാണെന്ന് തെറ്റിദ്ധരിക്കരുത്. റിട്ടേൺ താരതമ്യേന കുറവാണെങ്കിലും സ്ഥിരതയാർന്ന വരുമാനത്തിനും സുരക്ഷിതത്വത്തിനും മുൻതൂക്കം നൽകുന്ന നിക്ഷേപകർക്ക് ഡെറ്റ് ഫണ്ടുകളിലെ ഉപവിഭാഗങ്ങളായ ഓവർനൈറ്റ് ഫണ്ട്, ലിക്വിഡ് ഫണ്ട്, അൾട്രാ ഷോർട്ട് ബോണ്ട് ഫണ്ട്, മണി മാർക്കറ്റ് ഫണ്ട് എന്നിവയിലൊക്കെ നിക്ഷേപം നടത്താവുന്നതാണ്. സ്ഥിരമായ കാലാവധി മുൻനിർത്തി പുറത്തിറങ്ങുന്ന ഗിൽറ്റ് ഫണ്ടുകളും പരിഗണിക്കാം.

4. സ്വർണം:

സുരക്ഷിതത്വം, ലിക്വിഡിറ്റി, പണപ്പെരുപ്പത്തിനും മുകളിൽ നിൽക്കുന്ന റിട്ടേൺ എന്നിവ പരിഗണിക്കുമ്പോൾ സ്വർണം എല്ലാ കാലത്തും പ്രിയപ്പെട്ട നിക്ഷേപ മാർഗമായാണ് അറിയപ്പെടുന്നത്. നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ പ്രകടനം പൊതുവെ ഓഹരി വിപണിയുടെ വിപരീത ദിശയിലാണ് കണ്ടുവരാറുള്ളത്. സമീപകാലത്ത് ഓഹരി വിപണിയിലുണ്ടായ വീഴ്ചയും ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യശോഷണവും സ്വർണവില ഉയരാൻ കാരണമായി. ഈ രണ്ടു കാര്യങ്ങളും വീണ്ടും സംഭവിക്കുന്നുവെങ്കിൽ സ്വർണവില മുകളിലേക്കു പോയേക്കാം.

∙സമീപിക്കേണ്ട രീതി: മികച്ച നിക്ഷേപം എന്ന നിലയിൽ കാണാതെ പണപ്പെരുപ്പം, സാമ്പത്തിക അനിശ്ചിതത്വം എന്നിവയെ മറികടക്കാൻ സഹായിക്കുന്ന നിക്ഷേപ ഉപാധിയായി സ്വർണത്തെ പരിഗണിക്കുക. ആകെ നടത്തുന്ന നിക്ഷേപത്തിന്റെ 10% മുതൽ 15% വരെ സ്വർണ നിക്ഷേപമാകാം.

   നിക്ഷേപകന്റെ റിസ്‌ക് ലെവൽ, നിക്ഷേപത്തിനു പിറകിലെ ലക്ഷ്യം, എത്ര കാലത്തേക്ക് നിക്ഷേപിക്കുന്നു എന്നീ ഘടകങ്ങളെല്ലാം വിലയിരുത്തിയ ശേഷം മാത്രം അനുയോജ്യമായ മാർഗം ഏതെന്നു തീരുമാനിക്കുക.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിൽ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി വിഭാഗം മേധാവിയാണു ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA