ADVERTISEMENT

വിനോദയാത്രയ്ക്കു പ്ലാനുണ്ടെങ്കിൽ വിയറ്റ്നാമിലേക്കു പോകണം. തലസ്ഥാനമായ ഹനോയ് നഗരത്തിലേക്ക്. നഗരമധ്യത്തിലെ ജിയാങ് വോ തടാകത്തിന്റെ തീരത്തു മിന്നിത്തിളങ്ങുന്ന ഒരു ഹോട്ടലുണ്ട്. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ഒരു പഴഞ്ചൊല്ലിലെങ്കിലും പതിരുണ്ടെന്ന് അവിടെയെത്തുമ്പോൾ ബോധ്യപ്പെടും. അവിടെ മിന്നുന്നതെല്ലാം പൊന്നാണ്. ഹോട്ടൽ അടിമുടി പൊന്ന്. 24 നിലകളും 24 കാരറ്റ്.

അതാണു ‘ഡോൾസ് ബൈ വിൻഡം’. അകവും പുറവുമെല്ലാം സ്വർണം പൊതിഞ്ഞ ഹോട്ടൽ. ലോകത്ത് ആദ്യമാണ് ഇങ്ങനെ. കപ്പും കട്‌ലെറിയും മാത്രമല്ല ബാത് ടബ്, ടോയ്‌ലറ്റ്, വാഷ് ബേസിൻ തുടങ്ങിയവ പോലും സ്വർണം പൂശിയത്. ലോബി മുതൽ റൂഫ് ടോപ് സ്വിമ്മിങ് പൂൾ വരെ സ്വർണമയം. ദക്ഷിണേഷ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഏറ്റവും മുന്തിയതെന്ന് അവകാശപ്പെടുന്ന ഹോട്ടലിന്റെ നിർമാണത്തിനു 11 വർഷമെടുത്തു. 400 മുറികളുള്ള ഹോട്ടലിനു തിളക്കം നൽകാൻ വേണ്ടിവന്നതു 10 ലക്ഷം ഗ്രാം സ്വർണം. നമ്മുടെ നാട്ടളവിൽ 1,25,000 പവൻ. സ്വർണത്തിന്റെ വില ഉൾപ്പെടെ ആകെ ചെലവ് 1500 കോടി രൂപ.

ഹനോയ് നഗരത്തിലെ തന്നെ മുന്തിയ ഹോട്ടലുകളുമായി താരതമ്യപ്പെടുത്തിയാൽ സ്വർണഹോട്ടലിൽ താമസച്ചെലവ് അത്ര ഭീമമൊന്നുമല്ല. കുറഞ്ഞത് 20,000 രൂപ മാത്രം. കൂടിയാൽ 80,000. സന്ധിവാതം മൂലമുള്ള അസ്വസ്ഥത കുറയാനും മനോനില മെച്ചപ്പെടാനുമൊക്കെ സ്വർണത്തിൽ തൊട്ടുരുമ്മിയുള്ള താമസം സഹായിക്കുമെന്നു ഹോട്ടൽ ഉടമകളായ ഹോവ ബിൻ ഗ്രൂപ്പ് അവകാശപ്പെടുമ്പോൾ നിരക്കു ലാഭകരമാണല്ലോ എന്നു വെറുതെയാണെങ്കിലും സമാധാനിക്കാം.

കോവിഡ് വന്നിരുന്നില്ലെങ്കിൽ ഒരു മുറി പോലും ഒഴിവില്ലാത്ത വിധം ബുക്കിങ് ലഭിക്കുമായിരുന്നുവെന്നാണു ഗ്രൂപ്പിന്റെ അഭിപ്രായം. ഹോ ചി മിൻ സിറ്റിയിലും ഇതേപോലൊരു ഹോട്ടൽ നിർമിക്കാനുള്ള ഒരുക്കത്തിലാണു ഗ്രൂപ്പ്. ഹോവ ബിൻ ഗ്രൂപ്പാണ് ഉടമകളെങ്കിലും ഹോട്ടലിന്റെ നടത്തിപ്പ് യുഎസ് ആസ്ഥാനമായുള്ള പ്രശസ്തമായ ‘വിൻഡം ഹോട്ടൽസ്’ എന്ന ബ്രാൻഡിന്റെ ചുമതലയിലാണ്. വിൻഡം ഗ്രൂപ്പ് പതിനായിരത്തോളം കേന്ദ്രങ്ങളിലായി ‘റമദ’ ഉൾപ്പെടെ ഇരുപതോളം ബ്രാൻഡുകളിൽ ഹോട്ടലുകൾ നടത്തുന്നുണ്ട്. വിൻഡം ഗ്രൂപ്പിന്റെ ‘ഡോൾസ്’ ബ്രാൻഡിലുള്ള അദ്യ ഹോട്ടലാണു വിയറ്റ്നാമിലേത്. ‘ഡോൾസ് ബൈ വിൻഡം ഹനോയ് ഗോൾഡൻ ലേക് ഹോട്ടൽ’ എന്നു പൂർണനാമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com