ADVERTISEMENT

കൊച്ചി∙ ചരക്ക്, സേവന നികുതി റിട്ടേൺ സമർപ്പണം വൈകിയവർക്ക് 500 രൂപ മാത്രം പിഴയോടെ ഫയലിങ് പൂർത്തിയാക്കാനുള്ള അവസരം സെപ്റ്റംബർ 30 വരെ നല്‍കാനുള്ള തീരുമാനത്തിന്റെ ഗുണം കേരളത്തിൽ ലഭിക്കുക 20 ശതമാനത്തിൽ താഴെ ബിസിനസുകാർക്കു മാത്രം. കേരളത്തിലെ ഭൂരിഭാഗം വ്യാപാരികളും വ്യവസായികളും നേരത്തേതന്നെ റിട്ടേൺ ഫയൽ ചെയ്തതിനാലാണിത്. സാങ്കേതിക തകരാറും ജിഎസ്ടി നെറ്റ്‌വർക്കിലെ പിഴവും മൂലം റിട്ടേൺ ഫയൽ ചെയ്യാൻ കഴിയാത്തവരാകട്ടെ ലക്ഷക്കണക്കിനു രൂപ ഇതിനോടകം പിഴയായി അടച്ചിട്ടുണ്ട്. 

ജിഎസ്ടി നിലവിൽ വന്ന 2017 ജൂലൈ മുതൽ ഈ മാസം വരെയുള്ള ജിഎസ്ടിആർ 3ബിയുടെ പ്രതിമാസ, ത്രൈമാസ സമർപ്പണം വൈകിയവർക്കാണ് 500 രൂപ മാത്രം പിഴയോടെ ഫയലിങ് പൂർത്തിയാക്കാനുള്ള അവസരം. സെപ്റ്റംബർ 30നു മുൻപ് പെൻഡിങ് റിട്ടേൺ സമർപ്പണം പൂർത്തിയാക്കിയില്ലെങ്കിൽ ജിഎസ്ടി റജിസ്ട്രേഷൻ റദ്ദാകും. നികുതിബാധ്യതയില്ലാത്തവർക്ക് ലേറ്റ് ഫീ പൂർണമായും ഒഴിവാക്കിയിട്ടുമുണ്ട്. നികുതി അടച്ച്, റിട്ടേൺ ഫയൽ ചെയ്തവരോടുള്ള അനീതിയാണ് കൗൺസിലിന്റെ തീരുമാനമെന്ന് വ്യാപക ആക്ഷേപമുയരുന്നുണ്ട്.

പിഴ അടച്ചവർക്കു വൻ നഷ്ടം

സാങ്കേതിക തകരാർ നിലനിൽക്കുമ്പോഴും റിട്ടേൺ വൈകാതെ നോക്കുകയും ലേറ്റ് ഫീ കൃത്യമായി അടച്ച് ഫലയിങ് നടത്തുകയും ചെയ്യുന്നവരാണ് കേരളത്തിലെ റജിസ്റ്റേഡ് വ്യാപാരികളും വ്യവസായികളും. ലക്ഷക്കണക്കിനു രൂപ കോവിഡ് കാലത്തും ലേറ്റ് ഫീ ഇനത്തിൽ അടച്ച വ്യാപാരികളും വ്യവസായികളുമുണ്ട്. റിട്ടേൺ വൈകുന്ന ഓരോ ദിവസത്തിനുമാണ് പിഴ ഈടാക്കുന്നത്. ഓരോ റിട്ടേണിനും ലേറ്റ് ഫീ പരമാവധി 10,000 എന്നും പരിധിയുണ്ട്. ഇതാണ്, ഫയലിങ് വൈകിയ ദിവസങ്ങളുടെ കണക്ക് നോക്കാതെ 500 രൂപ മാത്രം പിഴയെന്നു കേന്ദ്രസർക്കാർ നിശ്ചയിച്ചത്.

കഴിഞ്ഞ വർഷം ജനുവരി വരെ ജിഎസ്ടി ലേറ്റ് ഫീ ഇനത്തിൽ ഈടാക്കിയത് 4172 കോടി രൂപയാണ്. ഇതിനു മുൻപും പിഴത്തുക എടുത്തു കളഞ്ഞപ്പോൾ കേരളത്തിലെ വ്യാപാരികൾക്കു കാര്യമായ പ്രയോജനം ജനം ലഭിച്ചിരുന്നില്ല. പിഴയായി അടച്ച പണം തിരികെ നൽകണമെന്നാണ് വ്യാപാരികളുടെ ഇപ്പോഴത്തെ ആവശ്യം. ലേറ്റ് ഫീയിൽ ഇളവു നൽകിയാലും പഴയ പെൻഡിങ് റിട്ടേണുകളുടെ ഇൻപുട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ കഴിയാത്തതിനാൽ സർക്കാർ നൽകുന്ന സമയപരിധിയിൽ എത്രപേർ റിട്ടേൺ സമർപ്പണം പൂർത്തിയാക്കുമെന്നു കാത്തിരുന്നു കാണണം.

റിട്ടേൺ നൽകാത്തവർ ഒട്ടേറെ

കേരളത്തിൽ ജിഎസ്ടി റിട്ടേൺ ഫയലിങ് ഏതാണ്ട് കൃത്യമായി നടക്കാറുണ്ടെങ്കിലും മറ്റു പല സംസ്ഥാനങ്ങളിലെയും സ്ഥിതി ഇതല്ല. ഫെബ്രുവരി അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ജിഎസ്ടി നിയമത്തിനു കീഴിൽ റജിസ്റ്റർ ചെയ്ത 1.4 കോടി പേരിൽ 85 ലക്ഷം പേരാണ് റിട്ടേൺ സമർപ്പിച്ചത്. 55 ലക്ഷം പേരുടെ റിട്ടേണുകൾ പെൻഡിങ്ങാണ്.

റജിസ്ട്രേഷൻ പുതുക്കാൻ അവസരം വേണം

ജിഎസ്ടി റിട്ടേൺ പെൻഡിങ് ആയതിനാൽ റജിസ്ട്രേഷൻ റദ്ദാക്കപ്പെട്ടവർക്ക് റജിസ്ട്രേഷനിൽ തുടരാനുള്ള ഓപ്ഷൻ വെബ്സൈറ്റിൽ നൽകാൻ കൗൺസിൽ തയാറാകണമെന്ന് ടാക്സ് പ്രാക്ടീഷനേഴ്സും വ്യാപാരികളും ആവശ്യപ്പെട്ടു. നിലവിൽ 6 മാസത്തെ റിട്ടേൺ മുടങ്ങിയാൽ റജിസ്ട്രേഷൻ റദ്ദാകും. 2017 മുതലുള്ള പെൻഡിങ് റിട്ടേൺ സമർപ്പിച്ച് റജിസ്ട്രേഷൻ നിലനിർത്താനാണ് ലേറ്റ് ഫീ ഇളവ്. എന്നാൽ റദ്ദാക്കിയ റജിസ്ട്രേഷൻ പുതുക്കാനുള്ള ഓപ്ഷനില്ലാത്തതിനാൽ ഒട്ടേറെപ്പേർക്ക് ഇപ്പോൾ ഫയലിങ് നടക്കുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com