ADVERTISEMENT

പത്ത് ലക്ഷം രൂഭാ വിലയുള്ള ആഡംബര കാർ കാലത്തേ വന്ന് റോഡരികിൽ നിൽക്കുന്നു. സ്റ്റൈലായി മൂന്നാല് ആണുങ്ങൾ ഇറങ്ങുന്നു. മാന്യൻമാർ പിന്നീടു ചെയ്ത കാര്യം കണ്ടാ‌‌ൽ കണ്ണുതള്ളും. ഡിക്കി തുറന്ന് , മീൻ വിൽക്കുന്ന നീലപ്പെട്ടിയെടുത്ത് റോഡരികിൽ വയ്ക്കുന്നു. ശേഷം ഒരാൾ മാറിയിരുന്നു വിളിച്ചു കൂവുകയാണ്–നാടൻ മത്തി, നാടൻ മത്തി... മീന്... മീനേയ്...

ഒന്നും രണ്ടുമായി ജനം മത്തി വാങ്ങാനെത്തുന്നുമുണ്ട്. ലോക്ഡൗൺ തുടങ്ങിയ ശേഷം ഈ സീൻ നാടെങ്ങും വ്യാപിച്ചതാണ്. മീൻ കച്ചവട‌ത്തിന് അങ്ങനെ പ്രത്യേക സ്ഥലമെന്നില്ല. വണ്ടിയിൽ കൊണ്ടുവരും എവിടെയും വിൽക്കും. മത്തി തന്നെ വേണമെന്നില്ല, ഏതു മീനും. മുറിച്ചു ക്ളീൻ ചെയ്തുകൊടുക്കില്ലെന്നു മാത്രം. 

മീനിന്റെ കാര്യത്തിൽ നേരത്തേ തന്നെ മാറ്റം തുടങ്ങിയിരുന്നു. ചന്തയിലെ മീനും കുട്ടകളിൽ വീട്ടിൽകൊണ്ടു വന്നിരുന്ന മീനും മാറി സ്റ്റീൽ തട്ടുകളിൽ വഴിയിൽ വിൽക്കുന്നതും മോഡേൺ കടകളിൽ നിരത്തിവച്ച് വിൽക്കുന്നതും സകലമുക്കിലും മൂലയിലുമെത്തി. മീൻ ഫ്രീസ് ചെയ്യാതെ ചെറിയ തണുപ്പിൽ വയ്ക്കുന്നതു വഴി ഫ്രഷ് എന്ന ആകർഷണം നിലനിർത്തുന്നു. മീൻകടയിൽ ക്യാമറ വച്ച് മുതലാളി വീട്ടിലിരുന്നു കച്ചവടം മോണിറ്റർ ചെയ്യുന്ന പരിപാടിയുമുണ്ട്. 

ഗൾഫ് നാടുകളിലെ മീൻ വിൽപ്പന കേന്ദ്രങ്ങൾ കണ്ടിട്ടുണ്ടായ മാറ്റമാവാം. മീൻ കച്ചവടത്തിന്റെ പഴയ അയ്യേ മനോഭാവം പോയമൊത്തം സ്റ്റൈലായി. പണിയില്ലേ? ജീവിക്കാനൊരു മാർഗം വേണോ? മീൻ കച്ചവടം ഓപ്ഷനായി. ലോക്ഡൗണിൽ സംഗതി പെരുകിയെന്നു മാത്രം. ഏതു ബിസിനസിലും പോലെ മീനിലും വിജയിച്ചവരുണ്ട്, പൊട്ടിയവരുമുണ്ട്. 

ബാർ ഹോട്ടൽ പോലെ മറ്റു വൻകിട ബിസിനസുകൾ ചെയ്യുന്നവരും സൈഡ് ബിസിനസായിട്ടൊരു മീൻ കടയും നടത്തുന്നതാണ് ലേറ്റസ്റ്റ്. അത് ഉദ്ഘാടനം ചെയ്യാൻ സകുടുംബം വിഐപികൾ ഉൾപ്പടെ ചടങ്ങും നടത്തും. മീനൊന്നും പിടിക്കാത്തവർക്കായി ശകലം ചിക്കനും പോത്തും കൂടി കടയിൽ വച്ചെന്നും വരാം.

ഈ ട്രെൻഡ് മീനിൽ മാത്രമല്ല. അഞ്ചു തേങ്ങ, അഞ്ചുകിലോ കപ്പ 100 രൂപ എന്ന ബോർഡുമായി വഴിയിലെങ്ങും കാറും തേങ്ങയും കപ്പയും കാണും. അഞ്ചു കിലോ ഏത്തപ്പഴവും 100 രൂപ. ഡിക്കി തുറന്നു തേങ്ങയും കപ്പയും പഴവും പ്രദർശിപ്പിക്കുകയാണ്. നാടൻ തേങ്ങ എന്നൊരു വിശേഷണവുമുണ്ട്. നാടനല്ലാതെ പിന്നെ സ്വിസ് ബ്രൗൺ തേങ്ങയുണ്ടോ? വിൽപ്പനയ്ക്ക് ആളെ ആകർഷിക്കാനുള്ളൊരു നമ്പരായി മാറിയിരിക്കുന്ന നാടൻ!

ഒടുവിലാൻ∙ നെയ്മീൻ മാത്രം തിന്നുന്ന പൂച്ചയുണ്ട് ഒരു മീൻകട മുതലാളിയുടെ വീട്ടിൽ. നെയ്മീനിന്റെ വിൽക്കാത്ത വാൽഭാഗം വീട്ടിൽ കൊണ്ടു വന്നു കൊടുക്കുന്നത് പൂച്ചയ്ക്കു ശീലമായിപ്പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com