ADVERTISEMENT

ആരോഗ്യ സംബന്ധമായ ചെലവുകൾ സദാ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ, അപ്രതീക്ഷിതമായ ചികിത്സകൾക്കു വേണ്ടി പണം ഒരുക്കിവയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചുരുക്കം ചില ആശുപത്രിച്ചെലവുകൾ സ്വന്തം കയ്യിൽനിന്ന് അടയ്ക്കാമെങ്കിലും, ഗുരുതരമായ അസുഖങ്ങൾ ബാധിച്ചാൽ അതു സാമ്പത്തിക സ്ഥിതിയെ കാര്യമായി തകരാറിലാക്കാൻ പര്യാപ്തമാണ്. മിക്കവരും എടുക്കുന്ന സാധാരണ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ മൂന്ന് ലക്ഷം മുതൽ 5ലക്ഷം രൂപ വരെ ക്ലെയിം തുക ഉള്ളവയാണ്. 

സൂപ്പർ ടോപ്‌-അപ് ഹെൽത് ഇൻഷുറൻസ് പ്ലാനുകൾ സാധാരണ ഇൻഷുറൻസ് പദ്ധതിയുടെ പരമാവധി തുക കഴിയുന്ന ചികിത്സാ സാഹചര്യങ്ങളിൽ അധികസുരക്ഷ നൽകുന്നു. സൂപ്പർ ടോപ്‌-അപ് പോളിസികളിൽ, ഉപഭോക്താവിനു സ്വന്തമായി വഹിക്കേണ്ട കൃത്യമായ ഒരു പരിധിയോ കുറയ്ക്കേണ്ട തുകയോ പോളിസിയുടെ ക്ലെയിം തുക ലഭിക്കുന്നതിനു മുൻപു തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. ഈ പരിധിയെ അഗ്രിഗേറ്റ് ഡിഡക്റ്റിബിൾ എന്നാണ് വിളിക്കുന്നത്. സാധാരണ മെഡിക്കൽ പോളിസിയുടെ പരമാവധി തുകയുടെ അല്ലെങ്കിൽ സ്വന്തം വരുമാനത്തിൽ നിന്നു ചെലവഴിക്കാൻ കഴിയുന്ന തുകയുടെ അടിസ്ഥാനത്തിൽ ഈ പരിധി തിരഞ്ഞെടുക്കാം.

സൂപ്പർ ടോപ് അപ് പ്ലാനിൽ, ഒരു നിശ്ചിത പോളിസി കാലയളവിലെ അർഹമായ എല്ലാ ചികിത്സച്ചെലവുകളുടെയും ആകെത്തുക ഇൻഷുറൻസ് കമ്പനി പരിഗണിക്കുന്നു. കൂടാതെ, ഈ തുക പോളിസിയിൽ തിരഞ്ഞെടുത്ത കിഴിവിൽ കൂടുതൽ ആകുകയാണെങ്കിൽ, പോളിസി ഉടമ ഒരു ഒരു ക്ലെയിം പേ ഔട്ടിനും അർഹത നേടുന്നു. അപ്രകാരം, സൂപ്പർ ടോപ് അപ് പ്ലാനുകൾ ഒരു സാധാരണ ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പരിധിക്കപ്പുറം ഉണ്ടാകാനിടയുള്ള അപ്രതീക്ഷിത ചെലവുകൾ വഹിക്കുന്നതിനുള്ള സമഗ്രമായ സാമ്പത്തിക കരുതലാണ്.

പരമാവധി കവറേജ് ലഭിക്കുന്നതിനായി, സൂപ്പർ ടോപ് അപ് പോളിസികൾ ഒരു വ്യക്തിയെന്ന നിലയിലോ ഫ്ലോട്ടർ പോളിസിയായോ എടുക്കാവുന്നതാണ്. ഈ തരത്തിലുള്ള പോളിസി പ്രകാരം ഒരാൾക്കു തന്നെത്തന്നെയോ പങ്കാളിയെയോ, ആശ്രിതരായ കുട്ടികളെയോ ആശ്രിതരായ മാതാപിതാക്കളെയോ ആയി പരമാവധി 6 പേരെ വരെ ഒരേ പോളിസിയിൽ തന്നെ മൊത്തം കുടുംബാംഗങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയും. കുട്ടികളെയും മാതാപിതാക്കളെയും ചേർക്കാനുള്ള പ്രായം ഓരോ ഇൻഷുറൻസ് കമ്പനിയിലും വ്യത്യസ്തമായിരിക്കാം.

സാധാരണ ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കുന്നതിനുള്ള ചെലവുകൾ, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുൻപും ശേഷവും ഉള്ള ചെലവുകൾ എന്നിവ കൂടാതെ, അഗ്രിഗേറ്റ് ഡിഡക്റ്റിബിൾസ്, ആംബുലൻസ് ചെലവിന്റെ കവറേജ്, അവയവദാനച്ചെലവിന്റെ കവറേജ്, സൗജന്യ ആരോഗ്യ പരിശോധന തുടങ്ങിയ പ്രയോജനങ്ങളും സൂപ്പർ ടോപ് അപ് പ്ലാൻ നൽകുന്നു. 3 ലക്ഷം മുതൽ 50 ലക്ഷം വരെ ഉറപ്പായ തുക നൽകുന്ന, 2 ലക്ഷം മുതൽ 10 ലക്ഷം വരെ അഗ്രിഗേറ്റ് ഡിഡക്റ്റിബിൾസ് വാഗ്ദാനം ചെയ്യുന്ന പോളിസികൾ വിപണിയിൽ ലഭ്യമാണ്. മുൻപേ ഉള്ള അസുഖങ്ങൾക്ക് ചികിത്സ തേടുന്നതിനുള്ള കാത്തിരിപ്പു കാലാവധി ഈ പ്ലാനിലും ഉണ്ട്. ചില കമ്പനികൾ ഇപ്പോൾ‌ ഈ കാത്തിരിപ്പു കാലാവധി 12 മാസം ഒക്കെ ആയി കുറച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com