ADVERTISEMENT

കൊച്ചി ∙ കോവിഡ് ലോക്ഡൗണിനു പിന്നാലെ എയർ കാർഗോ നിരക്കുകൾ ഗണ്യമായി ഉയർന്നതോടെ മലബാറിൽ നിന്നു ഗൾഫിലേക്കുള്ള പച്ചക്കറി കപ്പൽ കയറുന്നു. ശീതീകരിച്ച (റീഫർ) കണ്ടെയ്നറുകളിൽ റോഡ് മാർഗം കൊച്ചിയിലെത്തിച്ചു വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിൽ നിന്നാണ് ഇവ അയയ്ക്കുന്നത്. 

ആദ്യ ഘട്ടത്തിൽ 216 ടൺ 

കോഴിക്കോടു നിന്ന് ആദ്യ ഘട്ടമായി 12 നാൽപതടി കണ്ടെയ്നറുകളിലായി ഏകദേശം 216 ടൺ പച്ചക്കറിയാണു ഗൾഫിലേക്ക് കപ്പലിൽ അയച്ചത്. മുൻപ്, എയർ കാർഗോയിൽ കിലോഗ്രാമിനു 40 – 50 രൂപ നിരക്കാണ് എയർലൈനുകൾ ഈടാക്കിയിരുന്നത്. എന്നാൽ, ലോക്ഡൗണിനു ശേഷം ചാർട്ടേഡ് വിമാന സർവീസുകൾ കിലോഗ്രാമിന് 110 രൂപയാണ് ഈടാക്കുന്നത്. വേ ബിൽ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ചാർജുകൾ വേറെയും നൽകണം. തുടർന്നാണു റീഫർ കണ്ടെയ്നറുകളിൽ കപ്പലിൽ അയയ്ക്കാൻ ശ്രമം ആരംഭിച്ചത്. 

ലോജിസ്റ്റിക്സ് സേവന ദാതാക്കളായ മെഴ്സ്കും എവർ ഗ്രീനും കണ്ടെയ്നറുകൾ ലഭ്യമാക്കിയതോടെ പച്ചക്കറി കൊച്ചിയിലെത്തി കപ്പൽ കയറി. അതേസമയം, പെട്ടെന്നു കേടാകുന്ന തക്കാളി പോലുള്ള പച്ചക്കറികൾ ഇപ്പോഴും വിമാന മാർഗമാണ് അയയ്ക്കുന്നത്. 

ബേപ്പൂർ– കൊച്ചികപ്പൽ പ്രതീക്ഷ

റോഡ് മാർഗം കൊച്ചി – കോഴിക്കോട് കണ്ടെയ്നർ നീക്കത്തിനു ചെലവു കൂടുതലാണെന്നു കയറ്റിറക്കുമതി വ്യാപാരികൾ പറയുന്നു. ബേപ്പൂർ, കൊച്ചി തുറമുഖങ്ങൾക്ക് ഇടയിൽ തീരദേശ ചരക്കു കപ്പൽ സർവീസ് ആരംഭിക്കുന്നതോടെ, മലബാറിൽ നിന്നു കൊച്ചി തുറമുഖത്തേക്കുള്ള ചരക്കു നീക്കം കുറഞ്ഞ ചെലവിൽ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണിവർ. ഗ്രേറ്റ് സീ ഷിപ്പിങ്, എയർ ഏഷ്യ തുടങ്ങിയ  കമ്പനികൾ സർവീസിനു താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. കേരള മാരിടൈം ബോർഡ് തീരദേശ ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com