ADVERTISEMENT

കാർഷിക ആവശ്യങ്ങൾക്കായി കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) വായ്പ പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക പദ്ധതി ഫെബ്രുവരി മുതൽ രാജ്യത്താകമാനം തുടങ്ങിയിട്ടുണ്ട്. കൃഷി ഉള്ള എല്ലാവർക്കും വായ്പ ലഭ്യമാക്കുക എന്നതാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. പരമാവധി 3 ലക്ഷം രൂപ വരെ ഉള്ള കാർഷിക വായ്പകൾക്ക് കേന്ദ്ര സർക്കാർ 5% പലിശ സബ്സിഡി നൽകുന്നു. വായ്പ 3 ലക്ഷത്തിൽ കൂടുതലയാണെങ്കിൽ 3 ലക്ഷത്തിന് പലിശ സ്ബസിഡി ലഭിക്കും.ബാക്കി വായ്പത്തുകയ്ക്ക് 9% പലിശ.

ഒരു വർഷത്തിനകം വായ്പ തിരിച്ചടയ്ക്കുന്നവർക്കാണ് ആനുകൂല്യം. അപ്പോൾ വായ്പയുടെ പലിശ ഒരു വർഷത്തിൽ 100 രൂപയ്ക്കു 4 രൂപ.
സ്‌ഥിര നിക്ഷേപത്തിനു കിട്ടുന്ന പലിശയെക്കാൾ കുറവ്. ഈ സബ്സിഡി ബാങ്കുകൾ വായ്പ പുതുക്കുമ്പോൾ തന്നെ കൊടുക്കുന്നതു കാരണം ഇത് ലഭിക്കാൻ കാലതാമസവും ഇല്ല.

റിസർവ് ബാങ്ക് നിയമം അനുസരിച്ച് 1.60 ലക്ഷം രൂപ വരെ ഉള്ള കാർഷിക വായ്പയ്ക്ക് ഈടോ സെക്യൂരിറ്റിയോ വേണ്ട. (പുതുക്കി എടുക്കുന്ന പഴയ വായ്പകൾക്ക് ഈ വ്യവസ്ഥ ബാധകമല്ല.) പുതിയ വായ്പയ്ക്ക് ഏതെങ്കിലും ബാങ്ക് ഈടു ചോദിച്ചാൽ പരാതി ഉന്നയിക്കാം. കൃഷിഭൂമി സ്വന്തമായി ഉള്ളതും കൃഷി ചെയ്യുന്നവരുമായ എല്ലാവർക്കും കെസിസി വായ്പ നൽകിയിരിക്കണം എന്നതാണ് കേന്ദ്ര നയം. ഏതെങ്കിലും നിബന്ധന ഈ വായ്പാ പദ്ധതിക്കില്ല. അപേക്ഷ ലഭിച്ചാൽ 14 ദിവസത്തിനകം പ്രോസസ് ചെയ്ത് തീരുമാനം എടുക്കണമെന്നാണു ബാങ്കുകളോടു സർക്കാർ പറഞ്ഞിട്ടുള്ളത്.

കാർഷിക അനുബന്ധ ആവശ്യങ്ങൾക്കും പലിശ സബ്സിഡി

∙കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ കൊണ്ടുവന്ന നയ ഭേദഗതി പ്രകാരം കാർഷിക വായ്പ കൂടാതെ, കൃഷി അനുബന്ധ മേഖലകളായ ക്ഷീരക്കൃഷി, ഉൾനാടൻ/ തീരദേശ മത്സ്യ ബന്ധനം, കോഴി വളർത്തൽ എന്നിവയ്ക്ക് 2 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കു പലിശ സബ്സിഡി ലഭിക്കും.
∙ ഒരു കർഷകന് കാർഷിക/ കാർഷികാനുബന്ധ വായ്പകൾ ചേർന്ന് 3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കാണ്  സബ്സിഡി ലഭിക്കുക.

സ്വർണപ്പണയ കൃഷിവായ്പ നിലച്ചപ്പോൾ

റിസർവ് ബാങ്ക് കഴിഞ്ഞ വർഷം നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ബാങ്ക് വായ്പകളും കാർഷിക ഉൽപാദനവും തമ്മിലുള്ള തോത് ഏറ്റവും കൂടുതൽ കേരളത്തിലായിരുന്നു. സംസ്ഥാനത്തിന്റെ കാർഷിക ഉൽപാദനത്തിന്റെ 180% വായ്പ കാർഷിക മേഖലയിൽ ബാങ്കുകൾ കൊടുത്തിട്ടുണ്ട്. കാർഷികോൽപാദനത്തിൽ ഏറെ മുൻപിൽ നിൽക്കുന്ന മഹാരാഷ്ട്രയിലും, മധ്യപ്രദേശിലും ഒക്കെ ഈ അനുപാതം 60ഉം 40ഉം ശതമാനം മാത്രമാണ്.

കേരളത്തിലെ കാർഷിക വായ്പയിലെ ഏറിയ തോതും സ്വർണപ്പണയ വായ്‌പ ആയിരുന്നു. കൃഷി വായ്പയുടെ തോതിൽ പന്തികേടു തോന്നിയ കേന്ദ്ര സർക്കാർ അത്തരം സ്വർണപ്പണയ വായ്പകൾക്ക് സബ്‌സിഡിയുടെ ആനുകൂല്യം കൊടുക്കേണ്ട എന്ന തീരുമാനം എടുത്തു. സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ റിസർവ് ബാങ്ക് മുൻപാകെ  ഇതേ വിഷയം ഉന്നയിച്ചിരുന്നു.

സംസ്ഥാനത്തിന് ഇടപെടാം

∙ കാർഷിക/ കാർഷികാനുബന്ധ വായ്പത്തോത് നിശ്ചയിക്കുന്നത് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (എസ്എൽബിസി) തീരുമാനിക്കുന്ന നിരക്ക് അനുസരിച്ചാണ്. ഉദാഹരണത്തിന് ഒരു ഏക്കർ നെൽകൃഷിക്കോ വാഴക്കൃഷിക്കോ എത്ര വായ്പ കൊടുക്കാം, രണ്ടു പശു, അല്ലെങ്കിൽ 15 കോഴികൾ എന്നിവയ്ക്ക് എത്ര വായ്പ കൊടുക്കാം എന്നതൊക്കെ സംബന്ധിച്ചുള്ള ഏകദേശ കണക്ക്. ഇത് പ്രസിദ്ധപ്പെടുത്താവുന്നതാണ്. ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ രൂപം നൽകിയ പുതിയ മോണിറ്ററിങ് സെല്ലിന് ഇക്കാര്യം ചെയ്യാം.

∙ സംസ്ഥാന സർക്കാരിന്റെ ‘സുഭിക്ഷ കേരളം’ പദ്ധതിയുമായും ബന്ധിപ്പിച്ച് കുറഞ്ഞ പലിശയ്ക്ക് അടുക്കളത്തോട്ടങ്ങൾക്കു വരെ കെസിസി വായ്പ ലഭ്യമാക്കാവുന്നതാണ്.

∙ പാട്ടക്കൃഷി അല്ലെങ്കിൽ ഭൂരഹിത കർഷകർക്കു വായ്പ കൊടുക്കാൻ എക്സിക്യൂട്ടീവ് ഓർഡർ വഴി റവന്യു അധികൃതരെയോ കൃഷി വികസന ഓഫിസറെയോ ചുമതലപ്പെടുത്താം. ആന്ധ്രപ്രദേശും മറ്റും ഇവർക്കു വായ്പ കൊടുക്കാൻ നിയമനിർമാണം തന്നെ നടപ്പാക്കിയിട്ടുണ്ട്. ഭൂരഹിത കർഷകർ നമ്മുടെ സംസ്ഥാനത്തും ധാരാളം ഉണ്ട്. (ഉന്നത ബാങ്കിങ് ഉദ്യോഗസ്ഥനാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com