sections
MORE

സർക്കാരിന്റെ ഓണക്കിറ്റിൽ സപ്ലൈകോയുടെ അഴിമതിയും

thrissur-supplyco-kit
SHARE

കൊച്ചി∙ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സർക്കാർ എല്ലാ റേഷൻകാർഡ് ഉടമകൾക്കും നൽകാൻ തയാറെടുക്കുന്ന ഓണക്കിറ്റിലും സപ്ലൈകോയിൽ വൻ അഴിമതിക്കു വഴിയൊരുങ്ങുന്നതായി സൂചന. 11 ഇനങ്ങളുടെ കിറ്റ് തയാറാക്കാനായി സപ്ലൈകോ ഇ–ടെൻഡർ വിളിച്ചത് തിരഞ്ഞെടുത്ത ഉൽപന്നങ്ങൾക്കു മാത്രം. കറിപൗഡറുകൾ, സൺഫ്ലവർ ഓയിൽ/ വെളിച്ചെണ്ണ തുടങ്ങിയവയ്ക്കായി സപ്ലൈകോ ഇതുവരെ ഇ–ടെൻഡർ വിളിച്ചിട്ടില്ല. പട്ടികയിലെ വില കൂടിയ ഇനങ്ങൾക്കായി ടെൻഡർ വിളിക്കാത്തതിനു പിന്നിൽ വലിയ അഴിമതിയുണ്ടെന്നാണ് ആരോപണം. ഓഗസ്റ്റ് 27 ന് എല്ലാ റേഷൻകാർഡ് ഉടമകൾക്കും കിറ്റ് വിതരണം പൂർത്തിയാക്കണമെന്നാണു സർക്കാർ നിർദേശം.

 കോടികൾ മറിയാം

11 ഇന കിറ്റിൽ 8 ഇനങ്ങൾ പുറത്തുനിന്നുള്ള വിവിധ കമ്പനികളിൽ നിന്നുവാങ്ങാനാണ് സപ്ലൈകോ തീരുമാനം. 500 ഗ്രാം ശർക്കര, 100 ഗ്രാം വീതം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർപ്പൊടി, 500 ഗ്രാം വെളിച്ചെണ്ണ അല്ലെങ്കിൽ ഒരു കിലോഗ്രാം സൺഫ്ലവർ ഓയിൽ എന്നിവയുടെ കുറഞ്ഞ നിരക്കും അളവും കഴിഞ്ഞ 23 നു മുൻപായി വ്യക്തമാക്കണമെന്നു കാണിച്ച് എഫ്എംസിജി വിഭാഗം മാനേജർ കമ്പനികൾക്കു കത്തയച്ചിരുന്നു. മുളകുപൊടി, മഞ്ഞൾപ്പൊടി, സാമ്പാർപ്പൊടി, മഞ്ഞൾപ്പൊടി, സൺഫ്ലവർ ഓയിൽ, വെളിച്ചെണ്ണ എന്നിവ ടെൻഡറില്ലാതെ ലോക്കലി ലിസ്റ്റഡ് കമ്പനികളിൽ നിന്നു വാങ്ങാനാണ് ഡിപ്പോ മാനേജർമാർക്ക് നൽകിയിരിക്കുന്ന നിർദേശം.

5 ലക്ഷം രൂപയ്ക്കു മുകളിൽ വരുന്ന എല്ലാ പർച്ചേസുകൾക്കും ഇ–ടെൻഡർ നിർബന്ധമാണെന്ന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഉത്തരവ് കാറ്റിൽ പറത്തിയാണ് സപ്ലൈകോയുടെ നടപടി. ടെൻഡർ വിളിക്കുമ്പോൾ സംസ്ഥാനത്തെ സംരംഭകർക്കു മുൻഗണനയും ലഭിക്കും. എന്നാൽ ടെൻഡറില്ലാതെ വലിയ കമ്പനികളുടെ വിതരണക്കാരിൽ നിന്നു ഭക്ഷ്യോൽപന്നങ്ങൾ വാങ്ങാനാണു സപ്ലൈകോയുടെ നീക്കം.

 പപ്പടത്തിനുണ്ട്, സൺഫ്ലവർ ഓയിലിനില്ല

സംസ്ഥാനത്താകെ 87 ലക്ഷം റേഷൻ കാർഡ് ഉടമകളാണുള്ളത്. ഇവർക്കു നൽകാൻ 525 ടൺ മെട്രിക് ടൺ ആവശ്യമായി വരുന്ന പപ്പടത്തിനായി സപ്ലൈകോ ഇ–ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. 1200 മെട്രിക് ടൺ ആവശ്യമുള്ള വെർമിസെല്ലിക്കും പാലടയ്ക്കും സർക്കാരിന്റെ ഇ–ടെൻഡർ പ്ലാറ്റ്ഫോമിൽ ടെൻഡറുണ്ട്. 8800 മെട്രിക് ടൺ ശർക്കരയ്ക്കായും ടെൻഡറുണ്ട്. ഇതിനിടെ വെർമിസെല്ലി, പാലട, ശർക്കര എന്നിവയുടെ റേറ്റ് ഡിപ്പോ തലത്തിൽ കമ്പനികളിൽ നിന്നു വാങ്ങാനുള്ള നീക്കവും നടക്കുന്നുണ്ട്. പപ്പടത്തിന് 11 കോടി രൂപയാണ് ഏകദേശ നിരക്ക്. പഞ്ചസാരയ്ക്ക് ഏകദേശം 29 കോടിയും ശർക്കരയ്ക്ക് 55 കോടി രൂപയും ചെറുപയറിന് 61 കോടി രൂപയും വൻപയറാണെങ്കിൽ 43 കോടിയും ചെലവാകും. എന്നാൽ സൺഫ്ലവർ ഓയിലിന് ഏതാണ്ട് 85 കോടി വരും.വിലകൂടിയ ഉൽപന്നങ്ങൾ ടെൻഡറില്ലാതെ വാങ്ങുമ്പോൾ കമ്മിഷൻ ഇനത്തിൽ കോടികളുടെ അഴിമതിയുണ്ടെന്നാണ് ആരോപണം.

തുണിബാഗിനു ടെൻഡർ

കൊച്ചി∙ നിരോധിത ക്യാരിബാഗുകൾക്കായുള്ള ടെൻഡർ റദ്ദാക്കിയതിനു പിന്നാലെ, സപ്ലൈകോ കോട്ടൺ ക്യാരിബാഗുകൾക്കായി പുതിയ ടെൻഡർ വിളിച്ചു. ഓണക്കിറ്റുകൾ തയാറാക്കുന്നതിനായുള്ള 83 ലക്ഷം തുണിബാഗുകൾക്കുവേണ്ടിയാണ് സർക്കാരിന്റെ ഇ–ടെൻഡർ പ്ലാറ്റ്ഫോമിലെ ടെൻഡർ. ഓഗസ്റ്റ് 3 വരെയാണ് ടെൻഡറിന്റെ കാലാവധി. ബയോഡീഗ്രേഡബിൾ ക്യാരിബാഗിനുള്ള ടെൻഡർ, കഴിഞ്ഞ ദിവസം മനോരമ വാർത്തയെത്തുടർന്ന് സപ്ലൈകോയുടെ പർച്ചേസ് വിഭാഗം അഡീഷനൽ ജനറൽ മാനേജർ റദ്ദാക്കിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA