ADVERTISEMENT

കൊച്ചി∙ നൂറു കോടി മുതൽമുടക്കിൽ ഇൻഫോപാർക്കിൽ അത്യാധുനിക ഓൺലൈൻ ദന്തചികിൽസ ഒരുങ്ങുന്നു. മലയാളിയായ റെൻ മേനോൻ സഹ സ്ഥാപകനും സിഇഒയുമായ ഓർത്തോ എഫ്എക്സ് എന്ന അമേരിക്കൻ സ്റ്റാർട്ടപ് കമ്പനിയാണ് നിക്ഷേപം നടത്തുക. ഉന്തിയ പല്ലു നേരേയാക്കാൻ കമ്പികെട്ടുന്ന ചികിൽസാരീതി അമേരിക്കക്കാർക്കു വേണ്ടി ഓൺലൈനിൽ നടപ്പാക്കാനാണുദ്ദേശിക്കുന്നത്. കോവിഡിനു ശേഷം ഇത്തരം ദന്തചികിൽസകൾ നേരിട്ടു നടത്തുന്നതിൽ ലോകമാകെ കുറവു വന്നിരുന്നു. സാൻഫ്രാൻസിസ്കോയിലെ ഓർത്തോഎഫ്എക്സ് ഓൺലൈനിൽ ഇത്തരം ചികിൽസകൾക്കുള്ള പ്ലാറ്റ്ഫോം വികസിപ്പിച്ചതോടെ 1.3 കോടി ഡോളർ (100 കോടി രൂപ) നിക്ഷേപം ലഭിച്ചു. ആപ്ഡൈനമിക്സ് സ്ഥാപകൻ ജ്യോതി ബൻസാലിന്റെ അൺയൂഷ്വൽ വെഞ്ച്വേഴ്സ്, സിഗ്നൽ ഫയർ തുടങ്ങി 4 നിക്ഷേപക കമ്പനികളാണ് 1.3 കോടി ഡോളർ ഓർത്തോ എഫ്എക്സിൽ മുതൽമുടക്കിയത്.

പല്ല് കമ്പി കെട്ടുന്നതിലെ ഇന്നത്തെ രീതി മാറ്റി ദന്തഡോക്ടറെ നേരിട്ടു കാണാതെയാണു ചികിൽസ. ഓൺലൈനായി ഡന്റിസ്റ്റിനെ കാണുകയും പല്ലിന് ചികിൽസ വേണോ എന്നു തീരുമാനിക്കുകയും ചെയ്യുന്നതാണ് ആദ്യ ഘട്ടം. എഫ്എക്സ്ഓൺ ട്രാക്ക് എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് ദന്തനിരയുടെ ചിത്രം അപ്‌ലോഡ് ചെയ്യണം. അതനുസരിച്ച് ദന്തനിരയിൽ ധരിക്കേണ്ട അലൈനർ, ത്രീഡി പ്രിന്റിങ് വഴി ഉണ്ടാക്കി എത്തിച്ചുനൽകും. പിന്നീട് നിശ്ചിത ഇടവേളകളിൽ ദന്തനിരയുടെ ഫോട്ടോകൾ അപ്‌ലോ‍ഡ് ചെയ്യുന്നതനുസരിച്ച് പുരോഗതി ഡോക്ടർക്ക് നിരീക്ഷിക്കാൻ കഴിയും. ഡോക്ടർമാരും അമേരിക്കയിലാണ്. സാങ്കേതിക സംവിധാനങ്ങളും പിന്തുണയും നൽകുന്നത് ഇൻഫോപാർക്കിലെ കേന്ദ്രം. ഇൻഫോപാർക്കിൽ എൻജിനീയർമാർ ഉൾപ്പടെ നൂറോളം പേരെ 2021നകം റിക്രൂട്ട് ചെയ്യുമെന്ന് സിഇഒ ആയ ആലുവ ദേശം പാറപ്പുറം കളരിക്കൽ രഞ്ജിത്ത് മേനോൻ എന്ന റെൻമേനോൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com