ഓണക്കിറ്റ് വെളിച്ചെണ്ണ: ഇ–ടെൻഡർ ഒഴിവാക്കി; പൊതുമേഖല പുറത്ത്

coconut-oil
SHARE

കണ്ണൂർ∙ സപ്ലൈകോ വഴി സർക്കാർ നൽകുന്ന ഓണക്കിറ്റിലെ വെളിച്ചെണ്ണയുടെ കരാർ നിയമപ്രകാരം വേണ്ട ഇ–ടെൻഡർ കൂടാതെ സ്വകാര്യ മില്ലുകൾക്ക്. പൊതുമേഖലയിൽനിന്നു താൽപര്യമറിയിച്ച രണ്ട് ഏജൻസികളെ പിന്തള്ളിയാണു സ്വകാര്യ മില്ലുകൾക്കു പർച്ചേസ് ഓർഡർ നൽകിയത്. 

ഇ–ടെൻഡറിനു പകരം, ഏജൻസികളിൽനിന്നും മില്ലുകളിൽനിന്നും നിരക്കു ചോദിച്ച് കച്ചവടം ഉറപ്പിക്കുന്ന രീതിയാണു വെളിച്ചെണ്ണയുടെ കാര്യത്തിലുണ്ടായത്. മാർക്കറ്റ് ഫെഡും കേരഫെഡും അര ലീറ്ററിനു 90 രൂപ നിരക്കിൽ വെളിച്ചെണ്ണ നൽകാമെന്നാണ് അറിയിച്ചത്. എന്നാൽ നാലു സ്വകാര്യ മില്ലുകൾ ജിഎസ്ടി കൂടാതെ 70.48 രൂപയ്ക്കു നൽകാമെന്ന് അറിയിച്ചു. കുറഞ്ഞ വിലയ്ക്കു നൽകാമെന്നു പറഞ്ഞവരിൽനിന്ന് എണ്ണ വാങ്ങുന്നുവെന്നതാണു സപ്ലൈകോയുടെ ന്യായം. എന്നാൽ, 4 സ്വകാര്യ മില്ലുകളും ഒരേ വില രേഖപ്പെടുത്തിയതും പൊതുമേഖലയിലെ ഏജൻസികളുമായി ഇത്രയും വലിയ വിലവ്യത്യാസം വന്നതും ദുരൂഹതയുണർത്തുന്നു. 

ജിഎസ്ടി ഉൾപ്പെടെ 74 രൂപയ്ക്ക് സ്വകാര്യ മില്ലിൽനിന്നു വാങ്ങുന്ന എണ്ണ ശബരി ബ്രാൻഡിൽ 90 രൂപയ്ക്കുനൽകുമെന്നാണു പർച്ചേസ് ഓർഡറിൽ സപ്ലൈകോ പറഞ്ഞിരിക്കുന്നത്. ഓണക്കിറ്റ് സൗജന്യമായതിനാൽ വാങ്ങുന്നവർ പണം നൽകേണ്ടെങ്കിലും 90 രൂപ തന്നെ സപ്ലൈകോ സർക്കാരിനോട് വാങ്ങുമെന്നർഥം. 

സപ്ലൈകോയുമായി എണ്ണ വിതരണത്തിനു നേരത്തേതന്നെ കരാറുള്ള മില്ലുകളാണിവയെന്നും പർച്ചേസ് ഓർഡറിൽ സൂചിപ്പിച്ചിട്ടുണ്ട്.ആകെ 75 ലക്ഷം പാക്കറ്റ് വെളിച്ചെണ്ണ നൽകാനാണു നിർദേശം. 52.86 കോടി രൂപയുടേതാണ് ഇടപാട്.

സപ്ലൈകോ വിശദീകരിക്കും: മന്ത്രി

ആലപ്പുഴ∙ ഓണക്കിറ്റ് സംബന്ധിച്ച അന്വേഷണം സപ്ലൈകോയുടെ ചുമതലയാണെന്നും ആരോപണങ്ങൾക്ക് മറുപടി നൽകുന്നതിനു സപ്ലൈകോയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പി. തിലോത്തമൻ. സപ്ലൈകോ കോർപറേഷനാണ്. ബോർഡ് ഓഫ് ഡയറക്ടേഴ്സും സിഎംഡിയുമടക്കമുള്ളവരാണ് ഇതുസംബന്ധിച്ചു തീരുമാനിക്കേണ്ടത്. സിവിൽസപ്ലൈസ് ഭരണവകുപ്പുമാത്രമാണെന്നും മന്ത്രി പറഞ്ഞു. 

നിലവിൽ അഴിമതിയൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പോരായ്മകളുണ്ടെങ്കിൽ അതുപരിശോധിച്ചു നടപടിയെടുക്കും. വെളിച്ചെണ്ണയ്ക്കു മാത്രമാണു ടെൻഡർ വിളിച്ചത് എന്നാണ് ആരോപണം. കേരളത്തിൽ ഉപയോഗിക്കുന്നതു വെളിച്ചെണ്ണയായതിനാലാണ് അതിനു മുൻഗണന. നടപടിക്രമം പാലിച്ച് ശബരി വെളിച്ചണ്ണ നൽകാനാണു ടെൻഡർ ക്വോട്ട്ചെയ്തത്. ഏറ്റവും കുറഞ്ഞ വിലയിൽ ആണു ക്വട്ടേഷൻ ആവശ്യപ്പെട്ടത്. കേര വെളിച്ചെണ്ണയ്ക്കും ഇതു സംബന്ധിച്ചു ക്വട്ടേഷനു നിർദേശം നൽകിയിട്ടുണ്ട്. 

സൺഫ്ലവർ എണ്ണ തന്നെ വേണമെന്ന് ആവശ്യപ്പെടുന്നവർക്കുമാത്രം നൽകാനാണ് അതും ഉൾപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA