ADVERTISEMENT

ന്യൂഡൽഹി ∙ ചരക്ക്, സേവന നികുതി(ജിഎസ്ടി) സംവിധാനം നടപ്പാക്കുന്നതിന് സംസ്ഥാനങ്ങൾക്കു നഷ്ടപരിഹാരം നൽകാൻ സെസ് തുക മതിയാവില്ലെങ്കിൽ വിപണിയിൽനിന്നു വായ്പയെടുക്കണമോയെന്ന് ജിഎസ്ടി കൗൺസിലിനു തീരുമാനിക്കാനെന്ന് അറ്റോർണി ജനറലിന്റെ ഉപദേശം. നിലവിലെ സ്ഥിതിയിൽ നഷ്ടപരിഹാരത്തിന് സെസ് തുക മാത്രം പോരെന്നും സംസ്ഥാനങ്ങൾക്കു നൽകാൻ തങ്ങളുടെ കൈയിൽ പണമില്ലെന്നുമാണ് കേന്ദ്ര സർക്കാർ നിലപാട്. ഈ സാഹചര്യത്തിലാണ് പോംവഴികളെക്കുറിച്ച് ജിഎസ്ടി കൗൺസിൽ അറ്റോർണി ജനറലിനോട് ഉപദേശം തേടിയത്.

കൂടുതൽ ഉൽപന്നങ്ങൾക്കു സെസ് ഏർപ്പെടുത്തി നഷ്ടപരിഹാരത്തിനായി വരുമാനം വർധിപ്പിക്കുക, കേന്ദ്രത്തിനു പകരം സംസ്ഥാനങ്ങൾതന്നെ വിപണിയിൽനിന്നു വായ്പയെടുത്ത് വരുമാന നഷ്ടം നികത്തുക തുടങ്ങിയവയും പരിഗണിക്കാവുന്ന മാർഗങ്ങളായി മുന്നിലുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാനങ്ങൾ വായ്പയെടുത്താൽ പിന്നീട് നഷ്ടപരിഹാര നിധിയിലേക്കു ലഭിക്കുന്ന പണമുപയോഗിച്ച് വായ്പ തിരിച്ചടയ്ക്കാമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.

എന്നാൽ, ഭാവിയിലെ വരുമാനത്തിന്റെ തോതിനെക്കുറിച്ച് അവ്യക്തതയുള്ള സ്ഥിതിക്ക് വിപണിയിൽനിന്നു തങ്ങൾ വായ്പയെടുക്കണമെന്ന നിലപാടിനെ സംസ്ഥാനങ്ങൾ അനുകൂലിച്ചേക്കില്ലെന്നും വിലയിരുത്തലുണ്ട്. ജിഎസ്ടി നിയമപ്രകാരം 2017 മുതൽ 5 വർഷത്തേക്കാണ് കേന്ദ്രം നഷ്ടപരിഹാരം നൽകേണ്ടത്. ഇപ്പോൾ പണം നൽകാനാവുന്നില്ലെങ്കിൽ ഈ സമയപരിധി നീട്ടണമെന്നാണ് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്. സമയപരിധി നീട്ടുന്നത് അനുവദിക്കാൻ പാടില്ലെന്നാണ് ധനകാര്യ കമ്മിഷൻ വ്യക്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com