ADVERTISEMENT

കൊച്ചി∙ ഓണക്കിറ്റിനു വേണ്ടി ടെൻഡറില്ലാതെ കറി പൗഡറുകളും എണ്ണയും വാങ്ങുന്നതിൽ അഴിമതിയെന്ന മനോരമയെ വാർത്തയെത്തുടർന്ന് സപ്ലൈകോ വെളിച്ചെണ്ണയ്ക്കും മുളകുപൊടിക്കും ഇ–ടെൻഡർ വിളിച്ചു. ടെൻഡറില്ലാതെ 4 സ്വകാര്യ മില്ലുടമകൾക്ക് നൽകിയ കരാർ റദ്ദാക്കിയിട്ടുമുണ്ട്. 100 ഗ്രാമിന്റെ 86 ലക്ഷം മുളകുപൊടി പായ്ക്കറ്റുകൾ, 500 മില്ലിലീറ്ററിന്റെ 79 ലക്ഷം പായ്ക്കറ്റ് വെളിച്ചെണ്ണ എന്നിവയ്ക്കുള്ള ടെൻഡറാണ് ഇന്നലെ സർക്കാരിന്റെ ഇ–ടെൻഡർ പോർട്ടലിൽ പ്രസിദ്ധപ്പെടുത്തിയത്.

സമയപരിധി ഓഗസ്റ്റ് 4. 10 ദിവസത്തിനുള്ളിൽ ഉൽപന്നം ലഭ്യമാക്കണമെന്നാണു വ്യവസ്ഥ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ശബരി വെളിച്ചെണ്ണയുടെ വിതരണം നടത്തേണ്ടതില്ലെന്ന് 4 സ്വകാര്യ കമ്പനികൾക്കും സപ്ലൈകോ നിർദേശം നൽകി. ഓണക്കിറ്റിനു വേണ്ടി സെൻട്രലി ലിസ്റ്റഡ് കമ്പനികളിൽ നിന്നു കറിപൗഡറുകൾ വാങ്ങുന്ന നടപടിയും താൽക്കാലികമായി നിർത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് എഫ്എംസിജി മാനേജർ മേഖലാ മാനേജർമാരെ അറിയിച്ചു.

ഇ–ടെൻഡറില്ലാത്തവ ഗുണനിലവാരം  നോക്കി വാങ്ങും: സപ്ലൈകോ

കൊച്ചി∙ സർക്കാരിന്റെ ഓണക്കിറ്റിനുവേണ്ടി ഇ–ടെൻഡർ വിളിക്കാത്ത ഉൽപന്നങ്ങൾ ചുരുങ്ങിയ സമയത്തിൽ ഗുണനിലവാരം നോക്കി റജിസ്റ്റേഡ് സപ്ലൈയർമാരിൽ നിന്നു വാങ്ങാൻ തീരുമാനിച്ചതായി സപ്ലൈകോ അറിയിച്ചു. ഓണക്കിറ്റിലുള്ള പല ഇനങ്ങൾക്കും ടെൻഡർ ഇല്ലെന്ന മനോരമ വാർത്തയുടെ പശ്ചാത്തലത്തിൽ ജനറൽ മാനേജർ, വിജിലൻസ് ഓഫിസർ, ഫിനാൻസ് അഡീഷനൽ ജനറൽ മാനേജർ എന്നിവർ അടങ്ങിയ സമിതി വാങ്ങൽ പ്രക്രിയ പരിശോധിച്ചതിനുശേഷമാണു തീരുമാനം.

5 ലക്ഷം രൂപയ്ക്കു മുകളിലുള്ള ഉൽപന്നങ്ങൾക്ക് ഇ–ടെൻഡർ വേണമെന്നുള്ള സ്റ്റോർ പർച്ചേസ് നിബന്ധനകൾ കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ലഘൂകരിച്ചിരുന്നെന്നും സപ്ലൈകോ വ്യക്തമാക്കി. എങ്കിലും പഞ്ചസാര, ചെറുപയർ, വൻപയർ, ശർക്കര, വെർമിസെല്ലി, പാലട, പപ്പടം, തുണിസഞ്ചി നുറുക്കുഗോതമ്പ് തുടങ്ങിയവയ്ക്ക് ഇ–ടെൻഡർ വിളിച്ചിരുന്നു. ഇ–ടെൻഡറിൽ ആവശ്യമായ അളവു ലഭ്യമായില്ലെങ്കിൽ നിലവിലെ റജിസ്റ്റേഡ് കരാറുകാരിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ച് കുറഞ്ഞ അളവിൽ വാങ്ങാനാണു തീരുമാനം.

ടെൻഡറിൽ, നിശ്ചയിച്ച അളവിലും ഗുണത്തിലും സപ്ലൈകോയ്ക്ക് സാധനങ്ങൾ എത്തിച്ചില്ലെങ്കിൽ തൊട്ടുയർന്ന നിരക്കിന്റെ വ്യത്യാസം ബാങ്ക് ഗ്യാരന്റിയായി താഴ്ന്ന നിരക്ക് നൽകിയ ആളിൽ നിന്നും ഈടാക്കും.  ശർക്കര, പാലട, വെർമിസെല്ലി, തുണിസഞ്ചി എന്നിവയ്ക്ക് ടെൻഡർ വിളിച്ചെങ്കിലും നടന്നിട്ടില്ലെന്നും സപ്ലൈകോ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com