തട്ടിപ്പ് റജിസ്ട്രേഷൻ മിക്കതും ജിഎസ്ടിയുടെ ആദ്യകാലത്ത്

Income Tax-Jan.indd
SHARE

കൊച്ചി ∙ ബെനാമി പേരിൽ ജിഎസ്ടി റജിസ്ട്രേഷൻ തട്ടിപ്പും നികുതി വെട്ടിക്കലും കൊഴുത്തതു സംരംഭകർ നൽകുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിൽ ഉണ്ടായ പഴുതുകൾ ചൂഷണം ചെയ്ത്. 2017ൽ വാറ്റ് നിയമത്തിൽ നിന്നു ജിഎസ്ടിയിലേക്കു മാറിയ വേളയിലുണ്ടായ സാങ്കേതികവും ഉദ്യോഗസ്ഥ തലത്തിലുമുള്ള ആശയക്കുഴപ്പങ്ങൾ മൂലം ആധികാരികത പരിശോധന പലപ്പോഴും സാധ്യമായിരുന്നില്ല.ഈ സാഹചര്യം പലരും തട്ടിപ്പിനായി ഉപയോഗിച്ചു. പ്രത്യേകിച്ചും, ജിഎസ്ടിയുടെ തുടക്ക കാലത്ത്. 

പരിശോധനക്കുറവ് മുതലെടുത്തു 

ജിഎസ്ടിയിലേക്കു മാറിയപ്പോൾ റജിസ്ട്രേഷൻ വിവരങ്ങളുടെ ഓൺലൈൻ പരിശോധനാ സംവിധാനങ്ങൾ പൂർണ സജ്ജമായിരുന്നില്ല. ഉദ്യോഗസ്ഥർ നേരിട്ടു സ്ഥലം സന്ദർശിച്ചു പരിശോധന (ഫിസിക്കൽ വെരിഫിക്കേഷൻ) നടത്തുന്നതും വിരളമായിരുന്നു. 3 ദിവസത്തിനകം റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന ജിഎസ്ടി നിയമത്തിലെ വ്യവസ്ഥ മൂലം നിശ്ചിത സമയത്തിനുള്ളിൽ ആധികാരിക പരിശോധന അസാധ്യമായി. പരിശോധന നടന്നാലും ഇല്ലെങ്കിലും ഓട്ടോ അപ്രൂവൽ ലഭിക്കുമെന്നായി.

പരിശോധനയില്ലാത്ത സാഹചര്യം മുതലെടുത്താണു 2017 ലും 18 ലുമൊക്കെ പലരും ബെനാമി പേരുകളിൽ സ്ഥാപനം റജിസ്റ്റർ ചെയ്തത്. ഏതാനും തവണ വൻ തുകയ്ക്കുള്ള ബിസിനസ് നടത്തി പിന്നീടു റിട്ടേൺ ഫയൽ ചെയ്യാതെ രക്ഷപെടുന്ന രീതിയാണു തട്ടിപ്പുകാർ സ്വീകരിച്ചത്. ജിഎസ്ടി നോട്ടിസ് അയച്ച ശേഷമായിരിക്കും തട്ടിപ്പു വെളിപ്പെടുന്നത്. അതേസമയം, തുടക്കത്തിലെ പ്രശ്നങ്ങളിൽ  നിന്നു ജിഎസ്ടി മുക്തമായതോടെ റജിസ്ട്രേഷൻ പരിശോധനകൾ കർശനമാക്കി. ഉദ്യോഗസ്ഥർ നേരിട്ടു സ്ഥലം സന്ദർശിക്കുകയും രേഖകളുടെ ആധികാരികത ഓൺലൈനിൽ പരിശോധിക്കുകയും ചെയ്യുന്നുണ്ട്്. പുതിയ റജിസ്ട്രേഷൻ പരിശോധന കർശനമാണെന്നു ജിഎസ്ടി വൃത്തങ്ങൾ പറയുന്നു. 

 പരിശോധന കർശനമാക്കി കേരളം

വ്യാജ, ബെനാമി റജിസ്ട്രേഷൻ തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ പുതിയ ജിഎസ്ടി റജിസ്ട്രേഷൻ തട്ടിപ്പുകൾ തടയുന്നതിനായി സ്ഥലം സന്ദർശിച്ചുള്ള പരിശോധനകൾ കർശനമാക്കാൻ കേരള ജിഎസ്ടി വകുപ്പു തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസം സംസ്ഥാന ടാക്സ് കമ്മിഷണർ ഇതു സംബന്ധിച്ചു സർക്കുലറും പുറപ്പെടുവിച്ചു. നികുതി വെട്ടിപ്പിന് ഏറെ സാധ്യതയുള്ള ലോട്ടറി, ഇരുമ്പ്, ഉരുക്ക്, ഫ്ലോറിങ് ഉൽപന്നങ്ങൾ, മലഞ്ചരക്ക്, പ്ലൈവുഡ്, അടയ്ക്ക, ഏലം തുടങ്ങിയ ഉൽപന്നങ്ങളുടെ വ്യാപാരത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും നിർദേശമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA