sections
MORE

ജിഎസ്ടി തട്ടിപ്പ്: കരുവാക്കുന്നത് വരുമാനം ഇല്ലാത്തവരെ

gst..
SHARE

കൊച്ചി∙ സർക്കാരിനു കോടികളുടെ നഷ്ടമുണ്ടാക്കുന്ന ‘ബെനാമി ബിൽ ട്രേഡിങ്’ എന്ന പുതിയ ജിഎസ്ടി തട്ടിപ്പിൽ ബെനാമി ഡീലർമാരാക്കാൻ നോട്ടമിടുന്നത് റേഷൻ കാർഡിൽ 1000 രൂപ പോലും മാസവരുമാനം ഇല്ലാത്തവരെ. കുടിശിക അടയ്ക്കാൻ പണമോ, റിക്കവറി ചെയ്യാൻ വസ്തുവോ ഇല്ലാത്ത നിർധനരിൽ അന്വേഷണം വഴിമുട്ടുന്നു. തങ്ങളുടെ പേരിൽ നടന്ന കോടികളുടെ ബിസിനസിനെക്കുറിച്ച് ഒരറിവുമില്ലാത്ത ബെനാമി ഡീലർക്കെതിരെ ക്രിമിനൽ കേസുമായി മുന്നോട്ടുപോയാൽ പരമാവധി സാധിക്കുക പ്രതിയുടെ അറസ്റ്റും സിവിൽ കേസിലെ തടവും. നഷ്ട വരുമാനം എങ്ങനെ തിരിച്ചുപിടിക്കുമെന്ന ചോദ്യം നികുതി വകുപ്പിനു മുന്നിൽ അവശേഷിക്കുകയാണ്. . 

താൻ അറിയാതെ തന്റെ പേരിൽ ജിഎസ്ടി റജിസ്ട്രേഷൻ എടുത്തതിന് എതിരെ, സാമ്പത്തിക സ്ഥിതിയില്ലാത്ത സ്ത്രീ വടക്കാഞ്ചേരി എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നിലമ്പൂർ സ്ക്വാഡ് പിടികൂടിയ 10 കോടിയുടെ നികുതി വെട്ടിപ്പു കേസിൽപെട്ട ബെനാമി ഡീലറുടെ റേഷൻ കാർഡിലെ മാസവരുമാനം വെറും 500 രൂപയാണ്. പെരുമ്പാവൂരിൽ നിന്നുള്ള ചരക്കു കടത്തിൽ പിടിയിലായ ‘കോടികളുടെ ബിസിനസുകാരൻ’ താമസിക്കുന്നത് ഒറ്റമുറി വീട്ടിൽ. നികുതി വെട്ടിച്ചു നാഗ്‌പൂരിലേക്കു കടത്താൻ ശ്രമിച്ച അടയ്ക്കയും ലോറിയും വിട്ടുകിട്ടാൻ ഹർജി നൽകിയ കുന്നംകുളം പെരുമ്പിലാവ് സ്വദേശി പ്രശാന്ത്, ഹർജിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നു പറഞ്ഞതോടെ ഈ വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിലുമെത്തി. 

പെരുമ്പാവൂരിലെ ഫാക്ടറികൾ കേന്ദ്രീകരിച്ചുള്ള പ്ലൈവുഡ്, വെനീർ കടത്താണു സമീപകാലത്തു പുറത്തുവന്നത്. എന്നാൽ പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച് അടയ്ക്ക കടത്താണു വ്യാപകം. കാർഷിക ഉൽപന്നമെന്ന നിലയിൽ ജിഎസ്ടി ഇളവോടെ കടത്തുന്ന അടയ്ക്കയ്ക്കു വിൽപന മാർജിൻ കൂടുതലാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാൻമസാലയും രുചിവർധക വസ്തുക്കളും ഉണ്ടാക്കാൻ അടയ്ക്കയ്ക്കു വൻഡിമാൻഡാണ്.

റജിസ്ട്രേഷൻ, ഇൻവോയ്സ്, ബിൽ.... സകലതും വ്യാജം

വ്യാജ ജിഎസ്ടി റജിസ്ട്രേഷനിൽ ബെനാമി ഡീലറെ ഉണ്ടാക്കിയും, വ്യാജ ഇൻവോയ്സും ബില്ലും ഉപയോഗിച്ചുമാണു വൻ നികുതി തട്ടിപ്പ്. പാൻകാർഡ് ഉണ്ടെങ്കിൽ ജിഎസ്ടി റജിസ്ട്രേഷൻ എളുപ്പമാണെന്നതാണു തട്ടിപ്പുകാർ മുതലാക്കുന്നത്.  സെക്യൂരിറ്റി, ബാങ്ക് ഗാരന്റി, സോൾവൻസി സർട്ടിഫിക്കറ്റ് ഒന്നും വേണ്ട. ഒരുമാസത്തെ ബിസിനസിന്റെയും നികുതിയുടെയും റിട്ടേൺ നൽകാൻ അടുത്ത മാസം 20 വരെ സമയമുണ്ട്. ഈ സമയം കൊണ്ട് കോടികളുടെ ബിസിനസ് നടത്തി റജിസ്ട്രേഷൻ റദ്ദാക്കി സ്ഥലം വിടാം.

തട്ടിപ്പിന്റെ വഴി 

∙ഏജന്റുമാർ വഴി സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി, രേഖകൾ ഉപയോഗിച്ച് ജിഎസ്ടി റജിസ്ട്രേഷൻ എടുക്കുന്നു. 

∙പ്രതിഫലം പറ്റി, തിരിച്ചറിയൽ രേഖകളും ഒപ്പിട്ട കടലാസുകളും കൈമാറുന്നതോടെ ‘ബെനാമി’ ഡീലറുടെ റോൾ തീർന്നു. പിന്നീടുള്ള ബിസിനസ് ഇടപാടുകളോ തട്ടിപ്പോ അവർ അറിയുന്നില്ല. 

∙ റജിസ്ട്രേഷൻ അപേക്ഷയ്ക്കൊപ്പം നൽകുന്ന ഫോൺ നമ്പർ പോലും ഏജന്റ്/ബിസിനസുകാർ ദുരുപയോഗിക്കുന്നു. 

∙പിറ്റേമാസം 20നു നികുതി അടയ്ക്കേണ്ട ബാധ്യത വരും മുൻപേ കോടികളുടെ ബിസിനസ് നടത്തി തട്ടിപ്പുകാർ സ്ഥലംവിടും. അന്വേഷണങ്ങൾ ചെന്നെത്തുക ബെനാമി ഡീലറിൽ.

∙ തട്ടിപ്പുകാർ റജിസ്ട്രേഷൻ റദ്ദാക്കിയാൽ ഇടപാടുകൾ കണ്ടെത്തുക തന്നെ ദുഷ്കരം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA