ADVERTISEMENT

ന്യൂഡൽഹി ∙ ചൈനയെ ലക്ഷ്യംവച്ച് കളിപ്പാട്ടങ്ങൾ, ഫർണിച്ചർ, സ്പോർട്സ് സാമഗ്രികൾ തുടങ്ങിയവയുടെ ഇറക്കുമതിക്കും ലൈസൻസ് വ്യവസ്ഥ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു. എന്നാൽ, ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) ഇതു തർക്കത്തിനു വഴിവയ്ക്കുമെന്നു വിദഗ്ധർ സൂചിപ്പിക്കുന്നു. 

കളർ ടിവി, ടയർ തുടങ്ങിവയ്ക്ക് ലൈസൻസ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ആത്മനിർഭർ ഭാരത് ലക്ഷ്യത്തിന്റെ ഭാഗമെന്നു വിശേഷിപ്പിക്കപ്പെട്ടെങ്കിലും പ്രധാനമായും ഉന്നംവച്ചത് ചൈനയെന്നാണു വിലയിരുത്തപ്പെട്ടത്. ഉൽപാദനത്തിൽ ഇന്ത്യയ്ക്ക് അനുകൂല സാഹചര്യമുള്ള മേഖലകളിലാണ് ലൈസൻസ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതെന്നും അത് നിക്ഷേപം ആകർഷിക്കാൻ സഹായിക്കുമെന്നുമാണ് വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ലൈസൻസ് എന്നത് ഫലത്തിൽ, തോതുപരമായ നിയന്ത്രണമാണ്. ഒരു രാജ്യത്തെ ഉന്നംവച്ച് അത് ഏർപ്പെടുത്തുമ്പോൾ ഡബ്ല്യുടിഒയിൽ തർക്കമുന്നയിക്കപ്പെടാം. ഡബ്ല്യുടിഒയുടെ തർക്കപരിഹാര സംവിധാനം ഇപ്പോൾ മരവിച്ച അവസ്ഥയിലാണ്. തർക്കങ്ങൾ തീർപ്പാക്കാൻ ശരാശരി 2 വർഷംവരെ വേണ്ടിവരും. ഈ അവസ്ഥയെ മുതലെടുക്കാമെന്നതിനപ്പുറം ദൂരക്കാഴ്ചയുള്ളതല്ല ഇന്ത്യയുടെ നടപടിയെന്നു വിമർശനമുണ്ട്. 

ഉൽപന്നങ്ങൾക്ക് ഗുണനിലവാര വ്യവസ്ഥ നിർദ്ദേശിക്കുക, ഇറക്കുമതിച്ചുങ്കം ഉയർത്തുക എന്നീ വഴികളും സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ, ഈ മാർഗങ്ങളും എത്രമാത്രം പ്രായോഗികമെന്ന ചോദ്യമുണ്ട്. ഉൽപന്നങ്ങൾക്ക് നിശ്ചിത ഗുണനിലവാരമെന്ന ചുങ്ക ഇതര വ്യവസ്ഥ (നോൺ താരിഫ് ബാരിയർ) ഏർപ്പെടുത്തിയാൽ അതിനു കൃത്യമായ കാരണം വ്യക്തമാക്കേണ്ടതുണ്ട്. ഒപ്പം, ഇന്ത്യയിലെ ഉൽപന്നത്തിനും അതേ നിലവാര വ്യവസ്ഥകൾ ബാധകമാകും. വ്യത്യസ്ത വ്യവസ്ഥകളെങ്കിൽ അത് ഇറക്കുമതി രാജ്യങ്ങൾക്ക് ചോദ്യം ചെയ്യാം. 

ഡബ്ല്യുടിഒയിലെ ധാരണപ്രകാരം, വിവിധ ഉൽപന്നങ്ങൾക്ക് പരമാവധി 25% മുതൽ 40% വരെ ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താൻ ഇന്ത്യയ്ക്കു സാധിക്കും. നിലവിൽ ശരാശരി 13% ആണിത്. എന്നാൽ, ഏതെങ്കിലും രാജ്യത്തുനിന്നുള്ള ഇറക്കുമതിക്കു മാത്രമായി ചുങ്ക വർധന സാധ്യമല്ല. ഇറക്കുമതി നിയന്ത്രണമുണ്ടാകുമ്പോൾ പകരം വയ്ക്കാൻ ഇന്ത്യയിൽ ഉൽപന്നമില്ലെങ്കിൽ വില വർധനയാവും ഫലം. ഇതിനൊക്കെ പുറമെ, തിരിച്ചടിയെന്നോണം, തങ്ങളുടെ രാജ്യത്തുനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കാൻ ചൈന മടിക്കില്ലെന്ന വിലയിരുത്തലുമുണ്ട്. 

കളിപ്പാട്ടങ്ങൾക്കും ഫർണിച്ചറിനും പുറമെ, എസി, ചെരുപ്പ്, അലുമിനിയം, സ്റ്റീൽ, ടെക്സ്റ്റൈൽസ്, സിസിടിവി, സെറ്റ്ടോപ് ബോക്സ് തുടങ്ങിവയുടെ ഇറക്കുമതിക്കും ലൈസൻസ് ഏർപ്പെടുത്താനാണ് ഇന്ത്യ ആലോചിക്കുന്നത്. വ്യവസായ മേഖലയുമായി ആലോചിച്ചാണ് നടപടികളെന്നും ഉപയോക്താക്കൾക്ക് ആഘാതമുണ്ടാകാത്ത രീതിയിൽ ഉൽപാദനം സാധ്യമാക്കാനാകുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

English Summary: India planning for import license

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com